അയാൾ വരുന്നു, രക്ഷിക്കൂ: കരച്ചിൽ പൊലീസ് കേട്ടില്ല; 15കാരിയെ പീഡിപ്പിച്ച് ചുട്ടുകരിച്ചു
![Alexandra-Macesanu അലെക്സാന്ദ്ര (ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/8/3/Alexandra-Macesanu.jpg?w=1120&h=583)
Mail This Article
ബുക്കാറസ്റ്റ്∙ ‘ദയവു ചെയ്ത് അൽപസമയം കൂടി ഈ ഫോണിൽ എനിക്കൊപ്പമൊന്നു നിൽക്കൂ...വല്ലാതെ പേടിയാകുന്നു...’ തെക്കു പടിഞ്ഞാറൻ റുമേനിയയിലെ കറസാൽ നഗരത്തിലുള്ള പൊലീസിന്റെ എമർജൻസി നമ്പറിലേക്കായിരുന്നു ആ ഫോൺ. അങ്ങേത്തലയ്ക്കൽ പരിഭ്രാന്തിയോടെ നിലവിളിച്ചു കൊണ്ടിരുന്നത് അലെക്സാന്ദ്ര എന്ന പതിനഞ്ചുകാരി. ജൂലൈ 25ന് ഉച്ചയ്ക്ക് 1.03നും 1.12നും ഇടയിലായി കോൾ സെന്ററിലേക്ക് ആ പെൺകുട്ടി വിളിച്ചത് മൂന്നു തവണ. തന്നെ ആരോ തട്ടിക്കൊണ്ടു വന്നതാണെന്നും അയാൾ തല്ലിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും അവൾ പറഞ്ഞു കൊണ്ടേയിരുന്നു.
പൊലീസ് എപ്പോൾ വരുമെന്നും ഭീതിയോടെ അന്വേഷിച്ചു. ഏറ്റവുമൊടുവിൽ വിളിച്ചപ്പോൾ പൊലീസുകാരൻ പറഞ്ഞു– ‘ഇതെന്തൊരു ശല്യമാണ്. ഇങ്ങനെ വിളിക്കാതിരിക്കൂ. ഞങ്ങൾക്കു നിങ്ങളുടെ ഫോൺ മാത്രമല്ല സ്വീകരിക്കാനുള്ളത്. ലൈൻ ബിസിയാക്കാതിരിക്കൂ...’ എന്നായിരുന്നു. ‘അയാൾ വരുന്നു, അയാൾ വരുന്നു...’ എന്ന അവസാന വാക്കുകളോടെ ആ പെൺകുട്ടിയുടെ ഫോൺകോൾ അവസാനിച്ചു. മിനിറ്റുകൾക്കകം പൊലീസ് അവൾക്കരികിലേക്ക് എത്തുമെന്ന് ഓഫിസർ ആശ്വസിപ്പിച്ചിരുന്നു. പക്ഷേ പൊലീസ് അവളെ തടവിൽ പാർപ്പിച്ചയിടത്തേക്ക് എത്തിയത് പിന്നെയും 19 മണിക്കൂർ കഴിഞ്ഞ് 26ന് ഉച്ചയോടെ.
കറസാലിലെ ഒരു വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു അലെക്സാന്ദ്രയുടെ ഫോൺ സന്ദേശം. പക്ഷേ പൊലീസിന് ഫോണ്‍ വന്നതെവിടെ നിന്നാണെന്നു കണ്ടെത്താനായില്ല. മേഖലയിലെ മൂന്നു വീടുകൾ പരിശോധിച്ചാണ് അലെക്സാന്ദ്ര ഫോണ്‍ വിളിച്ച വീടു തിരിച്ചറിഞ്ഞത്. അവിടെ കയറാനായി സേർച്ച് വാറന്റിനു വേണ്ടിയും പൊലീസ് കാത്തിരുന്നു. പക്ഷേ അകത്തെത്തിയ അവർക്ക് ആകെ കണ്ടെത്താനായതു നിലത്തു ചിതറിക്കിടന്ന ചോരയും ഏതാനും എല്ലിൻ കഷണങ്ങളും മാത്രം. ഗ്യോർഘെ ഡീൻക (65) എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. അലെക്സാന്ദ്രയെ താൻ കൊലപ്പെടുത്തിയതായി അയാൾ പറയുകയും ചെയ്തു.
