ADVERTISEMENT

‘‘മൂന്നു ലക്ഷം കോടി രൂപയുടെ പൊതുകടവും 60,000 കോടി രൂപയുടെ കിഫ്ബി ബാധ്യതയും ഉള്ള കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഇരുളടഞ്ഞതാകാൻ പോകുകയാണ്. ഇതിനെപ്പറ്റി തിരഞ്ഞെടുപ്പു കാലത്തെങ്കിലും ആരെങ്കിലും ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ടോ?’’ ചോദ്യം എസ്‌യുസിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്സൺ ജോസഫിന്റേതാണ്.

‘ആത്യന്തികമായി ഈ ഭാരം ജനം തന്നെയാണു ചുമക്കേണ്ടത്. എന്നിട്ടും ആരും ഇതൊന്നും ചർച്ച ചെയ്യാത്തതിന്റെ കാരണം ലളിതമാണ്, ഇവയൊന്നും ജനം ചർ‌ച്ച ചെയ്യണമെന്ന് ഈ നാട്ടിലെ ഭരണപക്ഷമോ പ്രതിപക്ഷമോ ആഗ്രഹിക്കുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പു കാലത്ത് ഈ നാട്ടിലെ ജനം പരിഗണനയ്ക്കെടുക്കേണ്ട ഇത്തരം രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണു സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പും ഒരു സമരമാർഗമാണെന്ന് എസ്‌യുസിഐ വിശ്വസിക്കുന്നതും അതുകൊണ്ടു തന്നെയാണ്.’

സംസ്ഥാനത്ത് ഇത്തവണ 36 മണ്ഡലത്തിലാണ് എസ്‌യുസിഐ മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് ആലപ്പുഴ ജില്ലയിൽ – 8 ഇടങ്ങളിൽ (ചേർത്തല ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും). എല്ലായിടങ്ങളിലും ലഘുലേഖ വിതരണവും പോസ്റ്റർ പ്രചാരണവും മൈക്രോ കൺവൻഷനുകളും നടക്കുന്നു. എന്നാൽ അവിടെയൊന്നും പരിഗണിക്കുന്നതു ജാതി – മത വിഷയങ്ങളോ സൗജന്യങ്ങളുടെ പെരുമഴയോ അല്ല. മറിച്ചു ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങൾ. ഈ വ്യത്യസ്ത സമീപനത്തെപ്പറ്റി മനോരമയോടു മനസ്സു തുറക്കുകയാണു ജയ്സൺ ജോസഫ്. 

∙ തിരഞ്ഞെടുപ്പു കാലത്ത് എസ്‌യുസിഐ ജനത്തിനു മുന്നിൽ ചർച്ചയ്ക്കു വയ്ക്കുന്ന വിഷയങ്ങൾ എന്തൊക്കെയാണ്? 

കേരളത്തിലെ പ്രധാനപ്പെട്ട മുന്നണികളെല്ലാം തന്നെ ‘വികസനം’ എന്ന വാക്കിൽ ഊന്നിയുള്ള ചർച്ചകളാണു തിരഞ്ഞെടുപ്പു കാലത്തു നടത്തുക. നോക്കൂ... റോഡ്, പാലം, കെട്ടിടങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ഇവർ ‘വികസനം’ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത്തരം വികസനത്തിന്റെ പേരിൽ ജീവിതം നഷ്ടപ്പെട്ട അനേകായിരങ്ങളുണ്ട് ഈ നാട്ടിൽ. എന്തുകൊണ്ട് അവരെപ്പറ്റി ഈ ഭരണപക്ഷമോ പ്രതിപക്ഷമോ ഒന്നും പറയുന്നില്ല. 

ബൃഹത് മൂലധന നിക്ഷേപമാണു വികസനം എങ്കിൽ ഗ്രീസ് എന്ന രാജ്യത്തെ നമുക്കൊന്നു നോക്കാം. രണ്ടു പതിറ്റാണ്ടായി കടം വാങ്ങി മേൽപറഞ്ഞ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്ന രാജ്യമാണത്. എന്നാലിപ്പോൾ ‘എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ബോംബുകളുമായി താഴ്ന്നു പറക്കുന്ന ഒരു വിമാനമാണ് ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥ’ എന്നു പറഞ്ഞത് ആ രാജ്യത്തിന്റെ ധനകാര്യമന്ത്രി തന്നെയാണ്.

