സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല
Mail This Article
കോഴിക്കോട്∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തിൽ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടൻ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തു.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോഴിക്കോട്ട് നടക്കുന്ന മുതിർന്ന നേതാക്കളുടെ കൂടിയാലോചനയിൽ തീരുമാനമെടുക്കുമെന്നുമായിരുന്നു സലാം പറഞ്ഞത്.
സിപിഎം റാലിയിൽ പങ്കെടുക്കാനുള്ള താൽപര്യം ഇ.ടി.മുഹമ്മദ് ബഷീർ വ്യക്തമാക്കിയതോടെ വെട്ടിലായത് യുഡിഎഫാണ്. മുന്നണിമാറ്റ ചർച്ചകളോ മറ്റു വിഷയങ്ങളോ ഒന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ ഇ.ടി.മുഹമ്മദ് ബഷീറിനെ പോലെ മുതിർന്ന നേതാവ് സിപിഎം വിളിച്ചാൽ പോകുമെന്ന് അങ്ങോട്ടു കയറി പറഞ്ഞതിന്റെ അമ്പരപ്പിലായിരുന്നു കോൺഗ്രസ്. ഈ മാസം 11നു കോഴിക്കോടു നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.