കൊടിതോരണങ്ങൾ നീക്കി; പിണറായി പഞ്ചായത്ത് ഓഫിസിൽ കൊലവിളിയുമായി സിപിഎം നേതാക്കൾ
![cpm-logo-image cpm-logo-image](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/5/14/cpm-logo-image.jpg?w=1120&h=583)
Mail This Article
കണ്ണൂർ ∙ പാതയോരത്ത് സിപിഎം സ്ഥാപിച്ച കൊടിതോരണങ്ങൾ നീക്കിയതിന്റെ പേരിൽ പിണറായി പഞ്ചായത്ത് ഓഫിസ് ജീവനക്കാർക്ക് പാർട്ടി പ്രവർത്തകരുടെ വധഭീഷണി. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് പാതയോരങ്ങളിലെ ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം എടുത്തുമാറ്റിയത്.
ഇതിന്റെ പേരിൽ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഓഫിസിൽ അതിക്രമിച്ചു കടന്ന ഇവർ വധഭീഷണി മുഴക്കിയും കയ്യും കാലും വെട്ടുമെന്നു പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ജീവനക്കാർ പറയുന്നു.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ അറിയിക്കാൻ രണ്ടു തവണ സർവകക്ഷിയോഗം വിളിച്ചു ചേർത്തിരുന്നുവെന്നും ഹൈക്കോടതി ഉത്തരവുള്ളതിനാൽ നീക്കാൻ നിർബന്ധിതരാകുമെന്ന കാര്യം പറഞ്ഞിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നീക്കിയില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം തടയുന്ന സാഹചര്യവും മുന്നിലുണ്ട്. സിപിഎം പ്രവർത്തകരോട് പറഞ്ഞിട്ടും ബോർഡുകൾ എടുത്തുമാറ്റാൻ തയാറാകാത്ത സാഹചര്യത്തിലാണ് ഇവ നീക്കാൻ ഉദ്യോഗസ്ഥർ നേരിട്ടിറങ്ങിയത്. ഇതാണ് സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കളെ പ്രകോപിപ്പിച്ചത്.
പഞ്ചായത്ത് ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ കഴിഞ്ഞ ദിവസം വായ മൂടിക്കെട്ടിയാണ് ജോലിക്ക് ഹാജരായത്. പഞ്ചായത്ത് ഓഫിസ് പരിസരത്ത് പ്രതിഷേധയോഗവും ചേർന്നു. പിണറായി പഞ്ചായത്ത് ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സിപിഎം അനുഭാവികളും ഇടത് അനുകൂല സംഘടനാ പ്രവർത്തകരുമാണ്.
ഇക്കാര്യം ഓർമപ്പെടുത്തിയാണ് പ്രതിഷേധ യോഗത്തിൽ ജീവനക്കാർ പ്രസംഗിച്ചത്. സ്വതന്ത്രമായും നിർഭയമായും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ഉയർത്തിയ പാർട്ടി പതാകകൾ മുന്നറിയിപ്പില്ലാതെ അഴിക്കുകയും പതാകയെ അപമാനിക്കുകയും ചെയ്തതായി സിപിഎം പിണറായി ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.