കിഫ്ബി നേട്ടമാക്കി വിനോദ്; കൊച്ചി കൊതുകിന്റെ റാണിയെന്ന് പത്മജ: വികസനം പറഞ്ഞ് ഷാജി
Mail This Article
കൊച്ചി ∙ നടത്തിയ വികസനത്തിന്റെ പേരിലാണ് വോട്ടു ചോദിക്കുന്നതെന്ന് സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ ടി.ജെ. വിനോദ്, ജനപക്ഷ വികസനത്തിനായാണ് വോട്ടു തേടുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി ഷാജി ജോർജ്, വെറുതേ മൽസരിക്കാനോ
വോട്ടെണ്ണം കൂട്ടാനോ അല്ല, ജയിക്കാനാണ് മൽസരത്തിനിറങ്ങിയിരിക്കുന്നതെന്ന് ബിജെപി സ്ഥാനാർഥി പത്മജ എസ്. മേനോൻ. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ് കാൻഡിഡേറ്റ്’ പരിപാടിയിലാണ് എറണാകുളം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ നിലപാടു വ്യക്തമാക്കിയത്.
നഗര വികസനത്തിന് യുഡിഎഫിന്റെ കയ്യൊപ്പെന്ന് വിനോദ്
എറണാകുളം മണ്ഡലത്തിൽ എട്ടുവർഷത്തിലേറെ ഹൈബി ഈഡനും തുടർന്ന് ഒന്നര വർഷം താനും ചെയ്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് ജനങ്ങളോടു വോട്ടു ചോദിക്കുന്നതെന്ന് ടി.ജെ. വിനോദ് പറഞ്ഞു. മെട്രോ റയിലും രാജ്യാന്തര സ്റ്റേഡിയവും നഗരഗതാഗത പരിഷ്കരണവുമടക്കം എറണാകുളം നഗരത്തിന്റെ മുഖച്ഛായ മാറ്റിയ എല്ലാ വികസന പദ്ധതികളിലും യുഡിഎഫിന്റെ കയ്യൊപ്പുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം ഒട്ടേറെ കാര്യങ്ങൾ മണ്ഡലത്തിനായി ചെയ്യാൻ സാധിച്ചു. എറണാകുളം ജനറൽ ആശുപത്രി വികസനം (75 കോടി), വടുതല റയിൽവേ മേൽപാലം (55 കോടി), അറ്റ്ലാന്റിസ് റയിൽവേ മേൽപാലം (58 കോടി) തുടങ്ങിയവയ്ക്കു കിഫ്ബി പദ്ധതികളിൽ തുക വകയിരുത്താനായി. ജനറൽ ആശുപത്രി വികസനം സാധ്യമാക്കി. ചേരാനല്ലൂരിൽ 3.5 കോടി രൂപ ചെലവിൽ റോഡ് വികസനം സാധ്യമാക്കി. വിവിധ പൊതുവിദ്യാലയങ്ങൾക്കു പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽ തുക അനുവദിച്ചു.
ചേരാനല്ലൂരിലെ ജലക്ഷാമം പരിഹരിക്കാൻ തമ്മനം പമ്പ് ഹൗസിൽനിന്ന് 9 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു നിർമാണപ്രവർത്തനങ്ങളാരംഭിച്ചപ്പോഴാണു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. 21 കോടി രൂപ മുതൽമുടക്കിലായിരുന്നു ഈ പദ്ധതി. അങ്കണവാടി വിദ്യാർഥികൾക്കായി ‘ബിയോണ്ട് ദ് ബെൽ’, സ്കൂൾ വിദ്യാർഥികൾക്കായി ‘ടിവി ചാലഞ്ച്’ പദ്ധതികൾ നടപ്പാക്കി. കോവിഡ് കാലത്തു ദുരിതം നേരിട്ടവരെ സഹായിക്കാൻ ‘കരുതലായി എറണാകുളം’ പദ്ധതി വിജയകരമായി നടത്തി. 5 വർഷംകൂടി ലഭിച്ചാൽ, റോഡ്, റയിൽ, ജല പൊതുഗതാഗത സംവിധാനങ്ങൾ സംയോജിപ്പിച്ച് കൊണ്ടുപോകുന്ന വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് വിനോദ് ഉറപ്പു നൽകി. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി ചെയ്ത വിസന പദ്ധതികൾ നിരത്തിയതോടെ, യുഡിഎഫിന്റെ കിഫ്ബി വിരുദ്ധ നിലപാടിനെക്കുറിച്ചു ചോദ്യമുയർന്നു. കിഫ്ബി വിദേശ ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം ആക്ഷേപം ഉയർത്തുന്നതെന്നായിരുന്നു വിനോദിന്റെ മറുപടി.
