പാലക്കാട് ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്നു സമാപനം
Mail This Article
പാലക്കാട് ∙ ഒട്ടേറെ രാഷ്ട്രീയ ‘ട്വിസ്റ്റുകൾ’ക്കൊടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു സമാപനം. അവസാനനിമിഷത്തിലും എന്തെങ്കിലും ‘ഞെട്ടിക്കലുകൾ’ നേതാക്കൾ ഒരുക്കിവച്ചിട്ടുണ്ടോയെന്ന കാത്തിരിപ്പിലാണു വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ.
നേതാക്കളുടെ മുന്നണിമാറ്റവും കള്ളപ്പണ ആരോപണവും വ്യാജ വോട്ടും ഉൾപ്പെടെ ഒട്ടേറെ വിവാദങ്ങൾ ചർച്ചയായപ്പോൾ കേരളം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലമായി പാലക്കാട് മാറി. ദേശീയ, സംസ്ഥാന നേതാക്കളും യുവജന, വിദ്യാർഥി സംഘടനാ നേതാക്കളുമെല്ലാം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകി. പാലക്കാട് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടൽമുറികൾ തിരഞ്ഞെടുപ്പു നടക്കുന്ന 20 വരെ ‘ഫുൾ’ ആണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം 23നു തന്നെ ജനവിധി അറിയാമെന്ന പ്രത്യേകതയുമുണ്ട്.
ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം ഇന്നു നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികൾ. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാൽ അവിടത്തെ സ്ഥാനാർഥികളും പ്രചാരണത്തിനു പാലക്കാട്ട് എത്തിയിട്ടുണ്ട്. ആവേശം അതിരു കടക്കാതെ സുരക്ഷ ഒരുക്കാനുള്ള നടപടികൾ പൊലീസും പൂർത്തിയാക്കി. നാളെ നിശ്ശബ്ദമായി അവസാനതന്ത്രങ്ങൾ പയറ്റുന്ന തിരക്കിലാകും സ്ഥാനാർഥികളും നേതാക്കളും.