70 കോടി ആദ്യമേ കൈമാറി; ‘ഫ്യൂസായി’ 500 കോടി: ഭൂതത്താൻകെട്ടിൽ കെഎസ്ഇബി വരുത്തി വച്ചത് വൻ നഷ്ടം
Mail This Article
തിരുവനന്തപുരം ∙ ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയിൽ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടം. കരാർ ലംഘനം നടത്തിയ കമ്പനിയെ ഒഴിവാക്കാതെയും മുൻകൂർ തുക നൽകിയും വൈദ്യുതി ഉൽപാദനത്തിലുണ്ടായ നഷ്ടത്തിലൂടെയുമാണ് വൻ സാമ്പത്തിക നഷ്ടം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ക്രമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ ഇലക്ട്രോ– മെക്കാനിക്കൽ ജോലികൾ 18 മാസം കൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെയാണ് 2015 മാർച്ചിൽ തമിഴ്നാട്ടിലെ ശ്രീശരവണ എൻജിനീയറിങ് ഭവാനി (എസ്എസ്ഇബി) എന്ന കമ്പനിക്കു കരാർ നൽകിയത്. പദ്ധതിയുടെ സിവിൽ ജോലികളും ഈ കമ്പനിയാണ് ചെയ്തത്.
ചൈനയിലെ ഹുനാൻ ചൗയാങ് ജനറേറ്റിങ് എക്വിപ്മെന്റ്സ് കമ്പനിയിൽനിന്ന് 2 ലോഡ് സാമഗ്രികൾ എത്തിച്ചെങ്കിലും റോട്ടർ, സ്റ്റേറ്റർ, റണ്ണർ തുടങ്ങിയ പ്രധാന ഉപകരണങ്ങൾ ഉൾപ്പെടുന്ന മൂന്നാമത്തെ ലോഡ് ഇവർ എത്തിച്ചില്ല. എന്നാൽ, ഇതു പരിഗണിക്കാതെ കരാർ തുകയായ 81.80 കോടിയിൽ 70.44 കോടി രൂപയും കെഎസ്ഇബി കൈമാറി. കരാർ നിബന്ധനകൾക്കു വിരുദ്ധമായിരുന്നു ഇത്.
8 വർഷത്തിനിടയിൽ കെഎസ്ഇബി പലതവണ ആവശ്യപ്പെട്ടപ്പോഴും കമ്പനി എല്ലാം ശരിയാക്കാമെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. കഴിഞ്ഞ ജൂലൈയിൽ കെഎസ്ഇബി ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോൾ ഉപകരണങ്ങളെല്ലാം മറ്റൊരു കമ്പനിക്കു വിറ്റുവെന്നായിരുന്നു മറുപടി. ഇതിനിടെ, മറ്റൊരു ചൈനീസ് കമ്പനി മുഖേന കൂടുതൽ തുകയ്ക്ക് ഉപകരണങ്ങൾ ഇറക്കാനുള്ള ശ്രമം കരാർ കമ്പനി നടത്തി.
ഇതോടെ, 15 ദിവസത്തിനകം ഉപകരണങ്ങൾ എത്തിക്കാനുള്ള നടപടിയെടുക്കണമെന്നും 90 ദിവസത്തിനുള്ളിൽ സാധനങ്ങൾ എത്തിയില്ലെങ്കിൽ കമ്പനിയുടെ ബാധ്യതയിലും ചെലവിലും റീടെൻഡർ നടപടികളിലേക്കും നിയമനടപടിയിലേക്കും കടക്കുമെന്നും കമ്പനിയെ വിലക്കുപട്ടികയിൽ (ബ്ലാക്ക് ലിസ്റ്റിൽ) ഉൾപ്പെടുത്തുമെന്നും അറിയിച്ച് കെഎസ്ഇബി കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്.
കരാർ കമ്പനിയുടെ പ്രതികരണത്തിനായി ഇമെയിൽ മുഖേനയും ഫോണിലൂടെയും ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
നഷ്ടക്കണക്ക് ഇങ്ങനെ
സിവിൽ, ഇലക്ട്രോ– മെക്കാനിക്കൽ ജോലികൾക്കായി കൈമാറിയത് ആകെ 169 കോടി രൂപ. ഇതുവരെ പൂർത്തിയാക്കാത്ത ഇലക്ട്രോ മെക്കാനിക്കൽ ജോലികൾക്കാണ് ഇതിൽ 70.44 കോടി രൂപയും. 2016 ഓഗസ്റ്റ് 3 മുതൽ ഉൽപാദനം തുടങ്ങേണ്ടിയിരുന്ന പദ്ധതിയിൽ നിന്നു പ്രതിവർഷം 35 കോടി രൂപയുടെ വൈദ്യുതി ലഭിക്കേണ്ടതായിരുന്നു.
ആ ഇനത്തിൽ 8 വർഷത്തെ നഷ്ടം 280 കോടി രൂപ. മുടക്കിയ തുകയുടെ പലിശ, പുറത്തു നിന്നു വാങ്ങേണ്ടി വന്ന വൈദ്യുതിയുടെ വില, അതിന്റെ പലിശ എന്നിവയുൾപ്പെടെ ആകെ 500 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
കരാറുകാർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ചൈനീസ് കമ്പനി കയ്യൊഴിഞ്ഞ സ്ഥിതിക്ക് കെഎസ്ഇബിക്ക് പകരം എന്തെങ്കിലും ചെയ്യണമെങ്കിൽ നിലവിലെ കരാറുകാരെ മാറ്റണം. അതിന്റെ ആദ്യപടിയായാണ് നോട്ടിസ് നൽകിയത്. -ബിജു പ്രഭാകർ ചെയർമാൻ, കെഎസ്ഇബി