ഇ.പി വിവാദങ്ങൾ: എല്ലാറ്റിനും മറുപടി പുസ്തകത്തിൽ; സാന്റിയാഗോ മാർട്ടിൻ വിഷയത്തിൽ വിഎസിനും വിമർശനം
Mail This Article
കണ്ണൂർ ∙ വിവാദങ്ങൾ ഇ.പി.ജയരാജന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതിൽ പല വിവാദങ്ങൾക്കും ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൽ മറുപടിയുണ്ട്. പുസ്തകം തന്റേതല്ലെന്ന് ഇപി പറയുമ്പോഴും അത് അദ്ദേഹത്തിന്റേതു തന്നെയെന്നു സ്ഥിരീകരിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കവും അപൂർവ ചിത്രങ്ങളും. പാർട്ടിയിൽ ചേർന്നതും പ്രവർത്തനവും പടിപടിയായുള്ള ഉയർച്ചയുമെല്ലാം പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. സാന്റിയാഗോ മാർട്ടിൻ, ബന്ധുനിയമനം തുടങ്ങിയ വിവാദങ്ങളിൽ പാർട്ടിയും പാർട്ടിപത്രവും ചാനലും തനിക്കൊപ്പം വേണ്ടത്ര നിലയുറപ്പിച്ചില്ല എന്ന വിമർശനവുമുണ്ട്. വിവാദങ്ങളും പ്രചരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങളും:
വിവാദം: ജയരാജൻ കൂറ്റൻ ബംഗ്ലാവ് കെട്ടി
ഇ.പി: അച്ഛന്റെയും അമ്മയുടെയും സ്ഥലങ്ങൾ ഞങ്ങൾ സഹോദരങ്ങൾ ഭാഗിച്ചു. എനിക്കു കിട്ടിയ 2 പ്ലോട്ട് വിറ്റുകിട്ടിയ പണം കൊണ്ട് 10 സെന്റ് സ്ഥലം വാങ്ങിവീടുവച്ചു. അതാണ് കൂറ്റൻ ബംഗ്ലാവ് കെട്ടി എന്ന വിവാദമായത്. എവിടെനിന്ന് ഇത്രയും പണം കിട്ടി എന്നായിരുന്നു ചർച്ച. അതൊരു ചെറിയ വീട് ആണ്. അതിനു ചെലവിട്ട പണം പാർട്ടിയെ ബോധ്യപ്പെടുത്തി. അന്നത്തെ സംസ്ഥാന സെക്രട്ടറി വി.എസ്.അച്യുതാനന്ദൻ വീടു കാണാൻ നേരിട്ടെത്തി. അതൊരു സാധാരണ വീടാണെന്ന് വിഎസ് പ്രതികരിച്ചതോടെ വിവാദം അവസാനിച്ചു. വർഷങ്ങൾക്കു ശേഷം ആ വീട് വിറ്റ് ഇന്നു കാണുന്ന വീടു നിർമിച്ചു. യന്ത്രക്കല്ല് ഉപയോഗിച്ചു വീട് നിർമിച്ചു, വയൽനികത്തി വീടു നിർമിച്ചു എന്നായി പുതിയ വിവാദം. വീടിനകത്ത് നീന്തൽക്കുളം ഉണ്ടെന്നുവരെ പ്രചരിപ്പിച്ചു.
വിവാദം: ബീഡിവലിച്ചും താടി നീട്ടിയും പരിപ്പുവട തിന്നും പാർട്ടിയെ വളർത്താൻ നിന്നാൽ ആളുണ്ടാകില്ല
ഇ.പി: മാറി വരുന്ന കാലത്തിനനുസരിച്ചു പ്രവർത്തന ശൈലിയിൽ മാറ്റം വരുമെന്നാണു ഞാൻ പറഞ്ഞത്. ഞാനൊക്കെ പൊതുപ്രവർത്തനം നടത്തുന്ന കാലത്തെ സ്ഥിതിയല്ല അതെന്നാണു ചൂണ്ടിക്കാട്ടിയത്.
വിവാദം: ബോക്സിങ് താരം മുഹമ്മദ് അലി സംസ്ഥാനത്തിന്റെ മികച്ച കായികതാരമായിരുന്നു. സ്വർണമെഡൽ നേടി അദ്ദേഹം കേരളത്തിന്റെ പ്രശസ്തി വാനോളമെത്തിച്ചു.
