‘ജനങ്ങളെ സേവിക്കുന്ന സൈനികൻ, 2026ൽ കപ്പ് മുഖ്യം ബിഗിലേ’: രാഷ്ട്രീയ സൂചനയുമായി വിജയ്
Mail This Article
ചെന്നൈ ∙ രാഷ്ട്രീയ അരങ്ങേറ്റ സൂചന ശക്തമാക്കി നടൻ വിജയ്. അടുത്തിടെ പുറത്തിറങ്ങിയ ലിയോ സിനിമയുടെ വിജയാഘോഷ വേദിയിലെ നടന്റെ പ്രസംഗമാണ് തമിഴക രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്. ഭാവിയിലെ രാഷട്രീയ വിജയങ്ങളെ കുറിച്ചുള്ള സൂചനകൾ അടങ്ങിയ പ്രസംഗത്തിനൊടുവിൽ 2026 ൽ കിരീടം നേടുമെന്ന് സിനിമാ സംഭാഷണ മാതൃകയിൽ വിജയ് വ്യക്തമാക്കി.
ബിഗിൽ സിനിമയിലെ സംഭാഷണത്തെ അനുസ്മരിപ്പിച്ച് ‘2026ൽ കപ്പ് മുഖ്യം ബിഗിലേ’ എന്നാണ് വിജയ് പറഞ്ഞത്. 2026 ലാണ് തമിഴ്നാട്ടിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നടൻ ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടൻ അർജുൻ വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു. എളുപ്പമുള്ള ലക്ഷ്യങ്ങൾ നേടുന്നത് വിജയമായി കണക്കാക്കാനാവില്ലെന്നും വലിയ വിജയങ്ങൾ ലക്ഷ്യമിടണമെന്നും വിജയ് പറഞ്ഞു.
‘എല്ലാവർക്കും ഇവിടെ ഇടമുണ്ട്. തമിഴ് സിനിമ സമ്മാനിച്ച താരങ്ങളിൽ ‘ഒരേയൊരു പുരട്ചി തലൈവർ (എംജിആർ) മാത്രമേയുള്ളൂ, ഒരേയൊരു നടികർ തിലകം (ശിവാജി ഗണേശൻ), ഒരേയൊരു ക്യാപ്റ്റൻ (വിജയകാന്ത്), ഒരേയൊരു ഉലകനായകൻ (കമൽഹാസൻ), ഒരേയൊരു സൂപ്പർസ്റ്റാർ (രജനീകാന്ത്), ഒരേയൊരു തല (അജിത് കുമാർ). രാജാക്കന്മാരിൽനിന്ന് ഉത്തരവുകൾ സ്വീകരിക്കുന്ന സൈനികനാണു ദളപതി. ജനങ്ങളാണ് എന്റെ രാജാക്കന്മാർ, അവരെ സേവിക്കുന്ന ദളപതിയാണു ഞാൻ’ – വിജയ് പറഞ്ഞു.