എഡിഎമ്മിന്റെ മരണം: ദുരൂഹത മാറുന്നില്ല; പൊലീസ് ചികയാത്ത ചോദ്യങ്ങളേറെ
Mail This Article
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിട്ട് ഒരു മാസം പിന്നിട്ടിട്ടും തുടക്കം മുതലേ ഉയർന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഏൽപിച്ചെങ്കിലും ദുരൂഹതകൾ ബാക്കി. എഡിഎമ്മിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി പത്തനംതിട്ടയിൽ ചെന്നത് ഇന്നലെ മാത്രമാണ്. അതേസമയം എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കും വിധമുള്ള വിവരങ്ങൾ പല കോണുകളിൽ നിന്നായി ഇടയ്ക്കിടെ പുറത്തുവരുന്നുമുണ്ട്.
ആരാണ് യഥാർഥത്തിൽ പെട്രോൾ പമ്പിനായി പണം മുടക്കുന്നത്? സ്വർണം പണയപ്പെടുത്തിയിട്ടും ‘കൈക്കൂലി’ത്തുക പോലും തികയ്ക്കാൻ പ്രശാന്തിന് കഴിഞ്ഞില്ലെന്ന് അദ്ദേഹത്തിന്റെ മൊഴികളിൽ നിന്നു വ്യക്തമായിട്ടും ബെനാമി ആരെന്ന് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്? കൈക്കൂലി നൽകിയെന്നു പി.പി.ദിവ്യയോടു പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പറഞ്ഞെന്നാണു പ്രശാന്തിന്റെ മൊഴി. കൈക്കൂലിക്ക് വിജിലൻസിലാണു പരാതിപ്പെടേണ്ടത്. എന്നിട്ടും എന്തിനായിരിക്കും ഈ വഴി സ്വീകരിക്കാൻ ദിവ്യ പറഞ്ഞത്?
പരാതിയിലെ പേരും ഒപ്പുമെല്ലാം പ്രശാന്തിന്റെ ഔദ്യോഗിക രേഖകളിലെ ഒപ്പിൽ നിന്ന് വ്യത്യസ്തമാണെന്നു വ്യക്തമായിട്ടും ആ ദുരൂഹത നീക്കാൻ പൊലീസ് ഇടപെടുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിക്കാത്ത ഈ പരാതിയുടെ പേരിൽ വിജിലൻസ് എങ്ങനെ 14ന് പ്രശാന്തിന്റെ മൊഴിയെടുത്തു? കൈക്കൂലി നൽകുന്നതും കുറ്റമാണെന്നിരിക്കെ പ്രശാന്തിനെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? എഡിഎമ്മിന്റെ ഇൻക്വസ്റ്റ് നടക്കുമ്പോൾ തുടക്കത്തിൽ പൊലീസ് ജനപ്രതിനിധികളെപ്പോലും അകറ്റിനിർത്തിയത് എന്തിന്?
കലക്ടറുടെ മൊഴിയെടുക്കാൻ പൊലീസ് ഒരാഴ്ച കാത്തുനിന്നത് എന്തിന്? എഡിഎമ്മിന്റെ കുടുംബത്തിനു നൽകിയ കത്തിലെ കാര്യങ്ങൾക്കു വിരുദ്ധമായി എഡിഎമ്മിനെ സംശയനിഴലിലാക്കുന്ന മൊഴി മുദ്രവച്ച കവറിൽ സ്റ്റേറ്റ്മെന്റായി നൽകാൻ കലക്ടറെ പ്രേരിപ്പിച്ചത് എന്തായിരിക്കും? എഡിഎം റെയിൽവേ സ്റ്റേഷനിൽ എത്തിയില്ലെന്നതിനു സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും തെളിവായി ഉണ്ടായിട്ടും പ്ലാറ്റ്ഫോമിൽ ഇരുന്നുവെന്നും ട്രാക്കിലുടെ നടന്നുവെന്നുമെല്ലാമുള്ള കഥകൾ പൊലീസ് ചില മാധ്യമങ്ങൾക്കു നൽകിയതിന്റെ ലക്ഷ്യമെന്താണ്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയെങ്കിലേ സംഭവങ്ങൾക്കു പിന്നിൽ ആരെന്നു വ്യക്തമാകുകയുള്ളൂ.പൊലീസിലും സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലേക്ക് എഡിഎമ്മിന്റെ കുടുംബം എത്തിയത്.