ADVERTISEMENT

കൊച്ചി∙ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിൽ വായിച്ചു മാത്രം പരിചയമുണ്ടായിരുന്ന ഖദീജ മുന്നിൽ വന്നു നിന്നപ്പോൾ കുട്ടികൾക്ക് അടക്കാനാവാത്ത ആശ്ചര്യം. എന്തു ചോദിക്കുമെന്നായിരുന്നു ആദ്യം സംശയമെങ്കിൽ പിന്നെ ചോദ്യങ്ങളുടെ പെരുമഴയായി. ‘പാത്തുമ്മയുടെ ആട് കഥയിൽ പറയുന്ന ആ പൊന്നിൻ കമ്മൽ ഖദീജയ്ക്കു ലഭിച്ചിരുന്നോ?’ എന്നു ചോദിച്ചത് മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസ് വിദ്യാർഥിനി സന ഫാത്തിമ.

അമ്മാവൻ തന്ന കമ്മലിന് ഇത്ര വിലയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഖദീജ സങ്കടപ്പെട്ടു. അതു സൂക്ഷിച്ചു വയ്ക്കേണ്ടതായിരുന്നെന്ന നഷ്ടബോധവും പങ്കുവച്ചു. ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകളാണ് ഖദീജ. കല്യാണത്തിന് അതു മാറ്റി വാങ്ങുകയായിരുന്നു എന്നും വിശദീകരിച്ചു. ‘പാത്തുമ്മയുടെ ആട്’ എന്ന കഥയിൽ പാത്തുമ്മ തന്റെ മക്കൾക്കു വേണ്ടി സഹോദരനായ ബഷീറിനോടു ചോദിച്ചു വാങ്ങിയതാണ് പൊന്നിൻ കമ്മൽ. 

ബഷീർ അനുസ്മരണ ദിനത്തിൽ സ്കൂളിലെ ‘വായനക്കൂട്ടം’ ഓൺലൈൻ സംവാദം സംഘടിപ്പിച്ച് ഖദീജയെ പരിപാടിയിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. ഒരു ജീവജാലങ്ങളേയും വേദനിപ്പിക്കരുത് എന്ന വലിയ സന്ദേശം കഥയിൽ മാത്രമല്ല ജീവിതത്തിലും ബഷീർ പുലർത്തിപ്പോന്നിരുന്നു എന്നു ഖദീജ ഓർമിച്ചു. തന്നെ കാണാൻ ബേപ്പൂരിലെ വീടിനു മുന്നിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ എത്തുന്ന എല്ലാവർക്കും അദ്ദേഹം സുലൈമാനി നൽകിയിരുന്നു. 

students
തർബിയത്ത് വായനക്കൂട്ടത്തിലെ കുട്ടികൾ സ്കൂൾ മുറ്റത്തു ബഷീർ കൃതികൾ വായിക്കുന്നു.

ജീവിതത്തിലെ എല്ലാ കാര്യവും  ഭാവനയിൽ കാണാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. എവിടെച്ചെന്നാലും പാത്തുമ്മയുടെ മകൾ എന്ന നിലയിൽ വളരെ സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ട്. എല്ലാവരുടെയും പ്രിയപ്പെട്ട ബഷീറിന്റെ അനന്തരവളായി ജനിച്ചത് ഭാഗ്യമാണെന്നും ഖദീജ പറഞ്ഞു. 

തർബിയത്ത് വായനക്കൂട്ടത്തിലെ കുട്ടികൾ സ്കൂൾ മുറ്റത്തു ഒത്തുചേർന്ന് ബഷീർ കൃതികൾ വായിക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. സുനിമോൾ മൊയ്തു പരിപാടി കൊഓഡിനേറ്റു ചെയ്തു. സ്കൂൾ മാനേജർ ടി.എസ്. അമീർ, ഹെഡ്മാസ്റ്റർ സോണി മാത്യു, പി.സി. സക്കറിയ, സ്മിത സക്കറിയ, കെ. ശ്രീജ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എസ്. സ്നേഹ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Vaikom Muhammad Basheer commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com