ADVERTISEMENT

കോഴിക്കോട് ∙ സിപിഎമ്മിനെ നേരിടാൻ കോലീബി സഖ്യമുണ്ടാക്കിയ കാലത്തുപോലും കൂടെക്കൂട്ടാത്ത ജമാ അത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും ഇപ്പോൾ കൂടെ കൂട്ടാൻ തയാറായതാണു മുസ‌്‌ലിം ലീഗിൽ ഉണ്ടായ മാറ്റമെന്നും അതാണു താൻ ‍ചൂണ്ടിക്കാട്ടിയതെന്നും അത് ആവർത്തിച്ചു പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സൗത്ത് ഏരിയ കമ്മിറ്റി ഓഫിസായ നായനാർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ ഈ മാറ്റത്തെക്കുറിച്ചു പറയേണ്ടതു സംസ്ഥാന പ്രസിഡന്റായ പാണക്കാട് സാദിഖലി തങ്ങളാണ്. അതു പാണക്കാട് തങ്ങളെപ്പറ്റിയല്ല പറയുന്നത്, ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെക്കുറിച്ചാണ്. ലീഗിന്റെ നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. വോട്ടിനായി മാത്രമാണ് ഈ നിലപാടുമാറ്റം.

കശ്മീരിൽ ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പു രംഗത്തിറങ്ങി അവിടത്തെ സിപിഎം സ്ഥാനാർഥി തരിഗാമിക്കെതിരെ മത്സരിച്ചവരാണു ജമാ അത്തെ ഇസ്‌ലാമി. ഈ സംഭവം പറയുമ്പോൾ അവിടത്തെ ജമാ അത്തെ ഇസ്‌ലാമിയല്ല ഇവിടത്തെ ഇസ്‌ലാമിയെന്നാണു മറുപടി കിട്ടുക. എസ്ഡിപിഐയെക്കുറിച്ചു പിന്നെ പ്രത്യേകം പറയേണ്ടതില്ല.

കോൺഗ്രസിന്റെ മൃദുതീവ്രവാദ സമീപനമാണു ബിജെപിയുടെ വളർച്ചയ്ക്കു വഴിയൊരുക്കി കോൺഗ്രസ് അണികളെ ബിജെപിയിലെത്തിച്ചത്. അതേ നിലപാട് മറ്റൊരു രീതിയിൽ ലീഗ് പകർത്തുകയാണ്. പാർട്ടിയെന്ന നിലയിൽ ഇതു ഗുണം ചെയ്യുമോയെന്നും ഏതാനും വോട്ടിനായി സ്വീകരിക്കുന്ന ഈ നിലപാടുമാറ്റം നാടിന്റെ ഭാവിക്കു ഗുണകരമാകുമോ എന്നും ചിന്തിക്കണമെന്നും അദ്ദേഹം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ലീഗിനെ വിമർശിച്ചപ്പോൾ മറുപടി തീവ്രവാദഭാഷയിലായിരുന്നു. അതിനു താൻ മറുപടി പറയുന്നില്ല. അതിനെയൊക്കെ ജൽപനങ്ങളായി മാത്രമേ കാണുന്നുള്ളൂ. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിലെ വൻ വിജയവും പാലക്കാട്ടു കൂടുതൽ ‍വോട്ടുകൾ നേടാനായതും ഇവിടെ ഭരണവിരുദ്ധ വികാരമില്ലെന്നു വ്യക്തമാക്കുന്നതായും ബിജെപി പിന്നാക്കം പോകുന്ന കാഴ്ചയാണു കണ്ടതെന്നും പിണറായി പറഞ്ഞു.

നിർമാണ കമ്മിറ്റി ചെയർമാനും ഡപ്യൂട്ടി മേയറുമായ സി.പി.മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ്കുമാർ, ബാബു പറശേരി, എൽ.രമേശൻ എന്നിവരും പ്രസംഗിച്ചു. 

English Summary:

Pinarayi Vijayan slams Muslim League's alleged ties with Jamaat, SDPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com