ADVERTISEMENT

പാലക്കാട് / മലപ്പുറം ∙ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെന്ന മട്ടിലാണു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുമാറുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പാണക്കാട് തങ്ങന്മാർക്കു മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ ‘ഗുഡ് സർട്ടിഫിക്കറ്റ്’ വേണ്ടെന്നും അവരുടെ സ്ഥാനം ജനഹൃദയങ്ങളിലാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.

പാലക്കാട് കണ്ണാടിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു പിണറായിയുടെ വിമർശനം. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അണികൾക്കു പ്രതിഷേധമുണ്ടായിരുന്നെങ്കിലും മന്ത്രിക്കസേര വിട്ടൊരു കളിക്കു ലീഗ് തയാറായില്ല. ആ സമയത്തു നടന്ന ഒറ്റപ്പാലം ലോക്സഭാ ഉപതിര‍ഞ്ഞെടുപ്പിൽ, അണികളുടെ രോഷം തണുപ്പിക്കാൻ അന്നത്തെ പാണക്കാട് തങ്ങൾ എത്തിയെങ്കിലും അവർ സഹകരിച്ചില്ല. അതേ സാഹചര്യമാണ് ഇപ്പോൾ ഒരാൾ കോൺഗ്രസിലേക്ക് എത്തിയപ്പോൾ ഉണ്ടായിട്ടുള്ളതെന്ന് സന്ദീപ് വാരിയരുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ എത്തിയയാൾ ഇന്നലെവരെ സ്വീകരിച്ച നിലപാടുകൾ എന്തെന്ന് എല്ലാവർക്കും അറിയാം. ഇക്കാര്യത്തിൽ ലീഗ് അണികളിലുൾപ്പെടെ ആശങ്കയും അമർഷവും ഉണ്ടെന്നും പിണറായി പറഞ്ഞു.

സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരവും സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതുമാണെന്ന് മലപ്പുറത്തു പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്തെ മഹത്വം ഇപ്പോഴും പാണക്കാടിനുണ്ട്. കഴിഞ്ഞ ദിവസംവരെ ബിജെപിയിൽ പ്രവർത്തിച്ചിരുന്ന സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നയുടൻ പാണക്കാട്ടു വരുന്നത് അതുകൊണ്ടാണ്. ഇടതുമുന്നണിക്കൊപ്പമായിരുന്നപ്പോൾ ജമാഅത്തെ ഇസ്‌ലാമി ‘ക്രിസ്റ്റൽ ക്ലിയർ’ ആയിരുന്നു. ഇപ്പോൾ അവർക്കില്ലാത്ത കുറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാമുദായിക ചേരിതിരിവുണ്ടാകുമ്പോൾ അതു തടയാൻ ഏറ്റവും മുന്നിൽനിൽക്കുന്ന പാരമ്പര്യമാണു പാണക്കാട് കുടുംബത്തിന്റേത്. മുനമ്പം വിഷയം പരിഹരിക്കാൻ ഏറ്റവും ആത്മാർഥമായ ശ്രമം നടത്തുന്നതു സാദിഖലി തങ്ങളാണ്. മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചുചേർത്ത അദ്ദേഹം മതമേലധ്യക്ഷന്മാരുമായി സംസാരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സർക്കാരിനു പറ്റാത്തതു തങ്ങൾ ചെയ്യുന്നതിലുള്ള അസൂയയാണു മുഖ്യമന്ത്രിക്ക്. സന്ദീപ് വാരിയർ പാണക്കാട്ടു വരുമ്പോൾ അതു നൽകുന്നതു സൗഹൃദത്തിന്റെ വലിയ സന്ദേശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ ആക്രമണം ബോധപൂർവമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ശബരിമല വിവാദം, തൃശൂർ പൂരം കലക്കൽ എന്നിവപോലെ മുനമ്പത്തും കലാപമുണ്ടാക്കി ബിജെപിക്കു സുവർണാവസരം ഒരുക്കാൻ മുഖ്യമന്ത്രിക്കു താൽപര്യമുണ്ടാകും. അത് ഇല്ലാതാക്കാൻ സാദിഖലി തങ്ങൾ ശ്രമിച്ചതാണ് എതിർപ്പിന്റെ കാരണമെന്നും വേണുഗോപാൽ പറഞ്ഞു.

English Summary:

CM Pinarayi Vijayan Accuses Sadiq Ali Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com