ADVERTISEMENT

തിരുവനന്തപുരം ∙ ‘കേരളീയം’ വേദിയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്നു റസൂൽ പൂക്കുട്ടി. കേരളത്തിന്റെ മികച്ച നേട്ടങ്ങളെയും നാടിന്റെ യശസ്സ് ഉയർത്തിയവരെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ‘കേരളീയ’ത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെയും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിനെയും മറ്റും ഉൾപ്പെടുത്താത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വന്ന പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

‘‘കേരളീയം പരിപാടിയിലേക്ക് ഔപചാരികമായി ആരും ക്ഷണിച്ചിട്ടില്ല. ‘കേരളീയം’ എന്ന പേരിൽ പരിപാടി നടക്കുന്നതിനു മുന്നോടിയായി ലോകകേരള സഭയുടെ ഗ്രൂപ്പിൽ വിഡിയോ കോൺഫറൻസ് നടന്നിരുന്നു. സംവിധാനം ചെയ്ത ‘ഒറ്റ’ എന്ന സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട ജോലികളിൽ ആയതുകൊണ്ട് അതിൽ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു മന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ പരിപാടിയുടെ കാര്യം സംസാരിച്ചിരുന്നു. മുംബൈയിൽ ആകുമെന്നു കരുതിയാണ് ക്ഷണിക്കാതിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ക്ഷണിച്ചാൽ മുംബൈയിൽ ആണെങ്കിലും പങ്കെടുക്കാൻ എത്താമല്ലോ. കമൽഹാസൻ ചെന്നൈയിൽ നിന്നല്ലേ വന്നത്’’– റസൂൽ പൂക്കുട്ടി ചോദിച്ചു. 

അതേസമയം, പിആർഡിയിൽ നിന്നു ബന്ധപ്പെട്ട് കേരളീയത്തിന് ആശംസ നേർന്ന് ഒരു വിഡിയോ സന്ദേശം തയാറാക്കാൻ സമയം ആവശ്യപ്പെട്ടിരുന്നു. അവർ അത് കൊച്ചിയിലെത്തിയാണ് ഷൂട്ട് ചെയ്തത്. ആ ആവശ്യത്തിലേക്കു വേണ്ടി ഞാൻ എവിടെയുണ്ടെന്ന് അവർ കണ്ടെത്തി. മറ്റു ചില ബോളിവുഡ് താരങ്ങളുമായി ബന്ധപ്പെടുത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഈ വിഷയത്തിൽ പരാതിയില്ലെന്നും റസൂൽ പൂക്കുട്ടി ‘മനോരമ’യോട് പറഞ്ഞു. ഐഎസ്ആർഒ ചെയർമാൻ സോമനാഥ് ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആശംസാ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചിരുന്നു. 

English Summary:

Resul pookutty is unhappy for not being invited to Keraleeyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com