ഭക്ഷ്യക്കിറ്റ് വിതരണത്തിൽ ആൾക്കൂട്ടം; അടൂര്‍ പ്രകാശിനെതിരെ കേസ്
Mail This Article
തിരുവനന്തപുരം ∙ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനെതിെര ലോക്ഡൗണ്‍ ലംഘനത്തിന് പൊലീസ് കേസെടുത്തു. ലോയേഴ്സ് കോണ്‍ഗ്രസിന്റെ ഭക്ഷ്യകിറ്റ് വിതരണത്തിൽ സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിക്കാതെ ആൾക്കൂട്ടമെത്തിയതിന്റെ പേരിലാണ് കേസ്. എന്നാൽ ഇതു രാഷ്ട്രീയ വൈരാഗ്യം കൊണ്ടുള്ള നടപടിയാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ലോക്ഡൗണ്‍ ലംഘനത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കി.
നെടുമങ്ങാട് കോടതിക്കു മുന്നില്‍ ഇന്നു രാവിലെയാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റ് വിതരണം സംഘടിപ്പിച്ചത്. അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സംഘാടകരെ കൂടാതെ എണ്‍പതിലേറെപ്പേര്‍ പങ്കെടുത്തു. സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിച്ചില്ലെന്ന് ആരോപിച്ചാണ് എംപിയ്ക്കും കണ്ടാലറിയാവുന്ന പത്തിലേറെപ്പേര്‍ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്. എന്നാല്‍ പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം.
സമാനരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്നതാണ് കോണ്‍ഗ്രസിന്റെ ആരോപണം. പോത്തന്‍കോട് സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ദുരിതാശ്വാസഫണ്ട് സ്വീകരിച്ച പരിപാടിയില്‍ ലോക്ഡൗണ്‍ ലംഘനം നടന്നെന്ന് കാണിച്ച് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് പോത്തന്‍കോട്, നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ഡിസിസി ഭാരവാഹികള്‍ ഉപവാസവും നടത്തിയിരുന്നു. കെഎസ്‌യു ഗവര്‍ണറുടെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു.
English Summary : Lockdown violation case against Adoor Prakash MP