‘ഡയലോഗ് കേട്ടാൽ പുകവലി നിർത്തണം; അത് അക്ഷരം പ്രതി പാലിച്ചു ഗോപൻ’
Mail This Article
എങ്ങനെയാണ് ഈ ശബ്ദം നിലനിർത്തുന്നത്? അതിനായി എന്തെങ്കിലും ചെയ്യാറുണ്ടോ? എന്ന് ഒരിക്കൽ ഗോപനോട് ചോദിച്ചു. പൊട്ടിച്ചിരിയായിരുന്നു മറുപടി. ശബ്ദം സൂക്ഷിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം കൈവശമുണ്ട്, ഗോപൻ പറഞ്ഞു. ‘നല്ല പുകവലി, നിർത്താതെയുള്ള വെറ്റില മുറുക്കൽ’ എന്നാൽ വാർത്ത വായനയിൽ ഇതെന്നും ഗോപന്റെ ശബ്ദത്തെ ബാധിച്ചില്ല. വോയ്സ് മോഡുലേഷൻ എങ്ങനെയാകണം എന്ന് പഠിക്കണമെങ്കിൽ ഗോപന്റെ വാർത്താ ബുള്ളറ്റിൻ കേട്ടു നോക്കിയാൽ മതി. നല്ല വലിക്കാരനായിരുന്ന ഗോപൻ തന്നെ പുകവലിക്കെതിരായ പരസ്യത്തിൽ ശബ്ദം നൽകിയത് തികച്ചും യാദൃച്ഛികം.
കേന്ദ്രആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഒരു സന്നദ്ധസംഘടന ഒരുക്കിയ പരസ്യം റിക്കാർഡ് ചെയ്യുന്നതിനു മുമ്പ് ഗോപനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രമാണ്–നല്ല ''മോറോ "ശബ്ദമാകണം. ഡയലോഗ് കേട്ടാൽ ആളുകൾ പുകവലി നിർത്തണം. അത് അക്ഷരം പ്രതി പാലിച്ചു ഗോപൻ. പരസ്യത്തിലെ ശബ്ദത്തെ വെറുക്കുകയും ആ ശബ്ദത്തിന്റെ ഉടമയെ സ്നേഹിക്കുകയും ചെയ്യുന്ന ഇന്ദ്രജാലം ഗോപനു മാത്രം കൈമുതലാണ്.
ഗോപന്റെ ശബ്ദത്തെ ഏറ്റവും കൂടുതൽ വേദികളിൽ മിമിക്രിയായി അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് 2014–ൽ ഡൽഹിയിലെത്തിയപ്പോൾ ഗോപൻ അങ്ങോട്ടു പോയി പരിചയപ്പെടുകയായിരുന്നു–താങ്കൾ അനുകരിക്കുന്ന ശബ്ദം എന്റേതാണെന്ന് പറഞ്ഞു കൊണ്ട്. ചെവ്വാഴ്ച സുരാജ് ഫെയ്സ് ബുക്കിൽ എഴുതിയതും ആ ഓർമയാണ്.
മലയാളത്തിലെ പഴയ തലമുറയെയും പുതിയ തലമുറയെയും ഒരേ പോലെ ആകർഷിച്ച ശബ്ദമായിരുന്നു ഗോപന്റേത്. ടെലിവിഷൻ വരുന്നതിനു മുമ്പ് കേരളത്തിലെ മലയാളി വാർത്തകൾക്കായി ആശ്രയിച്ചിരുന്നത് ആകാശവാണിയെയും പത്രങ്ങളെയും മാത്രം.
അന്ന് വാർത്താവായനക്കാർ മലയാളികളുടെ ഹൃദയം കയ്യടക്കി.പത്മനാഭൻ, ബാലറാം, ഒാംചേരി, ബാലരാമൻ, ശങ്കരനാരായണൻ, മാവേലിക്കര രാമചന്ദ്രൻ, സത്യേന്ദ്രൻ, ടി എൻ. സുഷമ തുടങ്ങിയ പേരുകൾ ഡൽഹിയിൽ നിന്നും രാമചന്ദ്രനും പ്രതാപനും തിരുവനന്തപുരത്തു നിന്നും അങ്ങനെ മലയാളികളെ കീഴടക്കിയ ശബ്ദത്തിന്റെ ഉടമകളാണ്.
ടിവി അരങ്ങ് കീഴടക്കിയതോടെ ആകാശവാണി വാർത്തകളുടെ ശ്രോതാക്കൾ കുറഞ്ഞു. ഒടുവിൽ ഡൽഹിയിൽ നിന്ന് മലയാള വാർത്താ വിഭാഗം തന്നെ നിർത്തി.
