ADVERTISEMENT

തിരുവനന്തപുരം∙ മുസ്‍ലിം ലീഗ് യുഡിഎഫ് വിട്ടുപോകുമെന്ന് ഒരു ഘട്ടത്തിലും വിശ്വസിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുസ്‍ലിം ലീഗിനെ ക്ഷണിച്ച ആളുകളുടെ തലയ്ക്കു സുഖമില്ലാത്തതു കൊണ്ടാണ് ക്ഷണിച്ചതെന്ന് സുധാകരൻ പരിഹസിച്ചു. സംസ്ഥാനത്ത് ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‍ലിം ലീഗ് തയാറാകില്ലെന്ന് ഉറപ്പാണെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം വിവാദങ്ങൾക്കൊടുവിൽ മുസ്‍ലിം ലീഗ് നിരസിച്ച സാഹചര്യത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

‘മുസ്‍ലിം ലീഗ് പോകുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഈ ക്ഷണിച്ച ആളുകൾക്ക് തലയ്ക്കു സുഖമില്ലാത്തതുകൊണ്ടാ മുസ്‍ലിം ലീഗിനെ ക്ഷണിച്ചത്. യുഡിഎഫിൽ എത്ര വർഷത്തെ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്‍ലിം ലീഗ്. അവർ ഞങ്ങളെ വിട്ടു പോകുമോ? സംസ്ഥാനത്ത് ഇത്രയും കിരാതമായ ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ ഒന്നിച്ചു പോകാൻ മുസ്‍ലിം ലീഗ് തയാറാകുമോ? ഇല്ലെന്നു ഞങ്ങൾക്ക് അറിയാം. മുസ്‍ലിം ലീഗിന്റെ ആത്മാർഥതയെ ബഹുമാനിക്കുന്നവരാണ്, ആദരിക്കുന്നവരാണ്, ഉൾക്കൊള്ളുന്നവരാണ് ഞങ്ങൾ. അത് യുഡിഎഫ് ഉള്ള കാലം വരെ നിലനിൽക്കും.’ – സുധാകരൻ പറഞ്ഞു.

മാധ്യമങ്ങളെ കാണാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി ആദ്യം എതിർപ്പ് അറിയിച്ച ശേഷമാണ്, അദ്ദേഹം ലഘു പ്രതികരണത്തിന് തയാറായത്. ‘മാധ്യമങ്ങളെ കാണാൻ എനിക്കു താൽപര്യമില്ല. എന്തു പറഞ്ഞാലും അതു വളച്ചൊടിക്കുന്ന മാധ്യമപ്രവർത്തനത്തോട് എനിക്ക് വിയോജിപ്പുണ്ട്. കടുത്ത പ്രതിഷേധവുമുണ്ട്. ഒന്നും പ്രതികരിക്കില്ല ഞാൻ. നിങ്ങൾക്കു സലാം.’ – ഇതായിരുന്നു സുധാകരന്റെ വാക്കുകൾ.

English Summary:

Sudhakaran exposes hidden motives behind the Muslim League invitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com