രാഷ്ട്രീയജീവിതത്തിൽ ഏറ്റവും അപമാനം നേരിട്ട രാത്രി:ഷാനിമോൾ ഉസ്മാൻ
Mail This Article
ഉറക്കത്തിനിടെ കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഫോണിൽ നോക്കിയപ്പോൾ സമയം രാത്രി 12 കഴിഞ്ഞിരുന്നു. ആരോ ശക്തമായി വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്നതും ബെൽ അടിക്കുന്നതും കേട്ടതോടെ എഴുന്നേറ്റു. കതകിലെ ലെൻസിലൂടെ നോക്കിയപ്പോൾ റൂമിനു പുറത്തു പൊലീസുകാർ നിൽക്കുന്നതു കണ്ടു.
ഞാൻ ഷാനിമോൾ ഉസ്മാൻ ആണ്, മുൻ എംഎൽഎയാണ്, എന്താണു കാര്യമെന്നു ചോദിച്ചു. നിങ്ങൾ റൂം തുറക്കണം എന്ന മറുപടി കിട്ടി. ഈ സമയത്തു റൂം തുറക്കാൻ സാധ്യമല്ലെന്നും എന്താണു കാര്യമെന്നു പറയാനും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണ്, റൂം തുറക്കണമെന്നു വീണ്ടും ആവശ്യപ്പെട്ടു. ഞാൻ ഉറങ്ങാൻ കിടന്ന വേഷത്തിലാണെന്നും ഈ സമയത്തു റൂം തുറക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ സംസാരിക്കേണ്ട കാര്യം എന്താണ്, സംസാരിക്കണമെങ്കിൽ നേരെ റിസപ്ഷനിൽ ചെന്നു റൂമിലെ ഫോണിലേക്കു വിളിക്കൂ എന്നു മറുപടി പറഞ്ഞു. റിസപ്ഷനിലേക്കു വിളിച്ച്, അനുവാദം ചോദിക്കാതെ എന്തിനാണ് ആളുകളെ മുറിയിലേക്ക് അയച്ചത് എന്നു ചോദിക്കുകയും ചെയ്തു.
കുറച്ചു സമയത്തേക്കു പുറത്തു ശബ്ദമൊന്നും കേട്ടില്ല. ഞാൻ കട്ടിലിൽത്തന്നെ ഇരുന്നു. വീണ്ടും പുറത്തു വലിയ ബഹളം കേട്ടു. മുറി തുറക്കണമെന്നു പൊലീസ് വീണ്ടും ആവശ്യപ്പെട്ടു. നിങ്ങൾക്കൊപ്പം വനിതാ പൊലീസ് ഉണ്ടോയെന്നും എന്താണു കാര്യമെന്നും ഞാൻ വീണ്ടും തിരക്കി. ബിന്ദു കൃഷ്ണയുടെയൊക്കെ ശബ്ദം പുറത്തു കേട്ടു. ഞാൻ വസ്ത്രം മാറി മുറി പകുതി തുറന്നു. അപ്പോഴേക്കു വനിതാ പൊലീസ് എത്തി. മുറി റെയ്ഡ് ചെയ്യണമെന്നു പൊലീസ് പറഞ്ഞു.
എന്താണു കാര്യമെന്നും മുറി പരിശോധിക്കാൻ ഓർഡർ ഉണ്ടോയെന്നും ചോദിച്ചു. പുരുഷന്മാരായ 4 പൊലീസുകാരെയും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും കണ്ടു. ബാക്കിയുള്ളവർ യൂണിഫോം ധരിക്കാത്തവരാണ്. ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടു പരിശോധിച്ചോളാൻ പറഞ്ഞു. എന്നാൽ, ആരുടെ കയ്യിലും ഐഡന്റിറ്റി കാർഡ് ഇല്ലായിരുന്നു.
ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ ആണെന്നും തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരമാണു വന്നതെന്നും ഒരാൾ പറഞ്ഞു. മുറിക്കു പുറത്തു മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. മെത്തയും കസേരയും എല്ലാം മറിച്ചിട്ടു. പെട്ടികൾ തുറന്ന് എല്ലാം വാരിവലിച്ചിട്ടു. എന്റെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും മുൻപിൽ വലിച്ചുവാരിയിട്ടു.