തിരുവനന്തപുരത്തെ പ്രസിദ്ധമായ റോസ്ക്കോട്ട് കുടുംബാംഗമായ ഗോപൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമായി ഡൽഹിയിലേക്കു വന്നത് കോളജ് അധ്യാപകൻറ ജോലി ഉറപ്പായെന്നു കരുതിയാണ്. എന്നാൽ അതു കൈവിട്ടു പോവുകയും വാർത്താ വായനക്കാരനാവുകയും ചെയ്തത് ഒരു നിയോഗമായിരുന്നു. ചരിത്രം പഠിച്ച ഗോപൻ ചരിത്രസംഭവങ്ങൾ ശ്രോതാക്കളിലേക്ക് എത്തിച്ചു.
നെഹ്റുവിന്റെ മരണവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതും ആകാശവാണിയിലൂടെ മലയാളികളെ അറിയിച്ചത് ഗോപനാണ്. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച ദിവസം വിവിധ ഭാഷകളിൽ പ്രത്യേക ബുള്ളറ്റിനുകൾ പ്രക്ഷേപണം ചെയ്തപ്പോൾ മലയാളം മാത്രമല്ല തമിഴും വായിച്ചത് ഗോപനായിരുന്നു.
ഡൽഹിയിലെ എത്രയെത്ര അരങ്ങുകൾക്കാണ് ഗോപൻ അവതാരകനായിരുന്നത്. ഉച്ചാരണ സ്ഫുടത, ലയം, വികാരനിർഭരമായ അവതരണ രീതി , കേൾക്കുന്നവരെ പിടിച്ചിരുത്തുന്ന ശബ്ദ ഗാംഭീര്യം എന്നിവയായിരുന്നു ഗോപന്റെ സവിശേഷതകൾ.
ആകാശവാണിയിലെ ഒരേ യൂണിറ്റിൽ ഏറ്റവും കൂടുതൽ കാലം ന്യൂസ് റീഡർ ആയിരുന്നതിനുള്ള റെക്കോർഡ് ഗോപന്റെ പേരിലാണ്. വാർത്താ വായനയിലെ ഈ റെക്കോർഡ് ഇനി തിരുത്തപ്പെടാനും സാധ്യത കുറവാണ്.
ഗോപൻ വിടപറയുമ്പോൾ ഡൽഹിയിൽ ഒരു കാലഘട്ടവും യാത്ര പറയുകയാണ്. ആകാശവാണി വാർത്തകളുടെയും റേഡിയോ നാടകങ്ങളുടെയും ഒരു കാലഘട്ടം. മലയാളികൾ ഒരു ശബ്ദത്തെയും അതിെൻറ ഉടമയെയും നെഞ്ചിലേറ്റിയ കാലഘട്ടം.
പ്രിയ ഗോപൻ, ക്ഷമിച്ചാലും
ന്യൂഡൽഹി ∙ മലയാളികളുടെ പ്രിയപ്പെട്ട വാർത്താ അവതാരകനും ആകാശവാണി മുൻ ന്യൂസ് റീഡറും പ്രമുഖ നടനുമായിരുന്ന ഗോപന്റെ ( എൻ. ഗോപിനാഥൻ നായർ) മൃതദേഹത്തോട് ഡൽഹി കേരളാ ഹൗസും കേരള സർക്കാരും തികഞ്ഞ അനാദരം കാട്ടിയതായി വ്യാപക പരാതി. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ അന്തരിച്ച ഗോപന്റെ മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കുന്നതിനു മുൻപു കുറച്ചു സമയം കേരള ഹൗസ് കോൺഫറൻസ് ഹാളിൽ പൊതു ദർശനത്തിനു വയ്ക്കണം എന്ന അഭ്യർഥന അധികൃതർ നിരാകരിച്ചു.
ഡൽഹിയിലെ മാധ്യമ പ്രവർത്തകരും വിവിധ സംഘടനാ പ്രവർത്തകരും കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അപേക്ഷിച്ചിട്ടും അനുമതി ലഭിച്ചില്ല. ഇതു സാധ്യമല്ലെന്നും കേരളാ ഹൗസിൽ നടക്കില്ലെന്നും അങ്ങനെ തീരുമാനിച്ചിട്ടുണ്ടെന്നും കേരളാ ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ വ്യക്തമാക്കി. വേണമെങ്കിൽ ട്രാവൻകൂർ ഹൗസിൽ കുറച്ചു നേരം മൃതദേഹം വയ്ക്കാമെന്ന് അവസാനം അനുമതി നൽകി. എന്നാൽ പൊടിപിടിച്ചും കാടുകയറിയും അനാഥമായി കിടക്കുന്ന സ്ഥലത്തു മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാൻ ആരും തയാറായില്ല. തുടർന്ന് മൃതദേഹം കാൽക്കാജിയിൽ ഗോപന്റെ വസതിയിലേക്കു കൊണ്ടുപോയി.
