ADVERTISEMENT

തിരുവനന്തപുരം ∙ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി, വിലങ്ങാട് പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കു കേന്ദ്ര സഹായം വൈകുന്നതിനെതിരെ ഡൽഹിയിൽ യോജിച്ച പ്രക്ഷോഭത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. 25ന് ആരംഭിക്കുന്ന ശൈത്യകാല ലോക്സഭാ സമ്മേളനത്തിനു മുന്നോടിയായാണ് കേരളത്തിന്റെ ആവശ്യങ്ങൾ എംപിമാരെ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത്. പാർലമെന്റിന് അകത്തും പുറത്തും യോജിച്ച പ്രതിഷേധങ്ങൾക്ക് എൽഡിഎഫ്, യുഡിഎഫ് എംപിമാർ ഒരുമിച്ചു നീങ്ങും. പാർലമെന്റിനു പുറത്തെ പ്രതിഷേധങ്ങൾ എങ്ങനെ വേണമെന്ന് എംപിമാർ ഡൽഹിയിൽ തീരുമാനിക്കും. ബിജെപി എംപിമാർ യോഗത്തിനെത്തിയില്ല.

ദുരന്ത നിവാരണ നിയമ പ്രകാരം അതിതീവ്ര ഗണത്തിൽപെട്ട ദുരന്തമായിട്ടും ആ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറായില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഈ നിയമ പ്രകാരമുള്ള ആശ്വാസ നടപടികൾ ഇതു കാരണം വൈകുകയാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര സംഘത്തിന്റെയും സന്ദർശനത്തിനു ശേഷം 1,202 കോടി രൂപ സഹായം ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ചിട്ടും കേന്ദ്രം ഒന്നും ചെയ്തില്ല. കേന്ദ്ര തീരുമാനം വൈകിയാലും മേപ്പാടിയിൽ സമഗ്രമായ ടൗൺഷിപ് നിർമിക്കുന്നതിനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകും.

സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷിരാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എംപിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിനു കിട്ടേണ്ട വിഹിതം ലഭിക്കാൻ ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയാറാണെന്നും നാടിന്റെ പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കുമെന്നും എംപിമാർ പറഞ്ഞു. 4 മാസം കഴിഞ്ഞിട്ടും വയനാടിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിനു പകരം സാങ്കേതികമായ ന്യായങ്ങൾ പറഞ്ഞു കേരളത്തിന്റെ പൊതുതാൽപര്യത്തെ തകർക്കുന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നതെന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. ഈ വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇരുസഭകളിലും പുറത്തും പ്രതീകാത്മക പ്രതിഷേധമുയർത്താനാണ് എംപിമാർ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, എം.ബി.രാജേഷ്, പി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി.ആർ.അനിൽ, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, വീണാ ജോർജ്, ഒ.ആർ.കേളു. ഡോ.ആർ.ബിന്ദു, വി.അബ്ദുറഹിമാൻ, എംപിമാരായ പി.വി.അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, കെ.രാധാക‍ൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ, കെ.ശിവദാസൻ, എം.കെ.രാഘവൻ, എ.എ.റഹീം, ജെബി മേത്തർ, ഹാരിസ് ബീരാൻ, പി.സന്തോഷ് കുമാർ എന്നിവർ നേരിട്ടും ശശി തരൂർ ഓൺലൈനായും പങ്കെടുത്തു.

English Summary:

Kerala MPs to Protest in Delhi Over Wayanad Landslide Aid Delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com