നവകേരള സദസ്സിനു മുൻപ് മന്ത്രിസഭാ പുനഃസംഘടന വേണം: എൽഡിഎഫിന് കത്തുനൽകി കേരള കോൺഗ്രസ് (ബി)
Mail This Article
തിരുവനന്തപുരം∙ മന്ത്രിസഭാ പുനഃസംഘടന വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) ഇടതു മുന്നണി നേതൃത്വത്തിനു കത്തു നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന മണ്ഡല പര്യടനമായ നവകേരള സദസ്സിനു മുൻപു പുനഃസംഘടന വേണമെന്നാണ് ആവശ്യം.
നവംബർ 20ന് സർക്കാർ രണ്ടര വർഷം പിന്നിടും. അതിനു മുൻപായി തീരുമാനം ഉണ്ടാകണമെന്നാണ് പാർട്ടിയുടെ ആവശ്യം. മണ്ഡല പര്യടനത്തിനുശേഷം മതി പുനഃസംഘടനയെന്നാണ് സിപിഎം തീരുമാനം. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡല പര്യടനം. സിപിഎം തീരുമാനം അനുസരിച്ചാണെങ്കിൽ ജനുവരി ആദ്യമേ പുനഃസംഘടന നടക്കൂ. കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ കാത്തിരിപ്പു നീളും.
ആദ്യ രണ്ടര വര്‍ഷം അഹമ്മദ് ദേവർകോവിലിനും ആന്റണി രാജുവിനും പിന്നീടുള്ള രണ്ടര വർഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും നൽകാനായിരുന്നു തീരുമാനം. കേരള കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്തു നൽകിയത്. സമയപരിധി അവസാനിക്കുന്നതിനാൽ അക്കാര്യം ഓർമിപ്പിക്കാനാണ് കത്തു നൽകിയതെന്ന് നേതൃത്വം പറയുന്നു.
മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് കേരള കോൺഗ്രസ് (ബി) പ്രതിനിധി കെ.ജി.പ്രേംജിത്തിനെ മാറ്റിയിരുന്നു. പകരം എം.രാജഗോപാലൻ നായരെ നിയമിച്ചെങ്കിലും പാർട്ടിയുടെ പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് മരവിപ്പിച്ചു. വീണ്ടും നിയമനം നൽകി ഉത്തരവിറങ്ങിയിട്ടില്ല. ഇതിലും പാർട്ടിക്ക് പ്രതിഷേധമുണ്ട്. 10ന് ഇടതു മുന്നണി യോഗം ചേരുന്നുണ്ട്. മന്ത്രിസഭാ പുനഃസംഘടനയും മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനവും ചർച്ചയാകും.