ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്കു ശേഷം വിവാദ പരമ്പരകളിൽ പെട്ടുഴലുകയാണ് സിപിഎം. അതിലെ കേന്ദ്രകഥാപാത്രങ്ങളിലൊരാളായ ഇ.പി.ജയരാജനാണ് നിർണായകമായ ഉപതിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെ ഒരിക്കൽ കൂടി വെട്ടിലാക്കിയത്. ഇ.പിയെക്കൊണ്ട് മടുത്തെന്നും ഇനി പൊറുക്കാനാവില്ലെന്നുമുള്ള സൂചനകളാണ് പാ‍ർട്ടി കേന്ദ്രങ്ങളിൽ ഉയരുന്നത്. 

എൽഡിഎഫ് കൺവീനർ പദവിയിൽ നിന്നു നീക്കിയതു മുതൽ, എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ സംസ്ഥാന നേതൃത്വത്തോട് തികഞ്ഞ അകൽച്ചയിലായിരുന്നു ജയരാജൻ. പ്രതിസന്ധികളിൽ പിണറായി വിജയനും തന്നെ കൈവിട്ടെന്ന അമർഷം കനത്തു. കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുത്തതോടെ മഞ്ഞുരുകുകയാണോ എന്ന പ്രതീക്ഷ ഉയർന്നിരുന്നു. ഇ.പിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി മുഖ്യമന്ത്രി ഡൽഹിയിൽ വച്ചു സംസാരിച്ചെന്ന വിവരവും പാർട്ടിക്കകത്ത് പരന്നു.

എന്നാൽ, ആ കണക്കുകൂട്ടലെല്ലാം തകിടംമറിക്കുന്നതാണ് ഇ.പി എഴുതിയെന്നു കരുതപ്പെടുന്ന പുസ്തകത്തിന്റെ ഉള്ളടക്കം. പിണറായി കഴിഞ്ഞാൽ താനാണ് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നതെന്ന് ഇ.പി പുസ്തകത്തിൽ അവകാശപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ നടന്ന ഗൂഢാലോചനകൾ പലതും പാർട്ടിക്കുള്ളിൽ നിന്നാണെന്ന ദുഃസൂചനകളാൽ പുസ്തകം സമൃദ്ധം. രാഷ്ട്രീയ വളർച്ചയിൽ അസൂയ പൂണ്ടവരാണ് ഇതിനെല്ലാം പിന്നിലെന്ന ഒളിയമ്പും എയ്തു. ‘തുറന്നെഴുത്ത്’ എന്നു തന്നെയാണ് ആമുഖത്തിൽ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. പാർട്ടി അച്ചടക്കത്തിന്റെ പരിധി വിട്ടുള്ള വിമർശനങ്ങളാണ് നടത്തുന്നത് എന്നതിനാൽ തന്നെ സിപിഎമ്മിന് ഇതു നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല.

സമ്മേളനങ്ങൾ നടക്കുന്നതിനാൽ അച്ചടക്കനടപടിക്ക് പരിമിതിയുണ്ട്. പുസ്തകത്തെ ഇ.പി തള്ളിപ്പറഞ്ഞതും തനിക്കെതിരെയുള്ള നീക്കങ്ങൾ ലഘൂകരിക്കാനാണ്. പുറത്തുവരാൻ ആഗ്രഹിച്ച കാര്യങ്ങൾ പുറത്തുവരുത്തിയ ശേഷം അതിനെ നിരാകരിക്കുന്ന തന്ത്രമാണ് ഇ.പി അവലംബിക്കുന്നതെന്നു വിചാരിക്കുന്നവരുമുണ്ട്.

English Summary:

CPM will no longer tolerate issues created by EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com