‘മാന്യത വേണം, വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും’; ലംഘിക്കപ്പെട്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നിർദേശം
Mail This Article
തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പുകാലത്തു പരിശോധന നടത്തുമ്പോൾ മാന്യമായും മര്യാദയോടെയും പെരുമാറണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലംഘിക്കപ്പെട്ടു. വനിതകളുടെ പഴ്സും മറ്റും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പരിശോധിക്കരുതെന്നും കമ്മിഷന്റെ നിർദേശമുണ്ട്.
കമ്മിഷന്റെ നിർദേശപ്രകാരം രൂപീകരിച്ചിട്ടുള്ള ഉദ്യോഗസ്ഥ സംഘം അടങ്ങിയ സ്റ്റാറ്റിക് സർവയലൻസ് ടീം (എസ്എസ്ടി), ഫ്ലയിങ് സ്ക്വാഡ് (എഫ്എസ്) എന്നിവയ്ക്കാണ് ഇത്തരം പരിശോധനയ്ക്ക് പ്രാഥമികാധികാരമുള്ളത്. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് പണം, മദ്യം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഫ്ലയിങ് സ്ക്വാഡുകളാണ് പരിശോധന നടത്തേണ്ടത്. അവർക്ക് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ എസ്എസ്ടിയെ അറിയിച്ച് പരിശോധന നടത്താം. രണ്ടു സംഘങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരും ഉൾപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനൽ ചട്ടപ്രകാരം വസ്തുക്കൾ പിടിച്ചെടുത്തവരിൽനിന്നു മൊഴി രേഖപ്പെടുത്തേണ്ടത്.
ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ചുമതല സംഘത്തിലെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനാണ്. പാലക്കാട്ട് സംഭവത്തിനു ശേഷമാണ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരമുള്ള എഡിഎം സ്ഥലത്തെത്തിയത്. സംഭവങ്ങളുടെ വിഡിയോ ചിത്രീകരിക്കണമെന്നും കമ്മിഷൻ നിർദേശമുണ്ട്. ഇത്തരം പ്രത്യേക സംഘങ്ങളില്ലാതെ പൊലീസ് പരിശോധന നടത്തിയാലും അതെക്കുറിച്ച് തിരഞ്ഞെടുപ്പ് വരണാധികാരി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, എസ്പി, തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകൻ എന്നിവർക്കു റിപ്പോർട്ട് നൽകണം. പാലക്കാട്ടെ സംഭവത്തിൽ ഇത്തരമൊരു റിപ്പോർട്ട് പൊലീസ് നൽകിയോ എന്നു വ്യക്തമല്ല.