ശമ്പള പരിഷ്കരണം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചേക്കും
![kerala-budget-2025-jpeg kerala-budget-2025-jpeg](https://img-mm.manoramaonline.com/content/dam/mm/mo/topics/common/kerala-budget-2025.jpeg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണം വരുന്ന സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഖജനാവിന് കടുത്ത സാമ്പത്തിക ഭാരമാകുമെന്നതിനാൽ ശമ്പള പരിഷ്കരണ കമ്മിഷനെ സർക്കാർ നിയമിക്കുമോ എന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു. 5 വർഷത്തിലൊരിക്കൽ ശമ്പളക്കമ്മിഷനെ നിയമിക്കുന്ന കീഴ്‌വഴക്കം അനുസരിച്ചാണെങ്കിൽ കഴിഞ്ഞ ജൂലൈയിൽ ശമ്പളം പരിഷ്കരിക്കേണ്ടതായിരുന്നു.
സർക്കാരുകളുടെ കാലാവധി കഴിയും മുൻപ് കമ്മിഷനെ നിയമിച്ച് റിപ്പോർട്ട് വാങ്ങി ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതാണു കേരളത്തിലെ പൊതുരീതി. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശമ്പളവർധന പ്രഖ്യാപിക്കുകയും ഇതിന്റെ അധികഭാരമെല്ലാം അടുത്തു വരുന്ന സർക്കാരിന്റെ തലയിലാകുകയും ചെയ്യും.
കോവിഡ് പ്രതിസന്ധിക്കിടയിലും ഒന്നാം പിണറായി സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചു. ഇതു കാരണം 20,000 കോടിയുടെ അധികഭാരം രണ്ടാം പിണറായി സർക്കാരിനുണ്ടായെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ തന്നെ പലവട്ടം വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള കടുത്ത പ്രതിഷേധവും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതിന് ഇക്കുറി സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.
പ്രതിപക്ഷ സർവീസ് സംഘടനകൾക്കു പുറമേ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരുന്നു. ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുമെന്നു പ്രഖ്യാപിക്കുകയും തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കമ്മിഷനെ നിയമിക്കാനുമാണു സാധ്യത.
2019 ഒക്ടോബറിലാണ് കെ.മോഹൻദാസ് അധ്യക്ഷനായി 11–ാം ശമ്പളക്കമ്മിഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം 2021 മാർച്ച് മുതൽ വിതരണം ചെയ്തു.
പക്ഷേ, ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പള, പെൻഷൻ പരിഷ്കരണ കുടിശികയും ഡിഎയും നൽകാൻ കഴിയാതെ വന്നു. ജീവനക്കാരെ സന്തോഷിപ്പിക്കാൻ ചെയ്ത നടപടി മറ്റൊരു തരത്തിൽ അവരുടെ പ്രതിഷേധം വിളിച്ചു വരുത്താനാണ് ഉപകരിച്ചത്.