‘ഏറെ ഭാവിയുള്ള അഭിനേത്രി’: ജീവിക്കാൻ വേദികൾ തേടിയുള്ള ഓട്ടത്തിനിടെ അഞ്ജലിയുടെ മരണം, താങ്ങാനാകാതെ കുടുംബം
Mail This Article
മുതുകുളം (ആലപ്പുഴ) ∙ ഏറെ ഭാവിയുള്ള അഭിനേത്രിയെന്ന പ്രശംസകൾ ഏറ്റുവാങ്ങി പ്രതീക്ഷകളുടെ പുതിയ അരങ്ങിലേക്കു ചുവടുവയ്ക്കുമ്പോഴാണ് അഞ്ജലി വേദനിപ്പിക്കുന്ന ഓർമയാകുന്നത്. കണ്ണൂർ മലയാംപടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മുതുകുളം തെക്ക് ഹരിശ്രീ ഭവനത്തിൽ അഞ്ജലി (32) വിട വാങ്ങുമ്പോൾ നാടക അരങ്ങിൽ നിന്നു ജീവിതപങ്കാളിയായ ഉല്ലാസും മൂന്നര വയസ്സ് മാത്രമുള്ള മകൻ ട്രോണും അതിന്റെ ആഘാതത്തിലാണ്. മൊബൈൽ കടയിലെ ചെറിയ ജോലിയാണ് ഉല്ലാസിനുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും ഉള്ളതിനാൽ വേദികളിൽ നിന്നു വേദികളിലേക്കുള്ള ഓട്ടത്തിനിടയിലാണ് അഞ്ജലിയുടെ ജീവിതത്തിനു തിരശീല വീണത്.
2018 ൽ കെപിഎസിയുടെ ഈഡിപ്പസ് എന്ന നാടകത്തിലൂടെയായിരുന്നു അഞ്ജലിയുടെ അരങ്ങേറ്റം. ഇതേ നാടകത്തിൽ ഉല്ലാസും അഭിനയിച്ചിരുന്നു. അവിടെവച്ചുള്ള പരിചയമാണ് ഉല്ലാസിന്റെയും കോന്നി സ്വദേശിനി അഞ്ജലിയുടെയും വിവാഹത്തിലേക്കെത്തിയത്. ഉല്ലാസിന്റെ പ്രോത്സാഹനത്തിൽ പിന്നീടും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച് അഞ്ജലി നാടകപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഉല്ലാസ് അരങ്ങ് വിട്ട് ചെറിയ ജോലികളിലേക്കും പ്രവേശിച്ചു.
അഞ്ജലി പിന്നീട് കൊല്ലം അസീസി നാടകട്രൂപ്പിൽ ചേർന്നു. അവിടെയും മികച്ച വേഷങ്ങൾ ചെയ്തു. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിലാണു പിന്നീടെത്തിയത്. ദേവ കമ്മ്യൂണിക്കേഷന്റെ ആറു വിരലുള്ള കുട്ടി, ചന്ദ്രികാ വസന്തം, വനിതാ മെസ് എന്നീ നാടകങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് അഞ്ജലി അവതരിപ്പിച്ചത്. വനിതാ മെസ് നാടകത്തിന്റെ അരങ്ങേറ്റം നവംബർ ഒന്നിന് ആയിരുന്നു.
പ്രശംസ പിടിച്ചുപറ്റിയ ഈ നാടകം ആറ് വേദികൾ കളിച്ച് ഏഴാമത്തെ വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് നാടക ട്രൂപ്പിന്റെ വാഹനം അപകടത്തിൽപെട്ടത്. ഒരു ദിവസം നാടകം കളിച്ചാൽ അഞ്ജലിക്ക് 1000–1300 രൂപയാണു പ്രതിഫലമായി കിട്ടിയിരുന്നത്. ജീവിത പ്രാരാബ്ധങ്ങളിൽ അതു വലിയ സഹായമല്ലെങ്കിലും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ അഞ്ജലി നാടകരംഗത്തു തുടരുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.