പൊലീസ് ഉദ്യോഗസ്ഥർക്കെതിരായി പീഡന ആരോപണം: ഗൂഢാലോചന നടന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങി
Mail This Article
മലപ്പുറം∙ മുൻ എസ്പി എസ്.സുജിത്ദാസ് ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനി സ്വദേശിയായ യുവതി പീഡന ആരോപണം ഉന്നയിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മുട്ടിൽ മരംമുറിക്കേസ് സത്യസന്ധമായി അന്വേഷിച്ചതിന്റെ വിരോധം തീർക്കാനായി കേസിലെ പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്ന് ബെന്നി പരാതിയിൽ പറഞ്ഞിരുന്നു. ഇതുൾപ്പെടെയുള്ള കാര്യങ്ങളാണ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി സാജു കെ.ഏബ്രഹാം നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ പരിധിയിൽ വരിക. ബെന്നിയുടെ പരാതിയിൽ കേസെടുക്കണോയെന്ന് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. മുൻ എസ്പി എസ്.സുജിത്ദാസ്, താനൂർ മുൻ ഡിവൈഎസ്പി വി.വി.ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ എന്നിവർക്കെതിരെയാണു യുവതി പീഡന ആരോപണം ഉന്നയിച്ചത്.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോൾ വിനോദ് പീഡിപ്പിച്ചു, വിനോദിനെതിരെ പരാതി നൽകാനെത്തിയപ്പോൾ ബെന്നിയും സുജിത്ദാസും മോശമായി പെരുമാറി എന്നായിരുന്നു പരാതി. ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുപ്രകാരം പൊന്നാനി മജിസ്ട്രേട്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി. എന്നാൽ, ഈ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് യുവതിയുടെ പരാതി വീണ്ടും പരിശോധിക്കാൻ പൊന്നാനി മജിസ്ട്രേട്ട് കോടതിക്കു കഴിഞ്ഞദിവസം ഉത്തരവു നൽകിയിരുന്നു.
യുവതി ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു കണ്ടെത്തൽ. ഇതിനിടെ, ആരോപണങ്ങൾ ഉന്നയിച്ചു യുവതി ടിവി ചാനലിനു നൽകിയ അഭിമുഖത്തിനു കളമൊരുക്കിയത് പി.വി.അൻവർ എംഎൽഎയും സസ്പെൻഷനിലുള്ള പൊലീസുകാരൻ ശ്രീജിത്തുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമുൾപ്പെടെയുള്ള നേതാക്കൾ വെളിപ്പെടുത്തിയിരുന്നു.
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടാണ് ചാനൽ അഭിമുഖത്തിനു വേദിയായത്. യുവതിയുടെ ആരോപണത്തിനു പിന്നിലെ ഗൂഢാലോചനയിൽ രാഷ്ട്രീയ നേതാക്കൾക്കു പങ്കുണ്ടോയെന്നും പ്രാഥമിക അന്വേഷണത്തിന്റെ പരിധിയിൽവരും.