2022ൽ ഇന്ത്യയിൽ 4.61 ലക്ഷം റോഡ് അപകടങ്ങൾ, മരിച്ചത് 1.68 ലക്ഷം പേർ; കൂടുതൽ മരണം ദേശീയപാതകളിൽ
Mail This Article
ന്യൂഡൽഹി ∙ 2022ൽ രാജ്യത്തു നടന്ന 4.61 ലക്ഷം റോഡ് അപകടങ്ങളിലായി 1.68 ലക്ഷം പേർ കൊല്ലപ്പെട്ടതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ റിപ്പോർട്ട്. അപകടങ്ങൾ മുൻ വർഷത്തേക്കാൾ 11.9 ശതമാനവും മരണം 9.4 ശതമാനവും പരുക്കേറ്റവരുടെ എണ്ണം 15.3 ശതമാനവും വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
2022ൽ രാജ്യത്തു റിപ്പോര്‍ട്ടു ചെയ്ത 4,61,312 അപകടങ്ങളിൽ 1,51,997 അപകടങ്ങളും (32.9 ശതമാനം) നടന്നത് ദേശീയപാതകളിലാണ്. 1,06,682 അപകടങ്ങൾ (23.1 ശതമാനം) സംസ്ഥാന പാതകളിലും ബാക്കിയുള്ള 2,02,663 അപകടങ്ങൾ (43.9 ശതമാനം) മറ്റു റോഡുകളിലും സംഭവിച്ചു. ആകെ 1,68,491 പേർ കൊല്ലപ്പെട്ടതിൽ 61,038 (36.2 ശതമാനം) പേർക്ക് ജീവൻ നഷ്ടമായത് ദേശീയപാതകളിലാണ്. 4,43,366 പേർക്കാണ് അപകടങ്ങളിൽ പരുക്കേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഏഷ്യാ പസിഫിക് റോഡ് ആക്സിഡന്റ് ഡേറ്റയുടെ അടിസ്ഥാനത്തിൽ യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് റിപ്പോർട്ട് പുറത്തിറക്കുന്നത്.