‘സരിൻ ഊതിക്കാച്ചിയ പൊന്ന് !’: പാർട്ടിയുടെ ഉഗ്രശാസനം; മറുകണ്ടം ചാടി ഇ.പി.ജയരാജൻ
Mail This Article
പാലക്കാട് ∙ ‘ഇരുട്ടിവെളുക്കും മുൻപു മറുകണ്ടം ചാടിയ ആൾ’ എന്ന് പാലക്കാട്ടെ ഇടതു സ്ഥാനാർഥി ഡോ.പി.സരിനെ ആത്മകഥയിൽ വിശേഷിപ്പിച്ചെന്ന് ആക്ഷേപമുയർന്നതിന്റെ തൊട്ടടുത്ത ദിവസം ഇ.പി.ജയരാജൻ മറുകണ്ടം ചാടി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലെത്തി സരിനെ വാനോളം പുകഴ്ത്തിയായിരുന്നു ‘തെറ്റുതിരുത്തൽ’. ഉത്തമനായ ചെറുപ്പക്കാരൻ, ജനസേവനത്തിന്റെ മാതൃക, പാലക്കാടിന്റെ മഹാഭാഗ്യം തുടങ്ങി ‘ഊതിക്കാച്ചിയ പൊന്ന്’ എന്നുവരെ വിശേഷണം നീണ്ടു.
ചേലക്കരയിൽ പ്രചാരണത്തിനു പോകാത്ത ജയരാജൻ പാലക്കാട്ടെത്തിയതു സംസ്ഥാന നേതൃത്വത്തിന്റെ ഉഗ്രശാസനം മൂലമാണെന്നറിയുന്നു. സിപിഎം തിടുക്കപ്പെട്ടു വിളിച്ചുചേർത്ത പൊതുയോഗത്തിലും പ്രശംസ തുടർന്നെങ്കിലും പെരുമഴ മൂലം ജയരാജനും സരിനും ഒരുമിച്ചു പങ്കെടുക്കാനായില്ല. ആരുടെയും സമ്മർദത്തിനു വഴങ്ങിയല്ല വന്നതെന്നു പറഞ്ഞ ജയരാജൻ 10 മിനിറ്റ് 32 സെക്കൻഡ് എടുത്ത്, സരിന്റെ സ്കൂൾകാലം മുതലുള്ള കാര്യങ്ങൾ വിവരിച്ചു.
പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം
കോട്ടയം / ദുബായ് ∙ ആത്മകഥാ വിവാദം സംബന്ധിച്ചു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് കോട്ടയം എസ്പി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചു. ജയരാജന്റെയും ഡിസി ബുക്സ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. ജയരാജനും ഡിസി ബുക്സുമായുണ്ടാക്കിയ കരാറും പരിശോധിക്കും.
പുസ്തകം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാരെന്നും സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷിക്കുന്നു. ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് ലഭിച്ചശേഷമാകും കേസ് വേണോയെന്നു തീരുമാനിക്കുക. അതേസമയം, ജയരാജന്റെ പരാതിയിൽ ഡിസി ബുക്സിന്റെയോ മറ്റാരുടെയുമോ പേരു പറഞ്ഞിട്ടില്ല.
പൊതുപ്രവർത്തകരെ ബഹുമാനിക്കുന്നതിനാൽ പ്രതികരണത്തിൽ മിതത്വം പാലിക്കുന്നുവെന്നു ഡിസി ബുക്സ് ഉടമ രവി ഡിസി ഷാർജയിൽ പ്രതികരിച്ചു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിനു പ്രതികരണമില്ലെന്ന അർഥത്തിൽ വായ പൂട്ടുന്നതായി അദ്ദേഹം ആംഗ്യം കാണിച്ചു.