ADVERTISEMENT

പാലക്കാട് ∙ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച രാത്രി മരിച്ച പയ്യലൂർ സ്വദേശി അഞ്ജലിയെ ഗുരുതരാവസ്ഥയിലുള്ളവർക്കു ചികിൽസ നൽകിയിരുന്ന ട്രോമ ഐസിയുവിൽ കിടത്തിയത് സംബന്ധിച്ച് ആക്ഷേപം. പാലക്കാട് ജില്ലാ ആശുപത്രിയിലാണു നിരുത്തരവാദപരമായ നടപടിയുണ്ടായത്. തിരുപ്പൂരിൽ നിന്നെത്തി പയ്യലൂരിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ചു. തുടർന്നാണ് അഞ്ജലിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 20ന് കോവിഡ് പരിശോധന നടത്തി. 22ന് ഫലം ലഭിച്ചപ്പോൾ പോസിറ്റീവ്.

ഈ ദിവസങ്ങളിലും രോഗം സ്ഥിരീകരിച്ച ശേഷവും എയർ കണ്ടിഷൻ സംവിധാനമുള്ള ഇതേ മുറിയിൽ മറ്റു രോഗങ്ങളുള്ള നാലു പേർ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 11ന് ആണ് അഞ്ജലിയുടെ മരണം സ്ഥിരീകരിച്ചത്. തുടർന്നു ശനിയാഴ്ച രാവിലെയോടെ ഇവിടെനിന്നു മൂന്നു പേരെ ഐസലേഷൻ മുറിയിലേക്കു മാറ്റി. ശ്വാസകോശ രോഗമുള്ള, 70 വയസ്സുള്ള ഒരു രോഗിയെ ഇപ്പോഴും ഇതേ മുറിയിൽത്തന്നെയാണു കിടത്തിയിരിക്കുന്നത്. മുറി ശുചീകരിക്കാനോ അണുമുക്തമാക്കാനോ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെന്നു കൂട്ടിരിപ്പുകാർ പറയുന്നു.

ട്രോമ ഐസിയുവിലുള്ള രോഗികൾക്കു ഇതുവരെ ഭക്ഷണം എത്തിച്ചതു പുറമേ നിന്നാണ്. ഇവർക്കു ഭക്ഷണം എത്തിക്കുന്ന പാത്രങ്ങൾ ഉൾപ്പെടെ പുറത്തേയ്ക്കും നൽകുന്നുണ്ട്. കോവിഡ് രോഗി കിടന്ന മുറിയിൽ അവർക്കൊപ്പം കഴിഞ്ഞവർക്കും രോഗം പോസിറ്റീവാകാൻ സാധ്യതയുണ്ടെന്നിരിക്കെ ഇവർ ഉപയോഗിച്ച പാത്രങ്ങൾ പുറത്തേക്കു നൽകിയതും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ഭീതിയുണ്ട്. അഞ്ജലിക്കു കോവിഡ് പോസിറ്റീവായതോടെ നെഗറ്റീവായ രോഗികളെ ഇവിടെ നിന്ന് മാറ്റണമെന്ന് നഴ്സുമാർ ഉൾപ്പടെ പലതവണ ആവശ്യപ്പെട്ടെങ്കിലും അധികൃതരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.

ട്രോമ ഐസിയുവിൽ പിപിഇ ധരിച്ചാണു ജോലി ചെയ്യുന്നതെന്നതിനാൽ നഴ്സുമാരുടെ കാര്യത്തിൽ ഭീതിയില്ല. അതേസമയം ഐസിയുവിലുണ്ടായിരുന്നതു ശ്വാസകോശ രോഗം ബാധിച്ചവർ ഉൾപ്പടെ ആയിരുന്നതിനാൽ ആശങ്കയുണ്ട്. ഇതിനിടെ ആശുപത്രിയിൽ മറ്റ് വാർഡുകളിൽ ജോലി ചെയ്തിരുന്ന മൂന്ന് സ്റ്റാഫ് നഴ്സുമാർക്ക് കോവിഡ് പോസിറ്റീവായി. ഇതിൽ രണ്ടു പുരുഷ നഴ്സുമാരുടെ വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടുള്ളത്. സ്രവപരിശോധനാഫലം വന്നതിനു പിന്നാലെ ആംബുലൻസ് വീട്ടിലെത്തിച്ചാണ് ഇതുവരെ രോഗവിവരം പുറത്തു വിട്ടിട്ടില്ലാത്ത നഴ്സിനെ ആശുപത്രിയിലെത്തിച്ചത്.

ഇവർക്കു രോഗം പകർന്നത് കാഷ്വാലിറ്റിയിൽ സ്രവപരിശോധനയ്ക്കു ശേഷം കിടത്തിയിരുന്ന രോഗിയിൽ നിന്നാണെന്നാണു സംശയം. രോഗം സ്ഥിരീകരിച്ച ഇവരെ ഒരു ദിവസം മെഡിക്കൽ ഐസിയുവിലും കിടത്തിയിരുന്നു. രോഗം സംശയിച്ച് സ്രവപരിശോധന നടത്തിയ രോഗിയെ മറ്റു രോഗികൾക്കൊപ്പം കിടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും ഐസലേഷൻ വാർഡിലേക്കു മാറ്റാൻ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നു നഴ്സുമാർ പറയുന്നു. പോസിറ്റീവ് ഫലം വന്നതോടെ ഇദ്ദേഹത്തെ ഐസലേഷനിലേക്കു മാറ്റി. ഈ രോഗിയുമായി ഇതിനിടെ ഇടപഴകിയ 20 പേർ ക്വാറന്റീനിൽ പോയിരുന്നു. ഇവരിൽ മൂന്നു പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം പോസിറ്റീവായത്.

ഇവിടെ ജോലി ചെയ്തിരുന്ന നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും കൂടെ മുറിയിലുണ്ടായിരുന്ന മറ്റു രോഗികൾക്കും രോഗം പകർന്നിട്ടുണ്ടാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. അതേസമയം ട്രോമ ഐസിയുവിൽ കോവിഡ് പോസിറ്റീവ് സംശയിച്ചിരുന്ന രോഗികളെയാണു താമസിപ്പിച്ചിരുന്നതെന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി മനോരമ ഓൺലൈനോടു പറഞ്ഞു. രോഗം പോസിറ്റീവായിട്ടും മാറ്റാതിരുന്നത് ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിരുന്നതിനാലാണ്. വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ച് അകലം പാലിച്ചാണു രോഗികളെ കിടത്തിയിരുന്നത്. ഇവിടെ കിടത്തിയിരുന്ന മൂന്നു രോഗികളുടെ ഫലം നെഗറ്റീവാണെന്നും സൂപ്രണ്ട് പറഞ്ഞു.

English Summary: Covid patient treatment at Palakkad hospital makes more fear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com