തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: കമ്മിറ്റി റിപ്പോർട്ടുകൾ ഏറെയും പക്ഷപാതപരം: ഹൈക്കോടതി
Mail This Article
കൊച്ചി∙ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഐസിസി) ‘ക്ലീൻ ചിറ്റ്’ അന്തിമം അല്ലെന്നും പൊലീസ് കേസിനെ അതു ബാധിക്കില്ലെന്നും ഹൈക്കോടതി. റിപ്പോർട്ടുകളിൽ ഏറെയും സ്ഥാപനങ്ങൾക്ക് അനുകൂലവും പക്ഷപാതപരവുമാണെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നു ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ലൈംഗികാതിക്രമ പരാതിയിൽ, ഐസിസി റിപ്പോർട്ടിനു വിരുദ്ധമായ പൊലീസ് റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊല്ലത്തെ ഒരു കോളജ് മേധാവി നൽകിയ ഹർജി തള്ളിക്കൊണ്ടാണു കോടതിയുടെ നിരീക്ഷണം. പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന ഹർജിക്കാരൻ ലൈംഗിക ചുവയോടെയും ദ്വയാർഥത്തോടെയും സംസാരിക്കുക പതിവായിരുന്നുവെന്നും വഴങ്ങിയില്ലെങ്കിൽ മെമ്മോയും സസ്പെൻഷനും ഉൾപ്പെടെ നടപടിയുണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയെന്നും മീറ്റിങ്ങുകളിൽ അപമാനിച്ചുവെന്നും മറ്റും ആരോപിച്ച് സഹ അധ്യാപികയാണു പരാതി നൽകിയത്. പരാതി അന്വേഷിച്ച പൊലീസ്, സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അന്തിമ റിപ്പോർട്ട് നൽകി.
ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നു കണ്ടെത്തിയെന്നും കേസ് റദ്ദാക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ സമിതി പരാതിക്കാരിയുടെ മൊഴി പോലും എടുത്തില്ലെന്നും നടപടികൾ ഏകപക്ഷീയമായിരുന്നുവെന്നും കേസിൽ സഹ അധ്യാപകർ തെളിവു നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പരാതിക്കാർ പൊലീസിനെ സമീപിക്കുകയും കുറ്റം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്താൽ അതിനു വിരുദ്ധമായ ഐസിസി റിപ്പോർട്ട് പ്രോസിക്യൂഷനെ ബാധിക്കില്ല. ഐസിസി രൂപീകരണത്തിന് ആധാരമായ ‘പോഷ്’ ആക്ടിലെ വ്യവസ്ഥകൾ മറ്റു നിയമ വ്യവസ്ഥകളിൽ നിന്ന് ഇളവു നൽകുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഐസിസിക്കു ക്രിമിനൽ കേസ് നടപടി ഉൾപ്പെടെ ശുപാർശ ചെയ്യാനും വ്യവസ്ഥയുമുണ്ട്. ഹർജിയിലുൾപ്പെട്ട കേസിൽ പ്രോസിക്യൂഷൻ റദ്ദാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.