എൻസിപി അന്വേഷണറിപ്പോർട്ട് പവാറിന് കൈമാറും
Mail This Article
തിരുവനന്തപുരം∙ തോമസ് കെ.തോമസ് എംഎൽഎക്കെതിരെയുള്ള കൂറുമാറ്റ കോഴ ആരോപണം അന്വേഷിച്ച എൻസിപിയുടെ പാർട്ടി കമ്മിഷൻ റിപ്പോർട്ട്, സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ദേശീയ അധ്യക്ഷൻ ശരദ് പവാറിനു കൈമാറും. സംസ്ഥാന നേതൃയോഗത്തിനു മുന്നിലും വയ്ക്കും. കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങളിൽ നടക്കുന്ന ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് ധാരണ. നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്ന 20നു ശേഷമേ തീരുമാനമെടുക്കൂ.
കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്തു നൽകുമെന്ന പ്രചാരണം പാർട്ടി കേന്ദ്രങ്ങൾ നിഷേധിച്ചു. ദേശീയ–സംസ്ഥാന ചർച്ചകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
എ.കെ.ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കണമെന്ന പാർട്ടി തീരുമാനം അറിയിക്കാനെത്തിയ എൻസിപി നേതൃസംഘത്തെയാണ് തോമസിനെതിരെ ഉയർന്ന ഗുരുതരമായ പരാതി മുഖ്യമന്ത്രി ധരിപ്പിച്ചത്. എൽഡിഎഫ് എംഎൽഎമാരായ ആന്റണി രാജുവിനെയും കോവൂർ കുഞ്ഞുമോനെയും അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാനായി തോമസ് കോഴ വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം.
ഈ പരാതി അന്വേഷിച്ച എൻസിപി കമ്മിഷൻ തോമസിനെ കുറ്റവിമുക്തനാക്കിയെങ്കിലും ആന്റണി രാജുവിന്റെ മൊഴി രേഖപ്പെടുത്താനായില്ല. തോമസും കുഞ്ഞുമോനും പരാതി പൂർണമായും നിഷേധിക്കുകയും ചെയ്തു. ഇതോടെ ആരോപണം ആന്റണി രാജു കെട്ടിച്ചമച്ചതാണെന്ന നിലയിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രി മുഖവിലയ്ക്കെടുക്കുമോ എന്ന സംശയം എൻസിപി കേന്ദ്രങ്ങൾക്കു തന്നെയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയ്ക്ക് തിരിച്ച പി.സി.ചാക്കോ, എട്ടു പേജുള്ള റിപ്പോർട്ട് കയ്യിൽ കരുതിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷമേ ഇക്കാര്യത്തിൽ പവാറുമായി ഗൗരവത്തോടെയുള്ള ചർച്ച നടക്കാനിടയുള്ളൂ. പവാറിന്റെ ഉപദേശപ്രകാരം സംസ്ഥാന നേതൃയോഗം കൂടി വിളിച്ചു റിപ്പോർട്ട് ചർച്ച ചെയ്യാമെന്ന സമീപനത്തിലാണു നേതൃത്വം. മന്ത്രി ശശീന്ദ്രന്റെ നിലപാടിലും ചാക്കോ വിഭാഗത്തിന് ആകാംക്ഷയുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷം ശശീന്ദ്രൻ രാജിവയ്ക്കണമെന്ന തീരുമാനം നേരത്തേ സംസ്ഥാന നേതൃയോഗം കൈക്കൊണ്ടിരുന്നു. പുതിയ സാഹചര്യത്തിൽ കേന്ദ്രനേതൃത്വം നിഷ്കർഷിച്ചാലേ ശശീന്ദ്രൻ അതിനു തയാറാകൂ.