താഴെത്തട്ടിൽ ജനജീവിതം ദുഷ്കരം; അതു മാറണമെന്ന് ഷാജി ജോർജ്
1984ൽ പ്രീഡിഗ്രിക്കു പഠിക്കാൻ സെന്റ് പോൾസ് കോളജിൽ ചെല്ലുമ്പോൾ ടി.ജെ. വിനോദ് അവിടെ ചെയർമാനായിരുന്നു എന്ന ഓർമപ്പെടുത്തലോടെയാണ് എൽഡിഎഫ് സ്ഥാനാർഥി ഷാജി ജോർജ് സംസാരിച്ചു തുടങ്ങിയത്. ജനപക്ഷ വികസന കാഴ്ചപ്പാടിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പിൽ ജനങ്ങളിൽനിന്നു തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മെട്രോപോലുള്ള വികസനങ്ങളുണ്ടായെന്നതു നേരുതന്നെ. എന്നാൽ, ജനങ്ങളുടെ പ്രാഥമികമായ അവസ്ഥകളിൽ മാറ്റമുണ്ടാക്കാൻ അത്തരം വികസനംകൊണ്ടു സാധിക്കുന്നില്ല.
നഗര–ഗ്രാമ സ്വഭാവമുള്ള മണ്ഡലമാണ് എറണാകുളം. താഴെത്തട്ടിൽ ജനജീവിതം ദുഷ്കരമാണിവിടെ. ചേരാനല്ലൂർപോലുള്ള ഭാഗങ്ങളിൽ ശുദ്ധജലലഭ്യത വലിയ പ്രശ്നമാണ്. പൊതുഗതാഗത സൗകര്യങ്ങളും മികച്ചതല്ല. ജനപക്ഷ വികസനത്തിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫിനു തുടർഭരണം ഉറപ്പാണ്. അതിൽനിന്നു പരമാവധി നേട്ടം എറണാകുളത്തിനു നേടിത്തരാൻ തന്നെ വിജയിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ഷാജി ജോർജ് പറഞ്ഞു. കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ വൈസ് പ്രസിഡന്റായ ഷാജി ജോര്‍ജ് ഇടതു സ്വതന്ത്രനായാണ് മൽസരിക്കുന്നത്.
കൊച്ചി കൊതുകിന്റെ റാണിയായെന്ന് പത്മജ
ഇനി എന്തിനാണ് എൽഡിഎഫും യുഡിഎഫും ഒരു അവസരംകൂടി തേടുന്നതെന്ന കുറിക്കുകൊള്ളുന്ന ചോദ്യമെറിഞ്ഞത് പത്മജയാണ്. ആവോളം അവസരങ്ങൾ ഈ മുന്നണികൾക്കു ജനം നൽകിക്കഴിഞ്ഞു. ഇനി അവസരം ലഭിക്കേണ്ടത് എൻഡിഎയ്ക്കാണെന്നായിരുന്നു അവരുടെ വാദം. എറണാകുളം മണ്ഡലത്തിൽ മാറിമാറിവന്ന എംഎൽഎമാർ നഗരത്തിനായി ഒന്നും ചെയ്തില്ല. അറബിക്കടലിന്റെ റാണിയെന്ന ഖ്യാതിയിൽനിന്നു കൊച്ചി ‘കൊതുകിന്റെ റാണി’ എന്ന സ്ഥിതിയിലേക്കു മാറി. എറണാകുളത്തെ കുളത്തിൽനിന്നു കരകയറ്റുകയാണു തന്റെ ലക്ഷ്യം. ഐടി, ടൂറിസം, അടിസ്ഥാന സൗകര്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ എറണാകുളത്തിനു മുന്നേറാനുണ്ടെന്നും വിജയിച്ചാൽ അതു സാധ്യമാക്കുമെന്നും പത്മജ പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ മുകുന്ദപുരത്ത് ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ട്രേഡ് യൂണിയൻ നേതാവ് എസ്.സി.എസ്. മേനോന്റെ മകളാണ് പത്മജ. കെഎസ്‍യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പത്മജ കേരള യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ വനിതാ വൈസ് ചെയർപഴ്സനാണ്. നിലവിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റും കേരള സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡിൽ കേന്ദ്ര നോമിനിയുമാണ്.
English Summary: Assembly Election:Meet the candidate Ernakulam constituency