കത്ത് അയച്ചിട്ടില്ലെന്ന് മേയർ; സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം
![arya-rajendran arya-rajendran](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2022/8/11/arya-rajendran.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണത്തിൽ വിമർശനവുമായി പ്രതിപക്ഷം. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, കത്ത് അയച്ചിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രന്റെ പ്രതികരണം.
ഇക്കാര്യം മേയർ നിഷേധിക്കുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ പതിറ്റാണ്ടുകളായി സിപിഎം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സർക്കാർ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും – വി.വി.രാജേഷ് പറഞ്ഞു.
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നിരുന്നു. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്.
English Summary: Opposition criticism against Mayor Arya Rajendran on letter to Anavoor Nagappan