റേഷൻ വിതരണ ലോറികളുടെ ‘ഇരട്ടയാത്ര’യ്ക്ക് ബ്രേക്കിടും
Mail This Article
തിരുവനന്തപുരം ∙ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ലോറികളുടെ ‘ഇരട്ടയാത്ര’ തടയാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടപടി തുടങ്ങി. കേന്ദ്ര നിർദേശപ്രകാരം റൂട്ടുകളുടെ ദൂരം കഴിയുന്നത്ര കുറച്ചാകും ഇത്തവണ ട്രാൻസ്പോർട്ടിങ് കരാറുകൾ പുതുക്കുക. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണുകളിൽനിന്നു സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും തുടർന്നു റേഷൻ കടകളിലേക്കും സാധനങ്ങൾ എത്തിക്കുന്നതാണു നിലവിലെ രീതി.
സപ്ലൈകോ ഗോഡൗണിലും റേഷൻ കടയിലും കയറ്റിറക്കിന്റെ കൂലി കൂടി ഉൾപ്പെട്ടതാണ് ട്രാൻസ്പോർട്ടിങ് കരാർ. എഫ്സിഐക്കു സമീപത്തെ റേഷൻ കടകളിൽപോലും ഇങ്ങനെ ‘ഇരട്ടയാത്ര’ വഴി സാധനങ്ങൾ എത്തിക്കുന്നതിനാൽ ട്രാൻസ്പോർട്ടിങ്ങിന് അധികച്ചെലവാണ്. എഫ്സിഐയിൽനിന്നു റേഷൻ കടകളിലേക്കു നേരിട്ടെത്തിക്കാൻ കേന്ദ്ര നിർദേശമുണ്ടെങ്കിലും സാങ്കേതികപ്രശ്നങ്ങൾ പറഞ്ഞ് അതു നടപ്പാക്കിയിട്ടില്ല. റൂട്ടുകൾ പുനർനിശ്ചയിച്ച് കയറ്റിറക്കു ക്രമീകരിച്ചാൽ കൂലിയിനത്തിലും വൻ കുറവുണ്ടാകും. ട്രാൻസ്പോർട്ടിങ് കരാർ ഇനത്തിൽ വർഷം 270 കോടിയോളം രൂപയാണ് സപ്ലൈകോ നിലവിൽ ചെലവിടുന്നത്. 340 കോടിയോളം രൂപ കുടിശികയായി കിട്ടാനുമുണ്ട്.
77 താലൂക്കുകളിലെ റൂട്ടുകളുടെ മാനദണ്ഡങ്ങൾ പുതുക്കുന്നത് അന്തിമഘട്ടത്തിലാണ്. കേന്ദ്ര സർക്കാരിന്റെയും എഫ്സിഐയുടെയും മാർഗരേഖ അനുസരിച്ചാകും ഇത്. കരാറുകളുടെ ടെൻഡർ നടപടി പൂർത്തിയായെങ്കിലും ഷെഡ്യൂൾ ഓഫ് റേറ്റ്സിന് (എസ്ഒആർ) കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ അനുമതി വേണം. അതിനാൽ ഡിസംബർ 31 വരെ നിലവിലെ കരാർ തുടരാൻ കരാറുകാരുമായി മന്ത്രി ജി.ആർ.അനിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ട്രാൻസ്പോർട്ടിങ് കരാറുകാരുടെ സമരം പിൻവലിച്ചതോടെ നവംബർ മാസത്തിലേക്കുള്ള സാധനങ്ങൾ റേഷൻ കടകളിലേക്കുള്ള വിതരണം ഇന്നു പുനരാരംഭിക്കും.