മൊഴിയിലുറച്ച് നവീന്റെ കുടുംബം; മൊഴിയെടുത്തത് നവീൻ ബാബു മരിച്ച് ഒരു മാസം തികയുമ്പോൾ
Mail This Article
പത്തനംതിട്ട ∙ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപിലും പഴയ മൊഴികളിൽ ഉറച്ചുനിന്ന് എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബം. നവീന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നു സഹോദരന്റെ പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ കലക്ടറുടെ വാദങ്ങൾ തെറ്റാണെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിനു മുൻപിലും ആവർത്തിച്ചു. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് നവീൻ ബാബുവിന്റെ സംസ്കാര ദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
നവീൻ ബാബു മരിച്ച് ഒരു മാസം തികയുമ്പോഴാണ് കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം നവീന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി അടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയത്. മുൻപ് കണ്ണൂർ ടൗൺ പൊലീസിനു കുടുംബം നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിച്ചത്.
നവീൻ ബാബുവിന്റെ മരണത്തിനു മുൻപുള്ള 2 ദിവസങ്ങളിൽ ഫോണിൽ വിളിച്ച ആളുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംഘം ചോദിച്ചറിഞ്ഞു. യാത്രയയപ്പ് ദിവസം കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചോ എന്നും അന്വേഷിച്ചു. നവീനെ വിളിച്ചവരിൽ അന്വേഷണ സംഘം ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതിരുന്ന നമ്പറുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കലക്ടറും നവീൻ ബാബുവുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ചും ചോദ്യങ്ങൾ ഉന്നയിച്ചെന്നാണു സൂചന.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോൾ പമ്പ് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദുരൂഹതകളുണ്ട്, വിരമിക്കാൻ ഏഴുമാസം മാത്രം ശേഷിക്കെ നവീൻ ജീവനൊടുക്കിയെന്നത് അവിശ്വസനീയമാണ്, യാത്രയയപ്പ് ചടങ്ങിനുശേഷം കാബിനിലെത്തി തെറ്റ് പറ്റിയെന്ന് നവീൻ ഏറ്റുപറഞ്ഞെന്ന കണ്ണൂർ കലക്ടറുടെ വാദം കെട്ടിച്ചമച്ചതാണ് തുടങ്ങിയ കാര്യങ്ങൾ മൊഴിയിൽ ആവർത്തിച്ചെന്നാണു സൂചന.
കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ ഒന്നേമുക്കാൽ മണിക്കൂർ നീണ്ടു. ഇന്നലെ രാവിലെ പത്തനംതിട്ട കലക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം പന്ത്രണ്ടരയോടെയാണ് അന്വേഷണസംഘം നവീൻ ബാബുവിന്റെ വീട്ടിലെത്തിയത്. ഇൻസ്പെക്ടർക്കൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷൈജു, സിപിഒ ഷിജി എന്നിവരുമുണ്ടായിരുന്നു.