ഇ.പി: ഞാൻ കായികമന്ത്രിയായി ഏതാനും ആഴ്ചകൾക്കുള്ളിലൊരു സംഭവം. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. ആ വിവരം ഞാൻ അറിഞ്ഞിരുന്നില്ല. കാറിൽ പോകുമ്പോൾ മനോരമ ചാനൽ പ്രതിനിധി വിളിച്ചു മുഹമ്മദ് അലി മരിച്ച കാര്യം അറിഞ്ഞോ എന്നു ചോദിച്ചു. അനുശോചനം പറയാമോ എന്നു ചോദിച്ചു. അൽപം കഴിഞ്ഞു പറയാമെന്നു പറഞ്ഞപ്പോൾ കായികമന്ത്രിയല്ലേ, ഇപ്പോൾ പറഞ്ഞാൽ നന്നെന്നു പറഞ്ഞു. എന്റെ നാട്ടുകാരനായ വോളിബോൾ താരം മുഹമ്മദലിയാണ് എന്റെ മനസ്സിലേക്കുവന്നത്. അദ്ദേഹമാണ് മരിച്ചതെന്ന നിലയിൽ ഞാൻ പ്രതികരണം കൊടുത്തു.
വിവാദം: ലോട്ടറി നടത്തിപ്പുകാരൻ സാന്റിയാഗോ മാർട്ടിനോട് 2 കോടി രൂപയുടെ ബോണ്ട് നേരിട്ടു വാങ്ങി
ഇ.പി: ദേശാഭിമാനിക്കും മറ്റു പത്രങ്ങൾക്കും സാന്റിയാഗോ മാർട്ടിൻ വൻതോതിൽ പരസ്യം നൽകിയിരുന്നു. പരസ്യം നൽകുന്നതിനു മുൻകൂർ തുകയായി മാർട്ടിന്റെ കമ്പനി 2 കോടി രൂപ നൽകി. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ച് അനുമതി വാങ്ങി ദേശാഭിമാനി അക്കൗണ്ടിലേക്കു മുൻകൂറായി കൈപ്പറ്റി. പക്ഷേ, ലോട്ടറി രാജാവിൽനിന്നു ഞാൻ വ്യക്തിപരമായി പണം വാങ്ങി എന്ന നിലയിൽ പ്രചാരണം വന്നു. വ്യവസ്ഥയ്ക്കു വിധേയമായി പരസ്യദാതാവിൽനിന്നു മുൻകൂർ പണം വാങ്ങിയത് ബോണ്ട് വിവാദമായി. ലോട്ടറി രാജാവുമായുള്ള അവിശുദ്ധ ബന്ധമാക്കി. പാർട്ടിയിലെ വിഭാഗീയത ഇത്തരം കാൽപനിക സൃഷ്ടികൾക്ക് ആക്കം കൂട്ടി. വിഎസ് ഇത് ആയുധമാക്കി. കേന്ദ്രനേതൃത്വം ഇതു ചർച്ചയാക്കി. 2007 ഓഗസ്റ്റിൽ ഞാൻ ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനത്തുനിന്നു മാറി.
വിവാദം: ഭാര്യാസഹോദരി പി.കെ.ശ്രീമതിയുടെ മകൻ സുധീറിന്റെ ബന്ധുനിയമനം
ഇ.പി: എന്നെ മന്ത്രിക്കസേരയിൽ ഇരിക്കാൻ അനുവദിക്കില്ല എന്ന തീരുമാനം എവിടെ നിന്നോ എടുത്തതുപോലെയായിരുന്നു ചിലരുടെ നീക്കം. പി.കെ.ശ്രീമതിയുടെ മകൻ സുധീറിനെ കെഎസ്ഐഡിസിയി എംഡിയായി നിയമിക്കാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള നിയമനം ക്രമവൽക്കരിക്കാനാണു ഞാൻ ശ്രമിച്ചത്. അഭിമുഖം നടത്തിയായിരുന്നു നിയമനം. നിയമന ഉത്തരവ് നൽകിയെങ്കിലും സുധീർ ചേരുന്നില്ലെന്നു തീരുമാനിച്ചു. പക്ഷേ, ബന്ധുനിയമനം എന്ന വിവാദം പൊട്ടിപ്പുറപ്പെട്ടു. സത്യാവസ്ഥ പറയാൻ ആരും തയാറായില്ല. ഞാൻ ജനറൽ മാനേജരായിരുന്ന ദേശാഭിമാനി പോലും നിസ്സംഗത പാലിച്ചു. അങ്ങനെ മാറിനിൽക്കാൻ ഞാൻ തീരുമാനിച്ചു. 2018 ജനുവരിയിൽ കേസ് ഇല്ലാതായി. ഓഗസ്റ്റിൽ വീണ്ടും മന്ത്രിയായി.
വിവാദം: വൈദേകം ആയുർവേദ റിസോർട്ട്
ഇ.പി: 2014 ൽ ആണ് കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് റജിസ്റ്റർ ചെയ്യുന്നത്. ഞാനതിൽ ഓഹരി എടുത്തിട്ടില്ല. മകൻ ജയ്സൺ സ്വന്തം നിലയിൽ കുറച്ചുപണം നിക്ഷേപിച്ചിരുന്നു. തലശ്ശേരിയിലെ കരാറുകാർ ഉൾപ്പെടെ പലരും നിക്ഷേപം നടത്തിയിട്ടുണ്ട്. ട്രസ്റ്റിന്റെ ഭാഗമായി വൈദേകം എന്ന പേരിൽ ചികിത്സാ പരിചരണ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചു. ഞാൻ മന്ത്രിയാകുന്നതിന് എത്രയോ മുൻപു തുടങ്ങിയതാണു പ്രവർത്തനം.
