ADVERTISEMENT

തിരുവനന്തപുരം ∙ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ലവൽ 3 വിഭാഗത്തിൽപെടുത്താൻ കേന്ദ്രസർക്കാരിനുമേൽ സംസ്ഥാനം സമ്മർദം ശക്തമാക്കും. കേന്ദ്രസഹായത്തോടെ മാത്രം പുനരധിവാസ പ്രവർത്തനം കൈകാര്യം ചെയ്യാനാകുന്ന ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തങ്ങളാണ് ഈ ഗണത്തിൽവരുന്നത്. ലവൽ 3 ദുരന്തമായി അംഗീകരിച്ചാൽ മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെയടക്കം ഫണ്ടും ദേശീയ – രാജ്യാന്തര തലത്തിലുള്ള സഹായവും സ്വീകരിക്കാനാകും. ഓഖി, പ്രളയ ദുരന്തങ്ങൾ ലവൽ 3ൽ ഉൾപ്പെടുത്തിയിരുന്നെന്നും കേരളം ചൂണ്ടിക്കാട്ടും.

ദുരന്തം വിലയിരുത്താനെത്തിയ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) സംസ്ഥാനത്തിന്റെ നിവേദനം പരിശോധിക്കുന്ന സാഹചര്യത്തിലാണിത്. സഹായലഭ്യതയ്ക്കായി സുപ്രീംകോടതിയെ സമീപിക്കേണ്ടെന്നും കേരളം തീരുമാനിച്ചിട്ടുണ്ട്. ദുരിതാശ്വാസ–പുനരധിവാസ പ്രവർത്തനങ്ങൾക്കു സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ പണം മതിയായിരുന്നെങ്കിൽ പ്രധാനമന്ത്രിയും ഐഎംസിടിയും സഹായം വാഗ്ദാനം ചെയ്യുമായിരുന്നില്ലെന്നും റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടി. കേന്ദ്ര പാക്കേജ് ഉണ്ടാകുമെന്ന് ഓഗസ്റ്റ് 27ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.

നിലവിൽ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ 394 കോടി രൂപയാണുള്ളത്. പുനരധിവാസ പ്രവർത്തനങ്ങൾക്കു വേണ്ടത് 1,500 കോടിയെന്നു കണക്കാക്കിയിട്ടുണ്ട്. ഈ സാമ്പത്തികവർഷം 2 തവണ സംസ്ഥാന നിധിയിലേക്കു കേന്ദ്രം തുക അനുവദിച്ചതിനാൽ ആ ഇനത്തിലും പണം ലഭിക്കാനിടയില്ല. പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്രം സഹായിച്ചില്ലെങ്കിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു പണം കണ്ടെത്താൻ സംസ്ഥാനം നിർബന്ധിതമാകും.

ദുരന്തങ്ങൾ 4 വിഭാഗം

ലവൽ സീറോ: അധികം ആഘാതമില്ലാത്ത സാധാരണ ദുരന്തം

ലവൽ 1: ജില്ലാതലത്തിൽ പരിഹാരം കാണാനാകുന്ന ദുരന്തം

ലവൽ 2: സംസ്ഥാനത്തിനു കൈകാര്യം ചെയ്യാവുന്ന ദുരന്തം

ലവൽ 3: കേന്ദ്രസഹായത്തോടെ മാത്രം കൈകാര്യം ചെയ്യാനാകുന്നത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ചത് 542.89 കോടി

തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നു ധനവകുപ്പ്. ദുരന്തവുമായി ബന്ധപ്പെട്ട് ജൂലൈ 7 മുതൽ ഒക്ടോബർ 11 വരെ വിവിധ ബാങ്ക്, ട്രഷറി അക്കൗണ്ടുകൾ വഴി 5,42,89,03,968 രൂപ സമാഹരിച്ചിട്ടുണ്ടെന്നും വിവരാവകാശ അപേക്ഷയിൽ മറുപടി ലഭിച്ചു. ഒക്ടോബർ 4 വരെയുള്ള കണക്കുപ്രകാരം 17,00,45,22,738 രൂപ ദുരിതാശ്വാസനിധിയിൽ നീക്കിയിരിപ്പ് ഉണ്ടായിരുന്നുവെന്നും  മറുപടിയിലുണ്ട്

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടില്ല

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടില്ല. ഓഗസ്റ്റ് 17ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ച നിവേദനത്തിൽ 3 കാര്യങ്ങൾക്കാണ് ഊന്നൽ – ഗുരുതര സ്വഭാവമുള്ള പ്രകൃതിദുരന്തമായി കണക്കാക്കി ലവൽ 3ൽ ഉൾപ്പെടുത്തണം, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരമുപയോഗിച്ച് ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണം, കേരളത്തിന് അധിക ധനസഹായം അനുവദിക്കണം.

English Summary:

State to Urge Centre to Classify Wayanad Landslide as Level 3 Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com