‘ഇഷ്ടം പോലെ ഫണ്ട് പിരിച്ചുവച്ചിട്ടില്ലേ, അഴിമതിപ്പണവും കയ്യിലില്ലേ? നവകേരള സദസ്സിന് ആ പണം മുടക്കൂ’
Mail This Article
തിരുവനന്തപുരം∙ കേരളീയത്തിനു ശേഷമുള്ള രണ്ടാമത്തെ വൻ അഴിമതിയാണ് നവകേരള സദസ് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട രണ്ടാമത്തെ ഗഡു നൽകാതെ, നവകേരള സദസ്സിനായി പണം മുടക്കാൻ അവരോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് സതീശൻ വിമർശിച്ചു. തിരഞ്ഞെടുപ്പു സംവിധാനത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്. സർക്കാരിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കേണ്ടത് പഞ്ചായത്തിന്റെ പണം കൊണ്ടല്ല. ഇഷ്ടം പോലെ ഫണ്ട് പിരിച്ചു വച്ചിട്ടില്ലേ എന്നു ചോദിച്ച പ്രതിപക്ഷ നേതാവ്, ആ പണവും കയ്യിലുള്ള അഴിമതിപ്പണവും സർക്കാർ നേട്ടം ജനങ്ങളിലെത്തിക്കാൻ ചെലവഴിക്കാനും ആവശ്യപ്പെട്ടു.
‘‘എന്തൊക്കെയാണ് ഈ സർക്കാർ ചെയ്യുന്നത്. നവകേരള സദസ് നടത്താൻ പണം നൽകാൻ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തോടും സഹകരണ ബാങ്കുകളോടും പണം മുടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ലോക്കൽ ബോഡികളുടെ രണ്ടാമത്തെ ഗഡു ഓഗസ്റ്റിൽ കൊടുക്കേണ്ടതാണ്. മൂന്നു മാസമായിട്ടും കൊടുത്തിട്ടില്ല. 3000 കോടി രൂപയാണ് രണ്ടാം ഗഡുവായി നൽകേണ്ടത്. അതു കൊടുക്കാത്ത സർക്കാർ നവകേരള സദസ് സംഘടിപ്പിക്കാൻ ലോക്കൽ ബോഡികളോടു പണം നൽകാൻ നിർദ്ദേശിക്കുകയാണ്. അതും അവരുടെ സ്വന്തം ഫണ്ടിൽനിന്ന്. സഹകരണ ബാങ്കുകൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ സർക്കാർ ചെറുവിരൽ അനക്കുന്നില്ല. വലിയ പ്രതിസന്ധിയാണ് അവർ നേരിടുന്നത്. എന്നിട്ടും ഈ പരിപാടിക്ക് പണം കൊടുക്കാൻ ആവശ്യപ്പെടുകയാണ്.
‘‘തിരഞ്ഞെടുപ്പു സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ് സിപിഎം. ബൂത്തുതല ഓഫിസർമാരോട് യോഗം വിളിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ഓഫിസർമാരെ സർക്കാർ നിയമിക്കുന്നതല്ല. അതു തിരഞ്ഞെടുപ്പു കമ്മിഷൻ വയ്ക്കുന്നതാണ്. അവരുടെ ഉത്തരവാദിത്തം വേറെയാണ്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നത് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പു സംബന്ധമായ ജോലികൾ മാത്രം ചെയ്യേണ്ട ബൂത്തതല ഓഫിസർമാരെ ദുരുപയോഗം ചെയ്യുന്നത് തെറ്റാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും.
‘‘സർക്കാരിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുന്നത് പഞ്ചായത്തിന്റെ പണം കൊണ്ടാണോ? നമ്മൾ നികുതിയടയ്ക്കുന്ന പണമാണ് പഞ്ചായത്തിലുള്ളത്. സഹകരണ ബാങ്കുകളിൽ ആളുകൾ നിക്ഷേപിച്ച പണമാണുള്ളത്. അത് എടുത്തിട്ടാണോ സർക്കാർ നേട്ടം ജനങ്ങളിൽ എത്തിക്കുന്നത്? ഇഷ്ടം പോലെ ഫണ്ട് പിരിച്ചുവച്ചിട്ടില്ലേ? ആ പണം സിപിഎം തന്നത്താൻ മുടക്കട്ടെ. ഒരുപാട് അഴിമതിപ്പണം കയ്യിലുണ്ടല്ലോ. അതു ചെലവാക്കിയല്ലേ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്?
‘‘പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പണമെടുത്ത് നവകേരള സദസ് നടത്തുന്നത്, കേരളീയം കഴിഞ്ഞുള്ള രണ്ടാമത്തെ ധൂർത്താണ്. തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടി നടത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. അതിന്റെ പണം കൊടുത്തു തീർത്തിട്ടില്ല. എന്നിട്ട് ഈ തുലാമാസക്കാലത്ത്, പിണറായി വിജയനല്ലാതെ ആരെങ്കിലും കേരളീയം പോലൊരു ധൂർത്ത് നടത്തുമോ?’’ – സതീശൻ ചോദിച്ചു.