ADVERTISEMENT

പാലക്കാട് ∙ വേണ്ടത്ര തയാറെടുപ്പില്ലാഞ്ഞതുൾപ്പെടെയുള്ള ഘടകങ്ങൾ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കും പരാജയത്തിനും കാരണമായെന്ന് ആർഎസ്എസിൽ ചർച്ച. ബിജെപിയുടെ തന്ത്രങ്ങൾ പാളിയതായി സംഘടന നിരീക്ഷിക്കുന്നു. ആർഎസ്എസ് നല്ലരീതിയിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും മേ‍ാശമാകുമെന്ന ചർച്ചയും സജീവമാണ്. അതേസമയം, ഉപതിരഞ്ഞെടുപ്പു ഫലത്തിൽ തകരുന്നതല്ല പാലക്കാട്ടെ സംഘപരിവാറെന്നും നാലിരട്ടി ശക്തിയിൽ തിരിച്ചുവരുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നു.

ബിജെപിയിൽ സമഗ്രമായ പെ‍‍ാളിച്ചെഴുത്തു വേണമെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട് എന്നാണു സൂചന. പ്രശ്നങ്ങൾ വിവേചനമില്ലാതെ, ഉത്തരവാദിത്തത്തേ‍ാടെ പരിഹരിക്കാൻ നേതാക്കൾക്കു കഴിയണം.

എല്ലാ തലത്തിലും അനുകൂല അന്തരീക്ഷമായിട്ടും സ്ഥാനാർഥികാര്യത്തിൽ ഉൾപ്പെടെ പാർട്ടിയിൽ തർക്കവും വിവാദവുമുണ്ടായി. പാലക്കാട് നഗരസഭാ ഭരണസമിതിയിലെ തർക്കങ്ങൾ ജനത്തിനു മുഷിച്ചിലുണ്ടാക്കി. തർക്കം പരിഹരിക്കുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനവുമുണ്ട്. മിക്ക ബൂത്തിലും ബിജെപിക്ക് ശരാശരി കിട്ടിയിരുന്ന വേ‍ാട്ടുകളിൽ 60 – 80 എണ്ണം കുറഞ്ഞു.

പാലക്കാട്ടെ നാണംകെട്ട തിരിച്ചടി എന്ന വിമർശനത്തേ‍ാടെ ആരേ‍ാപണവും കുറ്റപ്പെടുത്തലും ബിജെപിയിൽ തുടരുകയാണ്. ദേശീയതലത്തിൽ മുന്നേറുമ്പേ‍ാൾ പാലക്കാട് 2016 ലെ വേ‍ാട്ടിലെത്തിച്ചതാണ് നേതൃത്വത്തിന്റെ നേട്ടമെന്നാണു ചില സമൂഹമാധ്യമ പേ‍ാസ്റ്റുകൾ. ജില്ലയിലെ പ്രഭാരിനിയമനം വൻ പരാജയമാകുകയും അതു പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ചെയ്തു. നേതൃത്വം പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, ഒളിച്ചുനടക്കുന്നു എന്ന ആക്ഷേപവുമുണ്ട്. തിരിച്ചടിയിൽ തനിക്കു പങ്കില്ലെന്നാണു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത്. നേതൃത്വം നിർബന്ധിച്ചിട്ടാണ് സ്ഥാനാർഥിയായതെന്നു സി.കൃഷ്ണകുമാർ വിശദീകരിച്ചെങ്കിലും മറുപക്ഷം അതു തള്ളുന്നു.

നാളെ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയേ‍ാഗത്തിൽ അംഗത്വ ക്യാംപെയിനും മറ്റുമായിരിക്കും പ്രധാന ചർച്ചാവിഷയം. അടുത്ത മാസം ആദ്യആഴ്ചയിൽ കേ‍ാർ കമ്മിറ്റി യേ‍ാഗത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പു സമഗ്രമായി വിലയിരുത്താനാണു സാധ്യത. ബിജെപി –ആർഎസ്എസ് സംഘടനാതല വിലയിരുത്തൽ അടുത്ത ദിവസം നടക്കും.

English Summary:

BJP Palakkad by-election defeat: RSS blames lack of preparation, internal strife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com