പാലക്കാട്ടെ പാതിരാറെയ്ഡ്: നടപടി തീരുമാനിക്കാതെ തിരഞ്ഞെടുപ്പു കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ, കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പൊലീസ് നടത്തിയ പരിശോധനയെക്കുറിച്ചുള്ള പരാതികളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുത്തില്ല. പ്രതിപക്ഷ നേതാവു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും കമ്മിഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി നൽകിയിരുന്നു.
ഇത്തരം സംഭവങ്ങളിൽ പരിശോധനയുടെ ചുമതലയുള്ള ഫ്ലയിങ് സ്ക്വാഡ് സ്ഥലത്ത് എത്തിയാൽ അന്നുതന്നെ വരണാധികാരികൾക്കും തിരഞ്ഞെടുപ്പു ചെലവു നിരീക്ഷകർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും നിശ്ചിത ഫോമിൽ റിപ്പോർട്ട് നൽകണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശമുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചോ എന്ന കാര്യം കലക്ടർ വ്യക്തമാക്കിയിട്ടില്ല. ഹോട്ടലിൽ റെയ്ഡ് തുടങ്ങിയ ശേഷം, പൊലീസ് അറിയിച്ചതനുസരിച്ചു പുലർച്ചെ ഒരു മണിക്കു ശേഷം ഫ്ലയിങ് സ്ക്വാഡിനെ പറഞ്ഞയച്ചതായി കലക്ടർ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ക്രമസമാധാനപ്രശ്നം ഉയർന്ന സാഹചര്യത്തിലാണ് എഡിഎമ്മിനെ അവിടേക്കു പിന്നീടു നിയോഗിച്ചതെന്നും വിശദീകരിച്ചു.
പരാതികളിലെ തുടർനടപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനുമാണ് ഇനി തീരുമാനിക്കേണ്ടത്. ഏതാനും ദിവസങ്ങളായി വയനാട്ടിൽ ഉൾപ്പെടെ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇന്നലെ ഫോൺവിളികളോടു പ്രതികരിച്ചില്ല.
രേഖാമൂലം റിപ്പോർട്ട്
നൽകിയിട്ടില്ല: കലക്ടർ
പാലക്കാട് ∙ പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയോ താൻ രേഖാമൂലം റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ലെന്നു കലക്ടർ ഡോ.എസ്.ചിത്ര വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോർട്ടിനുമായി പൊലീസിനു കൈമാറിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദ റിപ്പോർട്ട് നൽകുമെന്നും കലക്ടർ വ്യക്തമാക്കി.