വിശുദ്ധരുടെ രക്തം വീണ കുന്നിലെ മഹാത്യാഗി; നിശബ്ദമായി പ്രാർഥിക്കാൻ പ്രേരിപ്പിച്ച മാർപാപ്പ
Mail This Article
കർത്താവിന്റെ മുന്തിരി തോട്ടത്തിലെ എളിയവനായ ജോലിക്കാരൻ എന്നാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായി ചുമതലയേറ്റപ്പോൾ പറഞ്ഞത്. ജീവിതാവസാനം വരെ ആ വാക്കുകൾ പിന്തുടരുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നതായി വത്തിക്കാനിൽ പഠനം നടത്തുന്ന വയനാട് സ്വദേശി ഫാ.മനു അറയ്ക്കപ്പറമ്പിൽ ‘‘മനോരമ ഓൺലൈനോട്’’ പറഞ്ഞു.
മാർപാപ്പയായി സ്ഥാനത്യാഗം ചെയ്തിട്ടും ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്നതിനായിരുന്നു ബനഡിക്ട് മാർപാപ്പ പരിശ്രമിച്ചത്. പത്രോസ്, പൗലോസ് ശ്ലീഹൻമാർ രക്തസാക്ഷിത്വം വരിച്ച കുന്നിൻമുകളിലെ ആശ്രമത്തിലായിരുന്നു അദ്ദേഹം എട്ടുവർഷക്കാലം കഴിഞ്ഞത്. ഈ കാലമത്രയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിന്നു. രണ്ട് വർഷം മുൻപ് സഹോദരനെ കാണുന്നതിന് സ്വന്തം നാടായ ജർമനിയിലേക്ക് പോകുന്നതിനാണ് ഇതിനിടെ പുറത്തിറങ്ങിയത്. പുറത്തുനിന്നുള്ളവർക്കോ പൊതുജനങ്ങൾക്കോ ആശ്രമത്തിലേക്ക് പ്രവേശിക്കുന്നതിനോ കാണുന്നതിനോ അനുവാദം നൽകിയിരുന്നില്ല. വത്തിക്കാനിലെ ഔദ്യോഗികവൃത്തങ്ങൾക്ക് മാത്രമാണ് കാണാൻ സാധിച്ചിരുന്നത്. പ്രാർഥനയ്ക്കും പഠനത്തിനും എഴുത്തിനുമായി സമയം ചെലവഴിച്ചു. സെന്റ് പീറ്റേഴ് ബസിലിക്കയുടെ പിന്നിലായി സ്ഥിതി ചെയ്യുന്ന വത്തിക്കാൻ ഗാർഡനിലെ മാത്തർ എക്ലീസിയ എന്ന ആശ്രമത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
പ്രായാധിക്യം മൂലം കൃത്യനിർവഹണത്തിന് സാധിക്കാതെ വന്നതോടെയാണ് ബനഡിക്ട് മാർപാപ്പ സ്ഥാനം ഒഴിഞ്ഞത്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറെ സുസമ്മതനായിരുന്നു അദ്ദേഹം. സഭയുടെ മൂല്യങ്ങളും പാരമ്പര്യവും കാത്തുപരിപാലിക്കുന്നതിന് ഏറെ ശ്രദ്ധനൽകി. അൾത്താരയ്ക്ക് അഭിമുഖമായി നിന്ന് കുർബാന അർപ്പിക്കുന്നതിന് പിന്തുണ നൽകുകയും തന്റെ എഴുത്തുകളിലൂടെ അത് വ്യക്തമാക്കുകയും ചെയ്തു. ദ സ്പിരിറ്റ് ഓഫ് ലിറ്റർജി എന്ന പുസ്തകത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട്.
കോപ്പറേറ്റേഴ്സ് ഓഫ് ട്രൂത്ത് എന്നതായിരുന്നു ബനഡിക്ട് പാപ്പയുടെ ആപ്തവാക്യം. മൂന്ന് ചാക്രിക ലേഖനങ്ങളാണ് അദ്ദേഹം എഴുതിയത്. 2009ൽ സത്യത്തിൽ സ്നേഹം, 2007ൽ പ്രത്യാശയിൽ രക്ഷ, 2005ൽ ദൈവം സ്നേഹമാകുന്നു എന്നിങ്ങനെയാണ് ചാക്രിക ലേഖനങ്ങൾ. വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ദൈവികപുണ്യങ്ങളെ കേന്ദ്രീകരിച്ചാണ് ഈ മൂന്നു ചാക്രിക ലേഖനങ്ങളും എഴുതിയത്. രണ്ട് മാർപാപ്പമാരെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ ബനഡിക്ട് പതിനാറാമന് സാധിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഏറ്റവും വിശ്വസ്തനായിരുന്നു എന്നു മാത്രമല്ല, ഭരണ കാര്യങ്ങളിൽ സുപ്രധാന പദവികൾ വഹിക്കുകയും ചെയ്തിരുന്നു.
ജീസസ് ഓഫ് നസറത്ത് എന്ന പുസ്തകം ഏറെ പ്രശസ്തമാണ്. ദൈവ പരിപാലന, ദൈവത്തിന്റെ വചനം, മനുഷ്യരുടെ വചനം ഇതു മൂന്നിനുമായിരുന്നു അദ്ദേഹം സവിശേഷ ശ്രദ്ധ നൽകിയത്. വിശുദ്ധ ബലിയിൽ നിശബ്ദതയ്ക്ക് കൂടുതൽ പ്രധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ അവസാന കാലഘട്ടം ഏറ്റവും നിശബ്ദനായി അദ്ദേഹം ദൈവത്തോടു ചേർന്നു നിന്നു പ്രാർഥനയ്ക്കും പഠനത്തിനുമായി ചെലവഴിക്കുകയും ചെയ്തു.
English Summary: Pope Benedict XVI life story