വനിതാ പൊലീസ് എന്റെ ശരീരപരിശോധനയും നടത്തി. ഇതിനിടെ, ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ എന്നിവർ ഹോട്ടലിലേക്കു വന്നിരുന്നോ? അവരെ കണ്ടോ തുടങ്ങിയ ചോദ്യങ്ങളുമുണ്ടായി. ശുചിമുറിയും പരിശോധിച്ചു. മുറി അലങ്കോലമാക്കിയിട്ടും അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ, മുറിക്കു പുറത്തു പോകാൻ കഴിയില്ലെന്നും ഇവിടെ നിങ്ങൾ എന്തിനു വന്നു, എന്തെല്ലാം കണ്ടു, എന്തെങ്കിലും കിട്ടിയോ എന്ന് എഴുതി നൽകണമെന്നും ഞാൻ ആവശ്യപ്പെട്ടു. ഇതിനിടെ കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ എത്തിയിരുന്നു. ഈ സാധനങ്ങൾ ഒക്കെ നിങ്ങൾ എങ്ങനെയാണു കൊണ്ടുവന്നത് എന്നു പൊലീസ് ചോദിച്ചു. കാളവണ്ടിയിൽ കൊണ്ടുവന്നതാണെന്നു ഞാൻ മറുപടി പറഞ്ഞു. പൊലീസ് എഴുതിത്തരാതെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.
എന്തൊക്കെ കണ്ടു എന്ന് എഴുതിത്തരണമെന്നു ഞാൻ ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരോടു ചോദിച്ചിട്ട് നൽകാമെന്നായിരുന്നു മറുപടി. എഴുതിത്തരാതെ പോകാൻ കഴിയില്ലെന്നും അത് അവകാശമാണെന്നും ഞാൻ വാദിച്ചു. തുടർന്നു ഫോം കൊണ്ടുവന്ന്, റൂം നമ്പർ 1005 പരിശോധിച്ചു ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകി. എന്റെ പേര് അതിൽ പറഞ്ഞില്ല. ഇങ്ങനെ അല്ല എഴുതേണ്ടതെന്നു ഞാൻ പറഞ്ഞു.
ഇതിനിടെ എഎസ്പി ആണെന്നു പരിചയപ്പെടുത്തി അശ്വതി ജിജി എന്ന ഉദ്യോഗസ്ഥയും എത്തി. എന്താണു കാര്യമെന്നു ചോദിച്ചപ്പോൾ, പരിശോധന നടത്താൻ നിർദേശം ഉണ്ടെന്നും വേണമെങ്കിൽ നിങ്ങളെ മുറിയിൽനിന്ന് ഒഴിപ്പാക്കാൻ അവകാശമുണ്ടെന്നും പറഞ്ഞു. വളരെ മോശമായിട്ടാണ് എന്നോടു പെരുമാറിയത്. എന്റെ പേര് ഉൾപ്പെടെ പരാമർശിച്ച് എഴുതണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരുത്തി എഴുതിത്തന്നു.
ബിന്ദു കൃഷ്ണയെ കണ്ടപ്പോഴാണ് ഇതേ രീതിയിൽ അവരുടെ മുറിയിലും പരിശോധന നടന്ന കാര്യം അറിയുന്നത്. രണ്ടര മണിക്കൂറിനു ശേഷമാണ്, ബിന്ദു കൃഷ്ണയുടെ മുറിയിൽനിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകിയത്. ഹോട്ടലിനു പുറത്തു ബിജെപി, സിപിഎം പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. 3 പതിറ്റാണ്ടു നീളുന്ന രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും അപമാനകരമായ ഒരു സംഭവം ഉണ്ടായിട്ടില്ല.
15 ദിവസമായി ഞാൻ ഇവിടെത്തന്നെയുണ്ട്. കാൽനൂറ്റാണ്ടു കേരളത്തെ പിന്നോട്ടു നയിക്കുന്ന സംഭവമാണു നടന്നത്. പൊലീസ് വാതിലിൽ മുട്ടിയപ്പോൾ തുറക്കാഞ്ഞതിനെക്കുറിച്ചു സിപിഎം നേതാവ് എ.എ.റഹീം മോശം പരാമർശമാണു നടത്തിയത്. ആരെങ്കിലും മുട്ടിയാൽ ഉടൻ വാതിൽ തുറക്കുന്ന സംസ്കാരമല്ല എന്റേത്.
∙ആസൂത്രിതമായ ഗൂഢാലോചനയാണു നടന്നത്. 42 മുറികളുണ്ട് ഈ ഹോട്ടലിൽ. എന്തുകൊണ്ട് എല്ലാ മുറികളിലും പരിശോധന നടത്തിയില്ല. വനിതാ നേതാക്കളായ ഞങ്ങളെ ലക്ഷ്യമാക്കിയാണു പരിശോധന നടത്തിയത്. പൊലീസ് എത്തി പരിശോധന നടത്തിയ ഉടൻ മുറിയിലെ ടിവിയിൽ ഈ വിഷയത്തെക്കുറിച്ച് എൽഡിഎഫ് നേതാക്കൾ പ്രതികരിക്കുന്നതാണു കേട്ടത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണു പൊലീസ് ഈ നാടകം കളിച്ചതെന്ന് ഇതിൽ നിന്നു വ്യക്തമാണ്.-ബിന്ദു കൃഷ്ണ, കോൺഗ്രസ് നേതാവ്