![Alexandra-Macesanu-4 Alexandra-Macesanu-4](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2019/7/27/Alexandra-Macesanu-4.jpg)
എന്നാൽ പൊലീസ് ഡിഎൻഎ പരിശോധനയ്ക്കായി കാത്തിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ റിപ്പോർട്ടും എത്തി– കണ്ടെത്തിയ എല്ലിൻകഷണങ്ങൾ ആ പെൺകുട്ടിയുടേതു തന്നെയാണെന്നു വ്യക്തമായി. അലെക്സാന്ദ്രയുടെ വീട്ടുകാരുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. പക്ഷേ അവരുടെ സ്വപ്നങ്ങൾ തകർന്നയിടത്തു നിന്ന് റുമേനിയൻ ജനതയുടെ പ്രതിഷേധം ഉയരുകയായിരുന്നു.
സംഭവത്തിനു പിന്നാലെ രാജ്യമെമ്പാടും വൻ പ്രതിഷേധം അരങ്ങേറി. പൊലീസിന്റെ തലപ്പത്തെ ഉന്നതരുടെ സ്ഥാനം തെറിച്ചു. രണ്ടു മന്ത്രിമാർക്കു രാജിവയ്ക്കേണ്ടി വന്നു. രാജ്യാന്തര തലത്തിൽ തന്നെ റുമേനിയയിലെ നിയമവ്യവസ്ഥയുടെ പാളിച്ചയും പരാജയവും ചർച്ചയായി. അതിലേക്കു നയിച്ചതാകട്ടെ അലെക്സാന്ദ്ര എമർജൻസി കോൾ സെന്ററിലേക്കു നടത്തിയ ഫോൺകോളിന്റെ ശബ്ദരേഖയും.
പതിനഞ്ചുകാരിയെ ക്രൂരമായി മർദിച്ച്, ലൈംഗികമായി പീഡിപ്പിച്ചു തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു ഗ്യോർഘെ. പൊലീസിനു ഫോണ്‍ ചെയ്തെന്നു മനസ്സിലായതോടെ കൊലപ്പെടുത്തി മാലിന്യങ്ങൾ കത്തിച്ചു കളയാന്‍ വേണ്ടി ഇയാൾ തന്നെ പ്രത്യേകം നിർമിച്ച ഇൻസിനേറ്ററിലിട്ടു ചുട്ടുകരിച്ചു. മെക്കാനിക്കായ ഇയാള്‍ക്കെതിരെ ഇതുവരെ മറ്റു കേസുകളൊന്നും ഉണ്ടായിട്ടില്ല. ഗ്യോർഘെയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു.
മൂന്നു മാസം മുൻപ് സമാനമായ സാഹചര്യത്തിൽ ലൂയിസ എന്നൊരു പെൺകുട്ടിയെയും ഇയാൾ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയിട്ടുണ്ട്. അവിടെയും തെളിഞ്ഞത് പൊലീസിന്റെ അനാസ്ഥ. പരാതി നൽകി മൂന്നു മാസത്തോളം പ്രാദേശിക പൊലീസ് അന്വേഷണം പോലും നടത്തിയില്ലെന്നു മാതാപിതാക്കൾ പറയുന്നു. ഒരിക്കൽ ഇതിനെപ്പറ്റി പൊലീസിനോടു ചോദിച്ചപ്പോൾ അവരിലൊരാൾ പറഞ്ഞതിങ്ങനെ– ‘അവൾ ഏതെങ്കിലും സുന്ദരനായ ചെറുപ്പക്കാരനൊപ്പം ഓടിപ്പോയതായിരിക്കും...’
![ROMANIA-CRIME ROMANIA-CRIME](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2019/7/27/Gheorghe-Dinca-House.jpg)
കുറ്റം ഗ്യോർഘെ ഏറ്റുപറഞ്ഞെങ്കിലും ഇപ്പോഴും ഇയാൾ പരസ്പര വിരുദ്ധമായാണു കാര്യങ്ങൾ പറയുന്നതെന്നാണു പൊലീസ് നിലപാട്. ലൂയിസയുടെ കാര്യത്തിൽ തട്ടിക്കൊണ്ടു പോയതിനു തെളിവൊന്നുമുണ്ടായിരുന്നില്ലെങ്കിൽ അലെക്സാന്ദ്രയുടേതിൽ അങ്ങനെയല്ല. ഈ പെൺകുട്ടി എമർജൻസി കോൾ സെന്ററിലേക്കു വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം റിക്കാർഡ് ചെയ്യപ്പെട്ടിരുന്നു. അതിന്റെ വിവരങ്ങൾ അലെക്സാന്ദ്രയുടെ അമ്മാവനു ലഭിക്കുകയും ചെയ്തു. സ്പെഷൽ കമ്യൂണിക്കേഷൻസ് യൂണിറ്റിൽ നിന്നാണു ശബ്ദരേഖ ഇദ്ദേഹം സ്വന്തമാക്കിയത്. ഫെയ്സ്ബുക്കിലൂടെ ആ സംഭാഷണ രേഖ പുറത്തുവിട്ടതിനു പിന്നാലെ പല ഉന്നതരുടെയും സ്ഥാനം തെറിക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രിയും പൊലീസ് മേധാവിയും രാജിവച്ചു. ‘അപരിചിതരുടെ കാറിൽ കയറരുതെന്ന് എന്നെ പഠിപ്പിച്ചിട്ടുണ്ട്’ എന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി എകറ്റേറിന ആൻഡ്രൊനെസ്ക്യുവിനും രാജിവയ്ക്കേണ്ടി വന്നു. അലെക്സാന്ദ്രയുടെ തിരോധാനം സംബന്ധിച്ച ഒരു ചാനൽ ചർച്ചയിലായിരുന്നു മന്ത്രിയുടെ ഈ പരാമർശം. പിന്നാലെ ഇവരുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങുകയായിരുന്നു.
