കണ്ണീരിന്റെ കാർമേഘം മാറാതെ...; എഡിഎം കെ.നവീൻ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരുമാസം
Mail This Article
പത്തനംതിട്ട ∙ കാരുവള്ളിൽ വീട്ടിൽ സങ്കടത്തിന്റെ കാർമേഘം പെയ്തൊഴിഞ്ഞിട്ടില്ല. നാടിനും വീടിനും പ്രിയങ്കരനായ നവീൻ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുന്ന കുടുംബത്തിന് ആശ്വാസമായി പ്രിയപ്പെട്ടവരുടെ സ്നേഹവാക്കുകൾ മാത്രം. കണ്ണൂർ എഡിഎം കെ.നവീൻ ബാബു വിട വാങ്ങിയിട്ട് ഇന്ന് ഒരുമാസം.
ഒക്ടോബർ 15ന് പുലർച്ചെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്നു നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തനിക്കെതിരെ ഉന്നയിച്ച വേദനിപ്പിക്കുന്ന പരാമർശങ്ങളും ആരോപണങ്ങളും അദ്ദേഹത്തെ തളർത്തിയിരുന്നു. അന്നു രാത്രി പത്തനംതിട്ടയ്ക്ക് വരാനിരുന്ന നവീൻ ബാബു ട്രെയിൻ കയറിയിരുന്നില്ല. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ അതിരാവിലെ തന്നെ ഭാര്യ മഞ്ജുഷയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ മലബാർ എക്സ്പ്രസ് വന്നുപോയിട്ടും നവീനെ കാണാതായതോടെ മഞ്ജുഷ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ മരണവിവരം പുറത്തറിയുകയുമായിരുന്നു.
ഇഴയുന്ന അന്വേഷണം
∙ എന്നാൽ നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കുടുംബത്തിന്റെ ഭാഗത്തുനിന്ന് മാത്രമായി മാറുന്നു എന്ന ആക്ഷേപമുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തനിക്ക് ക്ഷണമില്ലാത്ത യാത്രയയപ്പ് സമ്മേളനത്തിലേക്ക് കടന്നുവന്ന്, കലക്ടർ അടക്കമുള്ള വേദിയിൽ നവീനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. എന്നാൽ കലക്ടറും ദിവ്യയെ എതിർത്തില്ല. കലക്ടർക്കെതിരെയും അന്വേഷണം വേണമെന്ന് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.