മരണാന്തര ചടങ്ങിന്റെ വിഡിയോ ‘അറംപറ്റി’; അപകടത്തിൽ പരുക്കേറ്റ മിസ് വെനസ്വേല മരിച്ചു
Mail This Article
കാരക്കസ്∙ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മിസ് വെനസ്വേല അരിയാന വെയ്റ (26) മരിച്ചു. ജൂലൈ 13ന് ഒര്‍ലാന്‍ഡോയില്‍ വച്ച് വെയ്റ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലേക്ക് നോനയ്ക്കു സമീപം കാര്‍ ഓടിക്കുമ്പോള്‍ വെയ്റ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് അമ്മ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഹൃദയാഘാതം ഉണ്ടായതാണു മരണ കാരണമെന്നാണു റിപ്പോര്‍ട്ട്.
ഒക്ടോബറില്‍ ഡൊമfനിക്കന് റിപ്പബ്ലിക്കില്‍ നടക്കുന്ന മിസ് ലാറ്റിന്‍ അമേരിക്ക മത്സരത്തില്‍ വെനസ്വേലയെ പ്രതിനിധീകരിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ദുരന്തം.
രണ്ടു മാസം മുന്‍പ് തന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ച് വെയ്റ തയാറാക്കിയ വിഡിയോ അറംപറ്റിയതായി അവരുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഭാവിയില്‍ നടക്കാനിരിക്കുന്ന തന്റെ സംസ്കാരത്തെക്കുറിച്ചു താന്‍ തന്നെ വിഡിയോ തയാറാക്കുകയാണെന്നാണ് അന്നു വെയ്റ പറഞ്ഞത്.
‘‘എനിക്കുവേണ്ടി ആരും വിഡിയോ എടുത്തു തരാറില്ല, എപ്പോഴും ഞാനാണ് വിഡിയോകള്‍ എടുക്കുന്നത്’ എന്നും വിഡിയോയില്‍ വെയ്റ പറഞ്ഞിരുന്നു. വെയ്റ ഉറക്കമുണരുന്നതും വെള്ളംകുടിക്കുന്നതും പൂക്കളുമായി ഇരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് വെയ്റ ജോലി ചെയ്തിരുന്നത്.
English Summary: Miss Venezuela, 26, Dies Of Injuries Weeks After Car Crash