അലെക്സാന്ദ്രയുടെ ഫോൺ സ്വീകരിച്ച എമർജൻസി നമ്പർ ഓപറേറ്ററും പൊലീസുകാരനും നടപടി നേരിടേണ്ടി വരും. ഇരുവരും സഹായിക്കുന്നതിനു പകരം പെൺകുട്ടിയെ നിരുത്സാഹപ്പെടുത്തുകയാണു ചെയ്തതെന്നു തെളിഞ്ഞിട്ടുണ്ട്. ഏറെനേരവും അനാവശ്യ കാര്യങ്ങളാണ് അവർ ചോദിച്ചത്. പെൺകുട്ടിയെ വിശ്വാസത്തിലെടുക്കാത്ത വിധമായിരുന്നു സംസാരം. ദേഷ്യപ്പെട്ടു സംസാരിക്കുന്നതും വ്യക്തം.
ആദ്യത്തെ ഫോൺവിളിയിൽ തന്നെയൊരാൾ തട്ടിയെടുത്തു കാറിലിട്ട് കറസാലിലെ ഒരു വീട്ടിലേക്കു കൊണ്ടു വരികയായിരുന്നെന്നാണ് അലെക്സാന്ദ്ര വ്യക്തമാക്കുന്നത്. എന്നാൽ എവിടെയാണ് ഇപ്പോഴെന്ന ചോദ്യത്തിന് ഉത്തരമില്ലാതായതോടെ വസിലിക്ക വിയോറെൽ എന്ന കോൾ ഓപറേറ്റർ ഫോൺ വച്ചു. പിന്നീട് ഒരു പൊലീസ് ഓഫിസറുടെ സഹായം തേടി.
![Alexandra-Macesanu--3 Alexandra-Macesanu--3](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2019/7/27/Alexandra-Macesanu--3.jpg)
മിനിറ്റുകൾക്കകം ഫോൺ വീണ്ടുമെത്തി. തട്ടിക്കൊണ്ടുപോയതിന്റെ കൂടുതൽ വിവരങ്ങൾ നൽകാനായിരുന്നു പെൺകുട്ടി ശ്രമിച്ചത്. ‘ഒരു വീട്ടിലാണ് ഞാനുള്ളത്. പക്ഷേ മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. ജനലിലൂടെ ആകെ കാണാവുന്നത് ഒരു ഗേറ്റ് മാത്രം...’ സംഭാഷണം തുടരുന്നതിനിടെ പൊലീസ് ഓഫിസർ ഇടപെട്ടു. ജനലിലൂടെ കാണാവുന്ന ഒരു വീടിന്റെ വിലാസം അലെക്സാന്ദ്ര പറഞ്ഞുകൊടുത്തു.
പൊലീസ് വരുന്നതു വരെ ഇപ്പോഴുള്ളയിടത്തു തന്നെ തുടരാനായിരുന്നു നിർദേശം. ‘പെട്ടെന്നു വരൂ, എനിക്കയാളെ പേടിയാണ്. അയാളെന്നെ കുറേ തല്ലി...’ ആ പെൺകുട്ടി കരച്ചിലോടെ പറഞ്ഞു. മൂന്നാമതും അവൾ വിളിച്ചു. ‘നിങ്ങൾ ആരെയെങ്കിലും അയച്ചോ...?’ എന്നായിരുന്നു ആദ്യചോദ്യം. ‘അയാൾ തിരിച്ചു വരുന്നുണ്ടെന്നു തോന്നുന്നു. എനിക്കു പേടിയാകുന്നു...’ അവൾ പറഞ്ഞു. പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. അൽപമൊന്ന് ശാന്തയാകൂ എന്നും ഉപദേശം. അപ്പോഴും ഫോണിലൂടെ കരച്ചിൽ തുടരുകയായിരുന്നു. ‘അയാൾ വരുന്നു, അയാൾ വരുന്നു...’ എന്ന ഭയം നിറഞ്ഞ ശബ്ദത്തിനും പൊലീസിന്റെ ‘അസ്വസ്ഥതയെ’ തണുപ്പിക്കാനായില്ല.
