മോൺ. ജോർജ് ജേക്കബ് കൂവക്കാട് മെത്രാപ്പൊലീത്തയായി അഭിഷിക്തനായി
Mail This Article
ചങ്ങനാശേരി ∙ പ്രാർഥനാചൈതന്യം നിറഞ്ഞ അന്തരീക്ഷത്തിൽ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനീയ മെത്രാപ്പൊലീത്തയായി മോൺ. ജോർജ് ജേക്കബ് കൂവക്കാട് അഭിഷിക്തനായി. ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങിന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. മോൺ. ജോർജ് ജേക്കബ് കൂവക്കാടിനെ അദ്ദേഹം സ്ഥാനീയ ചിഹ്നങ്ങൾ അണിയിച്ചു. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ് ഡോ. എഡ്ഗർ പാഞ്ഞ പാർറ എന്നിവർ സഹകാർമികരായി.
ഭാരതസഭാ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ഡിസംബർ 7ന് വത്തിക്കാനിൽ കർദിനാൾ പദവി ഏറ്റെടുക്കുന്നതിനു മുന്നോടിയായാണ് മോൺ. ജോർജ് കൂവക്കാട് അഭിഷിക്തനായത്. ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്നത് ഭാരതസഭാ ചരിത്രത്തിൽ ആദ്യമായാണ്. ചങ്ങനാശേരി അതിരൂപതയിൽ മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവർക്കു ശേഷം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് മോൺ. ജോർജ് ജേക്കബ് കൂവക്കാട്. സ്ഥാനാരോഹണ ചടങ്ങിനു മുന്നോടിയായി ചാൻസലർ ഫാ. ഡോ. ജോർജ് പുതുമന മാർപാപ്പയുടെ നിയമനപത്രം വായിച്ചു.
സ്ഥാനാരോഹണത്തെത്തുടർന്ന് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയർപ്പണം നടന്നു. സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, ആർച്ച് ബിഷപ് ഡോ. ലിയോപോൾദോ ജിറെല്ലി, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, ഫാ. തോമസ് കല്ലുകളം എന്നിവർ പ്രസംഗിച്ചു. വത്തിക്കാനിൽ നിന്നുള്ള പ്രതിനിധികൾക്കു പുറമേ ഇതര സഭകളിലെ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, മാർ ജോർജ് കൂവക്കാടിന്റെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ വൻ വിശ്വാസിസമൂഹം ചടങ്ങുകൾക്കു സാക്ഷികളായി.