പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി
Mail This Article
കൊച്ചി∙ മലപ്പുറം മുൻ എസ്പി സുജിത്ദാസ് ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി ആരോപിച്ചു പൊന്നാനി സ്വദേശിനി നൽകിയ പരാതി വീണ്ടും പരിശോധിച്ച് മജിസ്ട്രേട്ട് കോടതി തീരുമാനമെടുക്കണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കേസെടുക്കാൻ പൊലീസിനോടു നിർദേശിച്ച പൊന്നാനി മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവും ഇത്തരത്തിൽ ഉത്തരവിടാൻ മജിസ്ട്രേട്ട് കോടതിയെ നിർബന്ധിതമാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവും റദ്ദാക്കിക്കൊണ്ടാണു ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്ന് ആരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിൽ, 10 ദിവസത്തിനകം ഉത്തരവിറക്കാൻ ഒക്ടോബർ 18നു സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ആരോപണവിധേയനായ പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീലാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെ തുടർന്ന്, ഒക്ടോബർ 24നു മജിസ്ട്രേട്ട് കോടതി പൊലീസിനോടു കേസെടുക്കാൻ നിർദേശിച്ചിരുന്നു.
മജിസ്ട്രേട്ട് കോടതിയുടേതു സ്വതന്ത്രമായ തീരുമാനമല്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മജിസ്ട്രേട്ട് ഈ സംഭവത്തിൽ പൊലീസ് മേലധികാരികളുടെ റിപ്പോർട്ട് തേടിയതു ശരിയല്ലെന്നും ലൈംഗിക അതിക്രമ പരാതികളിൽ ഇങ്ങനെ റിപ്പോർട്ട് തേടേണ്ട ആവശ്യമില്ലെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തിയിരുന്നു.
അപാകത കണ്ടെത്തിയിട്ടും നടപടികൾ റദ്ദാക്കാൻ കൂട്ടാക്കാതെ, സിംഗിൾ ബെഞ്ച് മജിസ്ട്രേട്ടിനോട് ഉത്തരവിറക്കാൻ നിർദേശിച്ചതു ശരിയല്ലെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് മജിസ്ട്രേട്ട് കോടതി എടുക്കുന്ന തീരുമാനത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യാൻ തടസ്സമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സ്വത്തുതർക്കത്തിൽ പരാതി നൽകാനെത്തിയ തന്നെ പൊന്നാനി സിഐ ആയിരുന്ന വിനോദ് പീഡിപ്പിച്ചെന്നാണു വീട്ടമ്മയുടെ പരാതി. ഇതെക്കുറിച്ചു പരാതിപ്പെടാൻ എത്തിയപ്പോൾ തിരൂർ ഡിവൈഎസ്പി ആയിരുന്ന വി. വി. ബെന്നിയും, ഇതിന്റെ പരാതി പറയാൻ എത്തിയപ്പോൾ എസ്പിയായിരുന്ന സുജിത് ദാസും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.