‘എനിക്ക് അധികനേരം ഇങ്ങനെ തുടരാനാകില്ല, മറ്റു ഫോണുകൾ വരുന്നതും എടുക്കണ്ടേ...? രണ്ടു മൂന്നു മിനിറ്റിനകം പൊലീസ് കാർ അവിടെയെത്തും. ഇതെന്തൊരു കഷ്ടമാണ്. കാർ അവിടേക്കു വന്നുകൊണ്ടിരിക്കുകയാണ്...’ ഈ വാക്കുകൾപ്പുറം പിന്നീടു ലോകം കേൾക്കുന്നത് അലെക്സാന്ദ്രയുടെ മരണ വാർത്തയാണ്. സേർച്ച് വാറന്റ് വേണ്ടാതിരുന്നിട്ടു കൂടി ഈ കേസിൽ പൊലീസ് അതിനും കാത്തു നിന്നു. ഒടുവിൽ 19 മണിക്കൂറിനു ശേഷം പ്രതിയെ പിടികൂടുമ്പോൾ അയാൾ അവശേഷിപ്പിച്ച തെളിവുകൾ ഏതാനും തുള്ളി രക്തവും എല്ലിൻകഷണങ്ങളും മാത്രം!
![Alexandra-Macesanu-2 Alexandra-Macesanu-2](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2019/7/27/Alexandra-Macesanu-2.jpg)
പൊലീസിന് ഉൾപ്പെടെ സർക്കാർ മേഖലയിൽ അടുത്തിടെ വൻ ശമ്പള വർധനമാണ് റുമേനിയയിൽ നടപ്പാക്കിയത്. എന്നിട്ടും പൊതുജനത്തിനു സഹായം ലഭിക്കുന്നില്ലെന്നാണ് അലെക്സാന്ദ്രയുടെ മരണത്തോടെ വ്യക്തമായിരിക്കുന്നതെന്നു ബന്ധുക്കൾ പറയുന്നു. സംഭവത്തിനു പിന്നാലെ വൻ പ്രക്ഷോഭ റാലികളും റുമേനിയയിൽ നടന്നു. രണ്ടു പെൺകുട്ടികളും കറസാലിൽ നിന്നു സ്വന്തം ഗ്രാമത്തിലേക്കു നടന്നു വരുന്നതിനിടെയായിരുന്നു തട്ടിക്കൊണ്ടു പോകപ്പെട്ടത്. മേഖലയിൽ ആവശ്യത്തിനു പൊതുഗതാഗത സംവിധാനമില്ലാത്തതിനാലാണ് ഇതു സംഭവിച്ചതെന്നും ആരോപണമുണ്ട്.
മനുഷ്യക്കടത്തിലും റുമേനിയ ഒന്നാം സ്ഥാനത്താണ്. യൂറോപ്യൻ യൂണിയനു കീഴിൽ 2015ലും 2016ലും രേഖപ്പെടുത്തിയ മനുഷ്യക്കടത്തിൽ 74 ശതമാനവും റുമേനിയയിൽ നിന്നായിരുന്നു. ഇതിൽത്തന്നെ മിക്കവരും ഒൾട്ടേനിയ പ്രദേശത്തു നിന്നും. അലെക്സാന്ദ്രയെയും ലൂയിസയെയും തട്ടിക്കൊണ്ടു പോയതും ഇതേ മേഖലയിൽ നിന്നായിരുന്നു. മാഫിയ സ്റ്റേറ്റ് എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നതു തന്നെ. രാഷ്ട്രീയക്കാരും പൊലീസും നീതിന്യായ വ്യവസ്ഥയുമെല്ലാം അഴിമതിയുടെ പിടിയിലാണ്. അതിനാൽത്തന്നെ മനുഷ്യക്കടത്തും അനുസ്യൂതം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary: Alexandra Macesanu Murder: Tragic death of a romanian girl that shocked the world