ഇതിനു മുൻപു പല മാധ്യമപ്രവർത്തകരുടെയും പ്രമുഖരുടെയും മൃതദേഹം കേരള ഹൗസിൽ പൊതു ദർശനത്തിനു വച്ചിട്ടുണ്ട്.ഇടമറുക്, വി കെ. മാധവൻകുട്ടി, ജോർജ് വർഗീസ്, ടി വി ആർ ഷേണായ്, ആർ. രാധാകൃഷ്ണൻ നായർ തുടങ്ങിയ മാധ്യമപ്രവർത്തകർക്കു ഡൽഹി മലയാളികൾ അന്ത്യാഞ്ജലി അർപ്പിച്ചത് കേരളാ ഹൗസിലാണ്. കേന്ദ്രസർക്കാരിന്റെ ഒൗദ്യോഗിക മാധ്യമമായ ആകാശവാണിയിൽ മലയാള വാർത്താ വിഭാഗത്തിന്റെ തലവനും കേരള സർക്കാരിന്റേത് ഉൾപ്പെടെ ഒട്ടേറെ പരിപാടികളുടെ അവതാരകനുമായിരുന്ന ഗോപന് യഥോവിധം അന്ത്യയാത്ര ഒരുക്കാനുള്ള മലയാളികളുടെ ആഗ്രഹത്തിനാണു കേരളാ ഹൗസ് അധികൃതർ പ്രതികൂലമായി നിന്നത്.
തന്നെ ആരും അറിയിച്ചില്ലെന്നും ആരും ഒൗദ്യോഗികമായി കത്തു നൽകിയിട്ടില്ല എന്നുമായിരുന്നു ആദ്യം റസിഡന്റ് കമ്മിഷണറുടെ തടസ്സവാദം. പിന്നീട് അദ്ദേഹം ഡൽഹിയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മൃതദേഹം വയ്ക്കാനാവില്ല എന്ന നിലപാടെടുത്തു. ഇത് രാഷ്ട്രീയവും അല്ലാത്തതുമായ പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോപന്റെ മൃതദേഹം വീട്ടിൽ പൊതു ദർശനത്തിനു വച്ച ശേഷം ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ സംസ്കരിച്ചു. നാലു പതിറ്റാണ്ടു കാലം ഡൽഹിയുടെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ശബ്ദവിസ്മയത്തിന്റെ ഉടമയെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നു യാത്രയാക്കി.
കേരളാ ഹൗസിൽ മലയാളി ‘പുറത്ത്’
ന്യൂഡൽഹി ∙ കേരളാഹൗസിൽ മലയാളികൾക്ക് അവഗണനയാണെന്നു ജനസംസ്കൃതി. മലയാളികൾക്ക് ആശ്രയമായി മാറേണ്ട സ്ഥാപനത്തിൽ മലയാളികളെ അകറ്റി നിർത്തുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നു ജനസംസ്കൃതി ജനറൽ സെക്രട്ടറി വിനോദ് കമ്മാളത്ത് ആരോപിച്ചു.
കേരള സർക്കാരിന്റെ പ്രതിനിധിയായ കേരളാഹൗസ് റസിഡന്റ് കമ്മിഷണർ മലയാളികളോടും മലയാളി സംഘടനകളോടും അവഗണനയാണു പ്രകടിപ്പിക്കുന്നത്.
ആകാശവാണിയിലെ മുൻ അവതാരകനും ഡൽഹിയിലെ സാംസ്കാരിക രംഗത്തു സജീവ സാന്നിധ്യവുമായിരുന്ന ഗോപന് ആദരാഞ്ജലി അർപ്പിക്കാൻ കേരളാ ഹൗസിലെ കോൺഫറൻസ് ഹാൾ അനുവദിക്കാതിരുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണ്.
കേരളാ ഹൗസ് അധികാരികളെ നിലയ്ക്കു നിർത്താൻ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിനോദ് കമ്മാളത്ത് ആവശ്യപ്പെട്ടു.
കേരളാ ഹൗസിലുണ്ടായ അവഗണന സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു കത്ത് അയയ്ക്കുമെന്നും ജനസംസ്കൃതി ഭാരവാഹികൾ അറിയിച്ചു.