ജല അതോറിറ്റിയുടെ ബോർഡ് ഉപയോഗിച്ച് ചന്ദനക്കടത്ത്; 7 പേർ പിടിയിൽ
Mail This Article
ബേപ്പൂർ ∙ ജല അതോറിറ്റിയുടെ ബോർഡ് വച്ച കാറിൽ ചന്ദനം കടത്തിയ 5 അംഗ സംഘത്തെയും മറ്റൊരു റെയ്‌ഡിൽ 2 പേരെയും വനംവകുപ്പ് പിടികൂടി. ജല അതോറിറ്റിയുടെ ബോർഡ് വച്ചു ചന്ദനം കടത്തിയ സംഭവത്തിൽ കാർ ഡ്രൈവർ പന്തീരാങ്കാവ് ഇന്ദിര ഭവനിൽ എൻ.ശ്യാംപ്രസാദ് (44), നല്ലളം വാഹിദ് മൻസിലിൽ സി.പി.നൗഫൽ (53), ഒളവണ്ണ കൊരവൻകണ്ടി ഷാജുദ്ദീൻ (36), പന്തീരാങ്കാവ് സ്വദേശികളായ പറമ്പിൽതൊടി സി.ടി.അനിൽ (49), പട്ടാമ്പുറത്ത് മീത്തൽ പി.എം.മണി (53) എന്നിവരാണ് അറസ്റ്റിലായത്.
എന്നാൽ തങ്ങൾ കരാർ വ്യവസ്ഥയിൽ എടുത്ത വാഹനത്തിലല്ല ചന്ദനം കടത്തിയതെന്നും ബോർഡ് പ്രതി മറ്റൊരു വാഹനത്തിൽ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ജല അതോറിറ്റി അറിയിച്ചു. പ്രതികളിൽ നിന്നു 40 കിലോ ചന്ദന മുട്ടികൾ പിടിച്ചെടുത്തു. സംഘം സഞ്ചരിച്ച കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കേസിൽ കൂട്ടുപ്രതിയായ നല്ലളം സ്വദേശിക്കായി തിരച്ചിൽ വ്യാപിപ്പിച്ചു. ജലഅതോറിറ്റിയുടെ ബോർഡ് സ്ഥാപിച്ച കാറിൽ ചന്ദനം കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലും ഫ്ലയിങ് സ്ക്വാഡും ചേർന്നു നടത്തിയ നീക്കത്തിൽ മലാപ്പറമ്പ് ജലഅതോറിറ്റി ഓഫിസ് പരിസരത്താണ് പ്രതികൾ പിടിയിലായത്.
പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ നിന്നു ചന്ദന മുട്ടികൾ കണ്ടെടുത്തു. സ്വകാര്യ പറമ്പുകളിൽ നിന്നു മുറിച്ചു കടത്തിയതാണ് ചന്ദനം എന്നാണു പ്രാഥമിക വിവരം. ഇതു ആർക്കാണ് വിൽപന നടത്തുന്നതെന്ന കാര്യം വനപാലകർ അന്വേഷിച്ചു വരികയാണ്. ചോദ്യം ചെയ്യലിനെത്തുടർന്നു സംഘത്തിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ഫ്ലയിങ് സ്ക്വാഡ് നടത്തിയ മറ്റൊരു റെയ്ഡിൽ 10 കിലോ ചെത്തി ഒരുക്കിയ ചന്ദനവും 2 പ്രതികളെയും കല്ലാനോട് വച്ച് പിടികൂടി. ബാലുശ്ശേരി ചെറുകാട് തച്ചറോത്ത് ചാലിൽ അതുൽ (29), കൂരാച്ചുണ്ട് കല്ലാനോട് ഒതയോത്ത് വിഷ്ണു(26) എന്നിവരാണ് പിടിയിലായത്. ഇവർ ചന്ദനം കടത്താൻ ഉപയോഗിച്ച 2 ഇരുചക്ര വാഹനങ്ങളും പിടികൂടി.