ADVERTISEMENT

കൊച്ചി∙ ‘‘ഭയങ്കര ശബ്ദമായിരുന്നു ഉണ്ടായത്. ഞങ്ങൾ നോക്കുമ്പോൾ തീ ആളിക്കത്തുകയായിരുന്നു. കുട്ടിയെ എടുത്ത് ഓടി.’’– കളമശേരിയിൽ  രാവിലെ ഉണ്ടായ സ്ഫോടനത്തെ കുറിച്ചു പറയുമ്പോൾ ദൃക്സാക്ഷിയായ സ്ത്രീയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു. ഹാളിന്റെ വാതിലിനടത്ത് ഇരുന്നതിനാലാണു പെട്ടെന്ന് ഇറങ്ങി ഓടാൻ സാധിച്ചതെന്നും അവർ പറഞ്ഞു. ‘‘കൺവൻഷൻ സെന്ററിൽ നിരവധി കുട്ടികളും പ്രായമായവരും ഉണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങി ഓടുന്നതിനിടെ മകൾ ബോധം കെട്ടു വീണു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ തീ ആളിക്കത്തുകയാണ്.’’– സ്ത്രീ വ്യക്തമാക്കി. 

പലയിടങ്ങളിൽ നിന്നാണ് മൂന്നു ദിവസത്തെ  പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാനായി കളമശേരിയിൽ ആളുകൾ എത്തിയത്. ഇന്ന് രാവിലെ 9.20 ഓടെ പത്തുബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി നിരവധി വിശ്വാസികൾ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലേക്ക് എത്തിയിരുന്നു. 2500ൽ അധികം പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തെ തുടർന്ന് സാമ്ര കൺവൻഷൻ സെന്റർ പൂർണമായി സീൽ ചെയ്തിരിക്കുകയാണ്. 

‘‘ദൈവത്തെ അനുസരിച്ചു ജീവിക്കുന്നവരാണ് യഹോവ സാക്ഷികൾ. ആരെങ്കിലും അടിച്ചാൽ പോലും തിരിച്ചടിക്കാറില്ല. കണ്‍വൻഷന്റെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. പ്രാർഥനയുടെ അവസാനം ഒരു ഗീതമുണ്ട്. പ്രാർഥനയുടെ സമയത്ത് എല്ലാവരും കണ്ണടച്ചു നിൽക്കും. ഒരാൾ പ്രാർഥിക്കും. അതാണ് രീതി. പ്രാർഥന തുടങ്ങി ഏതാനും സെക്കന്റുകൾക്കകമാണ് സ്ഫോടനമുണ്ടായത്. ഹാളിന്റെ മധ്യഭാഗത്തായാണു സ്ഫോടനം ഉണ്ടായത്. കരിമരുന്നിന്റെ മണം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി.’’– സംഭവത്തിനു ദൃക്സാക്ഷിയായ വ്യക്തി പറയുന്നു. വളരെ നിഷ്കളങ്കരായ സമൂഹമാണിത്. അവർക്കെതിരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ന് രാവിലെ ഒൻപതരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

English Summary:

Reaction On Kalamassery Blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com