വിശുദ്ധ അല്‍ഫോന്‍സയെ ഭാരതസഭയ്ക്ക് അനുഗ്രഹിച്ചു നല്കിയ മാർപാപ്പ
Mail This Article
വത്തിക്കാൻ സിറ്റി∙ വിശ്വാസത്തെ കൈപിടിച്ചുകൊണ്ട് കടുത്ത നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വിശുദ്ധ അല്‍ഫോന്‍സയെ ഭാരതസഭയ്ക്ക് അനുഗ്രഹിച്ചു നല്‍കിയത് അദ്ദേഹമായിരുന്നു. മാര്‍ ആലഞ്ചേരിയും മാര്‍ ക്ലിമ്മിസും കര്‍ദിനാള്‍മാരായത് ബനഡിക്ട് മാർപാപ്പയുടെ കാലത്തായിരുന്നു. സഭയുടെ മുഖപത്രമായ ഒസെർവത്തോരെ റൊമാനോയുടെ മലയാളം പതിപ്പും ഇറക്കിയിരുന്നു.
വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയില്‍ പ്രാദേശികസമയം രാവിലെ 9.34 നായിരുന്നു പോപ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലംചെയ്തത്. ആറ് നൂറ്റാണ്ടിനിടെ സ്ഥാനത്യാഗം ചെയ്ത ഏക മാർപാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ലാണ് ജര്‍മനിയില്‍ നിന്നുള്ള കര്‍ദിനാള്‍ ജോസഫ് അലോഷ്യസ് റാറ്റ്സിങര്‍ മാര്‍പാപ്പയായത്. ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ച അദ്ദേഹം 2013 ഫെബ്രുവരിയില്‍ കത്തോലിക്കാ സഭയുടെ പരമോന്നത നേതൃപദവിയില്‍ നിന്ന് വിരമിച്ചു.
23 വര്‍ഷം വിശ്വാസസത്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവനായിരുന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ദൈവശാസ്ത്രത്തില്‍ അഗ്രഗണ്യനായ അദ്ദേഹം പരമ്പര്യത്തെ മുറുകെ പിടിച്ച വൈദികനായിരുന്നു. സ്ത്രീകള്‍ വൈദികരാകുന്നതിനെയും ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെയും അദ്ദേഹം എതിര്‍ത്തു. വൈദികരുടെ പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികളോട് മാപ്പ് ചോദിച്ചത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിരമിച്ച ശേഷം പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അപൂര്‍വമായി മാത്രമേ പൊതുചടങ്ങുകളില്‍ പങ്കെടുത്തിരുന്നുള്ളൂ.
English Summary: St Alphonsa, Pope Benedict