ഇപ്പോൾ വിവാദത്തിലായ ആഴക്കടൽ മത്സ്യബന്ധന കരാർ കടുകിട വ്യത്യാസത്തിൽ ജനശ്രദ്ധയിൽ നിന്നു മാറിപ്പോയിരുന്നുവെങ്കിൽ നാളെ അതൊരു വികസന പദ്ധതിയായി അവതരിപ്പിക്കപ്പെടുമായിരുന്നു. 5,000 കോടി രൂപയുടെ പദ്ധതി ഈ ദേശത്തു കൊണ്ടുവന്ന സർക്കാർ ശ്ലാഘിക്കപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ, 600 കിലോമീറ്റർ ദുരം കടൽത്തീരമുള്ള സംസ്ഥാനമാണു കേരളമെന്നും അവിടത്തെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ ഈ കരാർ കാരണം നരകിക്കുമെന്നും പറയുന്നവൻ വികസനവിരോധിയും മൂരാച്ചിയുമായി മുദ്രകുത്തപ്പെട്ടേനെ... അതുകൊണ്ടു വികസനം പോലെയുള്ള കള്ളച്ചരക്കുകളെ മാറ്റി നിർത്തി നമുക്ക് ജനജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാം എന്നതാണ് അന്നും ഇന്നും എസ്‌യുസിഐ ജനങ്ങളോടു പറയുന്നത്.

∙ കിറ്റുവിതരണം ഏറെ ചർച്ച ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. എങ്ങനെ കാണുന്നു? 

ജനത്തിൽ നിന്നു പിടിച്ചുപറിച്ചെടുത്ത പണത്തിന്റെ വളരെ ചെറിയ ഒരു അംശം സൗജന്യങ്ങളായി നൽകുന്നതിനെ ‘തട്ടിപ്പിലെ മനുഷ്യത്വം’ എന്നൊക്കെയല്ലേ വിളിക്കാൻ കഴിയൂ. നാമെല്ലാം കണ്ടതും കേട്ടതുമാണല്ലോ കേന്ദ്രത്തിന്റെ ഒരു പരസ്യം, മൂന്നു കോടി സൗജന്യ ഗ്യാസ് കണക്‌ഷൻ നൽകി എന്നത്. സത്യാവസ്ഥ എന്താണ്, മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇന്ധനനികുതിയിൽ നിന്നു ഇതുവരെ സർക്കാരിനു ലഭിച്ച തുക 15 ലക്ഷം കോടി രൂപയോളം ആണ്. അതിൽ നിന്ന് എത്ര കോടികൾ ചെലവായി കാണും ഈ ഗ്യാസ് കണക്‌ഷൻ നൽകാൻ.

അതിന്റെ 50ൽ ഒന്നെങ്കിലും ചെലവായി എന്നു പറയാനാകുമോ? ഈ പദ്ധതിയുടെ വിജയം ജനത്തിലേക്ക് എത്തിക്കാൻ ചെലവാക്കിയ പണം ഉപയോഗിച്ചു വീണ്ടും എത്ര പേർക്കു കണക്‌ഷൻ നൽകാമായിരുന്നു. ഈ പദ്ധതി യഥാർഥത്തിൽ വിജയമാണെങ്കിൽ അതൊരു വാർത്താക്കുറിപ്പ് ആയി ഇറക്കേണ്ട കാര്യമേ സർക്കാരിന് ഉണ്ടായിരുന്നുള്ളു.