മകന്റെ നിക്ഷേപത്തിലുപരി എനിക്കൊരു ബന്ധവുമില്ല. ഭാര്യ ജില്ലാ ബാങ്കിൽനിന്നു വിരമിച്ച ഉടൻ ലഭിച്ച പണം പ്രോജക്ടിൽ നിക്ഷേപിച്ചു. സ്ഥാപനത്തിന്റെ ഓഹരി ഇടപാടുകളെല്ലാം ബാങ്കിലൂടെയാണ് നടന്നത്. ഒരു രൂപ പോലും പണമായി സ്വീകരിച്ചിട്ടില്ല. എന്നിട്ടും കള്ളപ്പണം എന്ന ആരോപണം വന്നു.
വിവാദം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച
ഇ.പി: 2023 ഫെബ്രുവരി രണ്ടിനാണ് ദല്ലാൾ നന്ദകുമാറിനൊപ്പം ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തിരുവനന്തപുരത്തെ മകന്റെ ഫ്ലാറ്റിലേക്കു വരുന്നത്. ബിജെപിയുടെ കേരള പ്രഭാരി ചുമതലയേറ്റെടുത്ത ശേഷം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും കാണുന്നതിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയെന്നാണു പറഞ്ഞത്. 5 മിനിറ്റായിരുന്നു സന്ദർശനം.
എന്നാൽ ഒന്നര വർഷത്തിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇതെടുത്തിട്ടത് ഗൂഢാലോചനയല്ലാതെ മറ്റെന്താണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരിനൊപ്പം ഒരു വനിതാ കേന്ദ്രമന്ത്രി ഇരിക്കുന്ന ഫോട്ടോയിൽ എന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു.
ഉത്തരം തുലാസിൽ
75 വയസ്സ് എന്നതിന്റെ പേരിൽ ഇ.പിയെ ഒഴിവാക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോൾ തുലാസിലാണ്. അടുത്ത വർഷം മേയ് 28നാണ് അദ്ദേഹത്തിന് 75 ആകുന്നത്. സമ്മേളന ഘട്ടത്തിൽ 75 വയസ്സ് ആയില്ലെന്ന ന്യായം പറഞ്ഞ് ഇ.പിയെ സംസ്ഥാന–കേന്ദ്ര കമ്മിറ്റികളിൽ തുടരാൻ അനുവദിക്കാം. അങ്ങനെയൊരു ആനുകൂല്യം ഇനി ലഭിക്കുമോ എന്ന സംശയമുണ്ട്.
രണ്ടാം പിണറായി സർക്കാർ ദുർബലം
പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ– ‘ഒന്നാം പിണറായി മന്ത്രിസഭയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമാണ് ഉണ്ടായിരുന്നത്. ആ അഭിപ്രായം നിലനിർത്താനായില്ല എന്നു മാത്രമല്ല, താരതമ്യേന ദുർബലരാണ് എന്ന തോന്നലും ജനങ്ങൾക്കിടയിൽ വളർന്നു. ഈ പറഞ്ഞതെല്ലാം മാധ്യമങ്ങളുടെയും വലതുപക്ഷത്തിന്റെയും പ്രചാരണമാണെങ്കിലും നാം എത്രത്തോളം തിരുത്തൽ വരുത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി മുന്നോട്ടുള്ള പ്രയാണം. തിരുത്തൽ വേണമെന്നു പറഞ്ഞാൽ പോരാ, തിരുത്തൽ വേണം. അത് അടിമുതൽ മുടിവരെ ആവുകയും വേണം’.
ജില്ലാ സെക്രട്ടറിമാർ മത്സരിച്ചതെന്തിന് ?
‘പാർട്ടി മാനദണ്ഡം പാലിച്ചാണോ 3 സെക്രട്ടറിമാർ (ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ) മത്സരിച്ചത് ? പാർട്ടിയെയും മുന്നണിയെയും ചലിപ്പിക്കാൻ നേതൃത്വം കൊടുക്കേണ്ടവരാണിവർ. അവർ ആ ഉത്തരവാദിത്തത്തിൽനിന്നു മാറി മത്സരിച്ചതു ഗുണമാണോ ദോഷമാണോ?. സിറ്റിങ് എംഎൽഎമാർ അല്ലാതെ യോഗ്യരായ മറ്റു സ്ഥാനാർഥികൾ മത്സരിക്കാനും വിജയിക്കാനും പ്രാപ്തരായിട്ട് ഇല്ലേയെന്നതൊരു ചോദ്യമാണ്.’