എൻഡിഎ ബന്ധം; ബിഡിജെഎസ് തുടരുന്നത് സ്ഥാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ
![bdjs-local-news bdjs-local-news](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/3/7/bdjs-local-news.jpg?w=1120&h=583)
Mail This Article
ആലപ്പുഴ ∙ എൻഡിഎ ബന്ധം ഉപേക്ഷിക്കില്ലെന്നു പറയാൻ ബിഡിജെഎസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതു കേന്ദ്ര സർക്കാരിൽനിന്ന് ഇനിയും ലഭിക്കാനിടയുള്ള സ്ഥാനങ്ങൾ. കേരളത്തിനു പുറത്തും പ്രവർത്തനമുള്ള എസ്എൻഡിപി യോഗത്തെ കേന്ദ്ര നിയമത്തിനു കീഴിലാക്കുമെന്ന പ്രതീക്ഷയും പാർട്ടിയുടെ തീരുമാനത്തിനു പിന്നിലുണ്ട്.
കഴിഞ്ഞ എൻഡിഎ സർക്കാരിന്റെ കാലത്ത് സ്പൈസസ് ബോർഡ്, ഐടിഡിസി എന്നിവയുടെ അധ്യക്ഷസ്ഥാനം പാർട്ടിക്കു ലഭിച്ചിട്ടുണ്ട്. അവ ഇനിയും ലഭിക്കാനുള്ള സാധ്യതയാണു പാർട്ടിക്കു മുന്നിലുള്ളത്. പദവികൾ ലഭിച്ചാൽ അതിലേക്കു നിർദേശിക്കേണ്ട പേരുകളെപ്പറ്റി പാർട്ടി നേതൃത്വത്തിൽ ഏകദേശ ധാരണയായിട്ടുമുണ്ട്.
സംസ്ഥാനത്തിനു പുറത്തും പ്രവർത്തനമുണ്ടെങ്കിലും എസ്എൻഡിപി യോഗം ഇപ്പോൾ സംസ്ഥാന നിയമത്തിന്റെ പരിധിയിലാണ്. ഇതു കേന്ദ്ര നിയമത്തിന്റെ പരിധിയിലാക്കുന്നതിനോടു യോഗ നേതൃത്വത്തിനും കേന്ദ്ര സർക്കാരിനും അനുകൂല നിലപാടാണെന്നും നടപടികൾ അവസാന ഘട്ടത്തിലാണെന്നും ബിഡിജെഎസ് നേതാക്കൾ പറയുന്നു. എന്നാൽ, സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല എൻഡിഎയിൽ ശക്തമായി തുടരുന്നതെന്നു ബിഡിജെഎസ് നേതാക്കൾ ആവർത്തിക്കുന്നുണ്ട്.
ബിജെപി അവഗണിക്കുകയാണെന്നും എൻഡിഎ വിടണമെന്നും കഴിഞ്ഞ ദിവസം ബിഡിജെഎസ് കോട്ടയം ജില്ലാ പഠന ക്യാംപ് പ്രമേയം പാസാക്കിയ സാഹചര്യത്തിലാണു മുന്നണി ബന്ധത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമായത്. ഇതു ദേശീയ മാധ്യമങ്ങളിലും വാർത്തയായി. ക്യാംപിൽ രേഖാമൂലമുള്ള പ്രമേയം അവതരിപ്പിച്ചിട്ടില്ലെന്നും വാക്കാലുള്ള അഭിപ്രായത്തെ ക്യാംപിലെ ഭൂരിപക്ഷം കയ്യടിച്ചു പാസാക്കിയതാണു പ്രമേയമായി വ്യാഖ്യാനിക്കുന്നതെന്നുമാണു സംസ്ഥാന നേതാക്കൾ പറയുന്നത്. എന്നാൽ ഒരു ജില്ലാ ക്യാംപിലെ ഭൂരിപക്ഷം ഇങ്ങനെയൊരു അഭിപ്രായം അംഗീകരിച്ച സ്ഥിതിക്കു ഫെബ്രുവരി ഒന്നിനു ചേർത്തലയിൽ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അറിയുന്നു.