ബ്രഹ്മപുത്രയിൽ ചൈന പുതിയ അണക്കെട്ട് നിർമിക്കുന്നു: റിപ്പോർട്ട്
Mail This Article
ബെയ്ജിങ്∙ ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ മേജര്‍ ഹൈഡ്രോപവർ പ്രോജക്ടിനായി പുതിയ അണക്കെട്ട് നിർമിക്കാൻ ചൈന. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന 14ാമത് പഞ്ചവൽസര പദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജലസ്രോതസ്സകളും തദ്ദേശീയ സുരക്ഷയും നിലനിർത്തുന്നതിനായി യാർലുങ് സങ്ബോ നദിയിൽ (ബ്രഹ്മപുത്രയുടെ ടിബറ്റന്‍ നാമം) ഹൈഡ്രോപവർ പ്ലാന്റ് കൊണ്ടുവരുന്നതായി ചൈനീസ് പവർ കൺസ്ട്രക്‌ഷൻ കോർപറേഷൻ ചെയർമാൻ യാൻ ഷിയോങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
‘പഞ്ചവത്സര പദ്ധതി (2021-25) രൂപപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളിലും 2035ൽ അതിന്റെ ദീർഘകാല ലക്ഷ്യങ്ങളും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) കേന്ദ്ര കമ്മിറ്റി തയാറാക്കിയ പദ്ധതികളിൽ ഈ പ്രോജക്ട് വ്യക്തമായി മുന്നോട്ട് വച്ചിട്ടുണ്ട്. സെൻട്രൽ കമ്മിറ്റി ഓഫ് ദ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ഓഫ് ചൈനയുടെ വീചാറ്റ് അക്കൗണ്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രത്തിൽ ഇതിനു സമാനമായി ഒന്നുമില്ല. ചൈനീസ് ഹൈഡ്രോപവർ ഇന്‍ഡസ്ട്രിക്ക് മികച്ച അവസരമാണിത്’ – യാൻ പറഞ്ഞു. ചൈന ഹൈഡ്രോപവർ എന്‍ജിനീയറിങ്ങിന്റെ 40–ാമത് സ്ഥാപകവാർഷികവുമായി ബന്ധപ്പെട്ട കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
14-ാം പഞ്ചവത്സര പദ്ധതിയും (2021-2025) ദേശീയ സാമ്പത്തിക സാമൂഹിക വികസനവും 2035-ലെ ദീർഘകാല ലക്ഷ്യങ്ങളും സിപിസിയുടെ പ്രധാന പോളിസി ബോഡിയായ പ്ലീനം കഴിഞ്ഞ മാസം അംഗീകരിച്ചു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നാഷനൽ പീപ്പിൾസ് കോൺഗ്രസിൽ (എൻപിസി) ഔദ്യോഗികമായി അംഗീകരിച്ചതിനുശേഷം പദ്ധതിയുടെ കൂടുതല്‍ വിവരങ്ങൾ പ്രഖ്യാപിക്കും.
ബ്രഹ്മപുത്രയിലെ അണക്കെട്ട് നിർമാണ നിർദേശങ്ങൾ ഇന്ത്യയിലും ബംഗ്ലദേശിലും തീരദേശ സംസ്ഥാനങ്ങളിലും ആശങ്കയുണർത്തുന്നുണ്ട്. ടിബറ്റിലെ ഏറ്റവും വലിയ സം ഹൈഡ്രോപവർ സ്റ്റേഷൻ 1.5 മില്യൺ യുഎസ് ഡോളർ ചെലവഴിച്ച് 2015ൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
യാര്‍ലുങ് സങ്ബോയടെ ഗ്രാൻഡ് കാൻയോൺ സ്ഥിതി ചെയ്യുന്ന മെഡോങ് കൗണ്ടിയിലാണ് ചൈനയുടെ പുതിയ പവർ പ്രോജക്ടുള്ളത്. അരുണാചൽ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ടിബറ്റ് കൗണ്ടിയാണ് മെഡോങ്. പരിസ്ഥിതി, ദേശീയ സുരക്ഷ, ജീവിത നിലവാരം, ഊർജം, രാജ്യാന്തര സഹകരണം എന്നിവയ്ക്കും ഹൈഡ്രോപവര്‍ പ്ലാന്റ് ഉപയോഗപ്രദമാണ്.
യാർലുഹ് സങ്ബോ നദിയുടെ മുഖ്യധാരയിൽ ടിബറ്റ് സ്വയംഭരണ പ്രദേശത്തെ ഏറ്റവും സമ്പന്നമായ ജലസ്രോതസ്സുകളുണ്ട്, ഏകദേശം 80 ദശലക്ഷം കിലോവാട്ട് ഹവേഴ്സ് (കിലോവാട്ട്), യാർലുങ് സങ്ബോ ഗ്രാൻഡ് കാന്യോണിലെ 50 കിലോമീറ്റർ ഭാഗത്ത് 70 ദശലക്ഷം കിലോവാട്ട് ശേഷിയുണ്ട് അത് രണ്ടായിരം മീറ്റർ ഡ്രോപ്പ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്തു, ഇത് ഹുബെ പ്രവിശ്യയിലെ മൂന്ന് ത്രീ ഗോർജസ് പവർ സ്റ്റേഷനുകൾക്ക് തുല്യമാണ്.
ചൈനയിലെ മൊത്തം ജലസ്രോതസ്സിന്റെ 30 ശതമാനവും ടിബറ്റിലാണ്, 200 ദശലക്ഷം കിലോ വാട്ടാണിത്.
English Summary: China To Build Major Dam On Brahmaputra River: Report