അതുപോലെ തന്നെയാണു കിറ്റ് വിതരണവും. പ്രളയ സെസ് എന്ന പേരിൽ പിരിച്ചെടുത്ത പണവും പ്രളയവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിനു ലഭിച്ച സഹായവും ഇന്ധന നികുതിയും എല്ലാം കയ്യിലുള്ള സംസ്ഥാനം ശരാശരി 500 രൂപയുടെ കിറ്റ് കൊടുത്തത് ആഘോഷിക്കപ്പെടേണ്ടതാണോ? അതു മേനി പറഞ്ഞ് വോട്ടു തേടേണ്ടതാണോ? അതിനു സർക്കാരിന് അവകാശമുണ്ടോ? ഉത്തരം പറയേണ്ടതു ചിന്തിക്കുന്ന ജനങ്ങളാണ്. ഇങ്ങനെ ചിന്തിക്കാൻ സഹജീവികളെ പ്രാപ്തരാക്കുകയാണു ലക്ഷ്യം.

∙ എന്താണു ഫലപ്രദമായ രാഷ്ട്രീയ ബദൽ? 

ജനകീയ സമരങ്ങൾ ശക്തിപ്പെടുത്തുകയാണു ശരിയായ രാഷ്ട്രീയ ബദൽ. എവിടെയൊക്കെ ജനകീയ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടോ അവിടെയൊന്നും ഭരണവർഗത്തിന്റെ രഹസ്യതാൽപര്യങ്ങൾ ഒന്നും തന്നെ വിജയത്തിലെത്തിയിട്ടില്ല. സമരരാഷ്ട്രീയത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്തു നടക്കുന്നുണ്ട്. എന്നാൽ ജനകീയ സമരങ്ങളുടെ വിജയസാധ്യതയിൽ ആർക്കും സംശയമുണ്ടാകേണ്ടതില്ല.

1200-jaison-joseph-2
ജയ്സൺ ജോസഫ്

തിരുവനന്തപുരം നഗരത്തിന്റെ വിഴുപ്പു ചുമക്കാൻ കഴിയില്ലെന്നു പറഞ്ഞു സമരം ചെയ്ത വിളപ്പിൽശാലയിലെ ജനങ്ങൾക്കൊപ്പമായിരുന്നു അവസാന വിജയം. തൃക്കുന്നപ്പുഴയിൽ കരിമണൽ ഘനനത്തിനെതിരെ സമരം ചെയ്ത പ്രദേശവാസികൾ വിജയിക്കുക തന്നെ ചെയ്തു. ഇവിടെ രണ്ടിടത്തും എസ്‌യുസിഐ ജനത്തിനൊപ്പം നിലയുറപ്പിച്ചിരുന്നു. 

കേന്ദ്രസർക്കാർ പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പേരിൽ പാസാക്കിയ 3 കർഷക നിയമങ്ങൾ ഇപ്പോഴും പ്രയോഗത്തിൽ വരാത്തത് കർഷകർ അവിടെ സമരമുഖത്തു ശക്തമായതുകൊണ്ടാണ്. അങ്ങനെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഒട്ടേറെ ഉണ്ട്. ആളുകൾ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ സമരരാഷ്ട്രീയം ശക്തിപ്പെടുകയില്ലെന്നതും യാഥാർഥ്യമാണ്. 

∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ...

എസ്‌യുസിഐ പ്രവർത്തകർ എല്ലാവരും തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളെ സന്നദ്ധപ്രവർത്തനമായി കാണുന്നവരാണ്. അതുകൊണ്ടു തന്നെ സാമഗ്രികൾ വാങ്ങുമ്പോഴോ വാടകയ്ക്ക് എടുക്കുമ്പോഴോ മാത്രമാണു പണച്ചെലവുള്ളത്. അധാർമികവും അധമവും അല്ലാത്ത വഴികളിലൂടെ ജനം നൽകുന്ന പണമാണ് തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഉപയോഗിക്കുക. ഇത്ര പണം പിരിക്കണമെന്ന ലക്ഷ്യവുമായല്ല പാർട്ടി ധനസമാഹരണത്തിന് ഇറങ്ങുന്നത്. എന്തു ലഭിച്ചുവോ അതിൽ നിന്നുകൊണ്ടു ചെലവുകൾ നിർവഹിക്കുകയാണു രീതി. നാം പറയുന്നതു മറ്റുള്ളവർ ശ്രദ്ധിക്കണമെങ്കിൽ നമ്മുടെ പ്രവൃത്തികളും സുതാര്യമായിരിക്കണമല്ലോ...

English Summary: Special interview with SUCI State Secretariat Member Jaison Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com