ADVERTISEMENT

കോഴിക്കോട്∙ മുന്നണി കെട്ടുറപ്പ് പരിഗണിച്ചാണ് മുസ്‌ലിം ലീഗ് സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ പോകാതിരുന്നതെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ലീഗുമായി ഞങ്ങൾക്കു നല്ലബന്ധമാണ്. ആ ബന്ധത്തില്‍ വിള്ളലേൽപ്പിക്കാൻ ആരുനോക്കിയാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ലീഗ് ഉറച്ച നയമെടുത്തല്ലോ. കോൺഗ്രസിനെ അവഹേളിച്ചുകൊണ്ടുള്ള ഒരു പരിപാടിക്കും ഞങ്ങളില്ല എന്നവർ വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീൻ വിഷയത്തിൽ തർക്കത്തിനു പ്രസക്തിയില്ലല്ലോ. കോൺഗ്രസിന്റെ ദേശീയ നേതൃത്വം ആദ്യം തന്നെ തീരുമാനം എടുത്തിട്ടുണ്ട്. ലീഗ് റാലിയും നടത്തി. പലസ്തീനെ സിപിഎം കൂട്ടുപിടിക്കുന്നത്, പലസ്തീൻ ജനതയോട് ഇഷ്ടമുണ്ടായിട്ടല്ല. ഇവിടത്തെ കുഴപ്പങ്ങൾ മറച്ചുപിടിക്കാൻ വേണ്ടിയിട്ടാണ്. 

വൈദ്യുതിയുടെ സബ്സിഡി പോലും നിർത്താൻ പോകുന്നു. കേരളീയത്തിനും അതുതന്നെയാണല്ലോ നടക്കുന്നത്. ചെന്നിരിക്കുന്നവർക്കെല്ലാം ബിസ്കറ്റും ചായയും. റേഷൻ കടയിൽ റേഷൻ കിട്ടാനില്ല. സ്പ്ലൈയ്‌ക്കോയിൽ സാധനങ്ങളുമില്ല. സിപിഎം സംസ്ഥാന സമിതി പറഞ്ഞത് കേരളീയം ജനങ്ങൾ ഏറ്റെടുത്തുവെന്നാണ്. യേശുദാസിന്റെ ഗാനമേള കേൾക്കാന്‍ പോകുന്നവർ പിണറായിക്ക് വോട്ടുചെയ്യുമോ?. 

കേരളീയം കാണാൻ ജനം പോകുന്നത് പിണറായിയോടുള്ള ഇഷ്ടംകൊണ്ടല്ല. അവരുടെ പ്രയാസങ്ങൾ മറക്കാനാണ്. ലൈറ്റിട്ടാൽ കാശുകൂടുതൽ, വെള്ളം എടുത്താൽ കാശുകൂടുതൽ. അവിടെ ചെന്നാൽ ഒരു ബിസ്കറ്റും ചായയും കിട്ടും. കാണാന്‍ ചെല്ലുന്ന കുട്ടികൾ പറയുന്നത്, മ്യൂസിയം കണ്ടു, മൃഗശാല കണ്ടുവെന്നാണ്. മ്യൂസിയവും മൃഗശാലയും പണ്ടേയില്ലേ. ഞാൻ രണ്ടു ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു. ഈ കാഴ്ചകളൊക്കെ കണ്ടു’– അദ്ദേഹം പറഞ്ഞു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ‘പട്ടി’ പരാമർശം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, വിഷയത്തിൽ അദ്ദേഹം തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. തൽക്കാലം ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മൃഗങ്ങളെ ഒക്കെ വിടുന്നതാണു നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെപിസിസി നോട്ടിസ് അവണിച്ചുള്ള ആര്യാടൻ ഫൗണ്ടേഷന്റെ പലസ്തീൻ ഐക്യദാർഢ്യ സദസ്സു സംബന്ധിച്ച ചോദ്യത്തിന്, അതു നടത്തിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘‘പലസ്തീൻ വിഷയത്തിൽ ഔദ്യോഗികമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു. അങ്ങനെയൊരു പരിപാടി ഔദ്യോഗികമായി നടത്തിയതിനുശേഷം വീണ്ടും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പരിപാടി നടത്തുന്നത് വിഭാഗീയ പ്രവർത്തനമാണ് എന്നാണ് പാർട്ടി കണ്ടെത്തിയത്. 

അതനുസരിച്ചാണ് നിർദേശം നൽകിയത്. അതു ലംഘിച്ചത് ശരിയായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കടുത്ത നടപടിയിലേക്കു പോകില്ലെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ, മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങൾ ഇങ്ങനെ പുറത്തുവരുന്നത് മോശമാണ്. അതാണ് സഖ്യകക്ഷികൾക്ക് ഉൾപ്പെടെ അസ്വസ്ഥതയുണ്ടാക്കുന്നത്. നടപടി പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകും. കടുത്ത നടപടിയിലേക്ക് പോകുന്നത് ഉചിതമല്ല. പാർട്ടി അച്ചടക്കം ലംഘിച്ചതിന് തെറ്റുതിരുത്തിക്കൊണ്ട് ഒരു നിലപാട് ആര്യാടൻ ഷൗക്കത്ത് സ്വീകരിച്ചാൽ, ഇലയ്ക്കും മുള്ളിന്നും കേടില്ലാത്ത രീതിയിൽ പ്രശ്നം പരിഹരിക്കും’’– അദ്ദേഹം വ്യക്തമാക്കി. 

English Summary:

K Muraleedharan on Muslim League and CPM pro-Palestine rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com