കാർഷിക നിയമം: ജനപങ്കാളിത്തം വർധിപ്പിക്കാൻ മഹാപഞ്ചായത്തുമായി കിസാൻ മോർച്ച
Mail This Article
ജയ്പുർ∙ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനു രാജസ്ഥാനിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച. ഇതിന്റെ ഭാഗമായി 18 മുതൽ 23 വരെ സംസ്ഥാനത്തു വിവിധ ഭാഗങ്ങളിലായി കിസാൻ പഞ്ചായത്തുകൾ നടത്തും. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് 22നു ഹനുമാൻഗഡ് ജില്ലയിലെ നോഹറിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കും.
യോഗേന്ദ്ര യാദവ്, ദർശൻപാൽ സിങ്, ബൽബീർസിങ് രാജെവാൽ തുടങ്ങി മറ്റു പ്രമുഖ നേതാക്കളും ഈ സമ്മേളനങ്ങളിൽ പങ്കെടുക്കും. 18ന് ഗംഗാനഗറിലെ റെയ്സിങ്നഗർ, 19നു ഹനുമാന്‍ഗഡ്, 22നു നോഹർ, 23നു ചുരു, സീക്കർ എന്നിവിടങ്ങളിലാണു മഹാപഞ്ചായത്തുകൾ നടക്കുന്നത്. കിസാൻ പഞ്ചായത്തുകൾ വിളിച്ചു ചേർത്തു പുതിയ നിയമങ്ങളുടെ ദോഷവശങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതോടെ പ്രക്ഷോഭത്തിലേക്കു കൂടുതല്‍ ആളുകൾ എത്തുന്നതാണു നേതാക്കളെ സംസ്ഥാനത്തും കൂടുതൽ യോഗങ്ങൾ നടത്താൻ പ്രേരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി സംസ്ഥാനത്തു രണ്ടു ദിവസത്തെ സന്ദർശനം നടത്തുകയും കർഷകരുടെ പ്രതിഷേധ യോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. ബില്ലിന്റെ പേരിൽ ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എതിർപ്പുകളുണ്ടെങ്കിലും തങ്ങൾ കോൺഗ്രസ് പക്ഷത്തേക്കു മാറി എന്ന ധ്വനി വരുന്നതിനോടു ഒരു വിഭാഗം കർഷകർക്ക് എതിർപ്പുണ്ട്. ഇതുകൂടി പരിഗണിച്ചാണു രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടൽ ഇല്ലാത്ത മഹാപഞ്ചായത്തു യോഗങ്ങൾ വിളിക്കുന്നത്.
വിവിധ സമുദായങ്ങൾ ഒന്നിച്ചു വരുന്ന ഇത്തരം മഹാപഞ്ചായത്തുകൾ ഏകമനസോടെ പിന്തുണയ്ക്കാത്തപക്ഷം സമരം നീണ്ടുനിൽക്കുമ്പോൾ പ്രയാസം സൃഷ്ടിക്കുമെന്ന ചിന്തയും ഈ നീക്കത്തിനു പിന്നിലുണ്ട്. വലിയ തോതിൽ ജനം പങ്കെടുക്കുന്ന ഇത്തരം യോഗങ്ങളിലൂടെ കാർഷിക നിയമങ്ങളോട് കർഷകർക്ക് എത്രമാത്രം എതിർപ്പുണ്ടെന്നതു കേന്ദ സർക്കാരിനു വ്യക്തമാക്കിക്കൊടുക്കുന്നതിനും ലക്ഷ്യമിടുന്നു.
English Summary: Kisan Morcha to Organise more Kisan Panchayats in Rajasthan