ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി; ഡൽഹി വിമാനം വൈകിയത് 4 മണിക്കൂർ
Mail This Article
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി വിമാനത്തിൽ ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി. ഇതു മൂലം വിമാനം ഇവിടെ നിന്ന് പുറപ്പെടാൻ 4 മണിക്കൂറിലേറെ വൈകി. രാവിലെ 8.45ന് കൊച്ചിയിലെത്തി 9.15ന് ഇവിടെ നിന്ന് ഡൽഹിക്ക് മടങ്ങേണ്ട വിമാനമാണിത്. കൊച്ചിയിൽ യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം കാബിൻ ജീവനക്കാരുടെ പരിശോധനയിലാണ് ബോംബ് വയ്ക്കുമെന്ന ഭീഷണി സീറ്റിൽ ടിഷ്യു പേപ്പറിൽ എഴുതിയിട്ടിരിക്കുന്നത് കണ്ടെത്തിയത്.
വിമാനത്തിൽ സിഐഎസ്എഫ് ബോംബ് സ്ക്വാഡ് പ്രത്യേക പരിശോധന നടത്തി. വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഭീഷണി സന്ദേശം ലഭിച്ച സീറ്റുകളിൽ യാത്ര ചെയ്ത 2 പേരെ പിന്നീട് കണ്ടെത്തി നെടുമ്പാശേരി പൊലീസിന് കൈമാറി. ഒരാൾ കോട്ടയം സ്വദേശിയും ഒരാൾ കാസർകോട് സ്വദേശിയുമാണ്. ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല. ഇതെത്തുടർന്ന് ഇരുവരുടെയും കൈയ്യെഴുത്ത് ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവരോട് ഇന്ന് വീണ്ടും സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശം നൽകി വിട്ടയച്ചു. ഈ വിമാനത്തിൽ ഡൽഹിക്ക് പോകേണ്ട യാത്രക്കാരെയും അവരുടെ ബാഗുകളും മറ്റും വീണ്ടും പരിശോധനകൾ നടത്തേണ്ടി വന്നതിനാൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.